ഒതേനന്റെ കഥ മലയാളിക്ക് ഏറെ പരിചിതമാണ്. വടക്കന്‍ പാട്ടിലൂടെ പ്രചാരത്തില്‍ വന്നതും ജനപ്രിയ മാധ്യമങ്ങളിലൂടെ ഉറപ്പിച്ചെടുത്തതുമാണ് ഒതേനന്റെ പുരാവൃത്തം. പണ്ടു പണ്ടൊരു കാലത്ത് എന്ന് പറഞ്ഞുറപ്പിച്ച പലതും അത്രപണ്ടത്തെ കഥകളല്ല. ഒരു പുരാവൃത്തവും ശൂന്യതയില്‍നിന്നും ഉരുവം കൊണ്ടതുമല്ല. ചരിത്രത്തിന്റെ പൊലിപ്പിച്ചെടുക്കലുകള്‍ ഇത്തരം പുരാവൃത്തങ്ങളില്‍ കാണാം. പുരാവൃത്തങ്ങള്‍ കേവല ചരിത്രാഖ്യാനങ്ങളല്ല. എന്നാല്‍ ചരിത്രാന്വേഷകര്‍ക്കുള്ള ഉപദാനങ്ങള്‍ അതിനുള്ളില്‍ ചിതറിക്കിടപ്പുണ്ടാകും. വടക്കന്‍ പാട്ടിലെ വീരനായകനായ തച്ചോളി ഒതേനന്റെ പുരാവൃത്തം വെളിപ്പെടുത്തുന്ന ആഖ്യായികയാണ് പന്ന്യന്നൂര്‍ ഭാസിയുടെ ഈ പുസ്തകം. പരമ്പരാഗതമായ നോവല്‍ സങ്കല്പത്തോട് ഇണങ്ങണമെന്നില്ല ഈ കൃതി. എന്നാല്‍ അത്യന്തം ഉദ്വേഗജനകമായും ചരിത്രവസ്തുതകളുടെ പിന്‍ബലത്തിലും ഒതേനകഥ പുനരാവിഷ്‌കരിക്കുകയാണീ കൃതിയില്‍.