മനുഷ്യ മനസ്സുകളില്‍ വര്‍ഗ്ഗീയത കടന്നുകയറുന്നതും കുടിയുറപ്പിക്കുന്നതും ഏതേതു വഴികളിലൂടെയാണ്? ഹിംസാത്മക രൂപമാര്‍ജ്ജിക്കുന്നതിനുള്ള ഊര്‍ജ്ജം അതിനു ലഭിക്കുന്നത് എവിടെ നിന്നുമാണ്? ഇതിനുള്ള ഉത്തരങ്ങള്‍ തേടിയുള്ള അന്വേഷണമാണ് ഈ ആഖ്യാനം.
വര്‍ഗ്ഗീയകലാപങ്ങളെക്കുറിച്ച് നിരവധി പഠനങ്ങളുണ്ടായിട്ടുണ്ട്. സാമൂഹ്യശാസ്ത്രത്തിന്റെ സ്ഥൂല വീക്ഷണങ്ങള്‍ ഇത്തരം ഹിംസാത്മക രാഷ്ട്രീയത്തിന്റെ പൊതുവായ ഉറവിടങ്ങള്‍ നമുക്ക് പറഞ്ഞുതരാറുമുണ്ട്. എന്നാല്‍ സൂക്ഷ്മതലത്തില്‍ വര്‍ഗ്ഗീയതയെ വീക്ഷിക്കുന്ന ആഖ്യാനങ്ങള്‍ കുറവാണ്. രേവതി ലോളിന്റെ അനാട്ടമി ഓഫ് ഹേറ്റ് പ്രസക്തമാകുന്നത് ഇവിടെയാണ്. ഗുജറാത്ത് കലാപത്തെ കേന്ദ്രീകരിച്ച് ഒരു ദശകക്കാലം നടത്തിയ മാധ്യമപ്രവര്‍ത്തനങ്ങളില്‍നിന്നുമുള്ള രേവതി ലോളിന്റെ കണ്ടെത്തലുകള്‍ക്ക് മറ്റൊരു പ്രത്യേകതകൂടിയുണ്ട്. ഇരകളുടെ ദയനീയാവസ്ഥയെ വിശകലനം ചെയ്യുന്ന പതിവ് സമ്പ്രദായങ്ങള്‍ക്കപ്പുറം വേട്ടക്കാരന്റെ മനസിനെ തേടിയുള്ള അന്വേഷണമാണിവിടെ രേവതി നടത്തുന്നത്.