മാനവ യുവ സാഹിത്യ പുരസ്കാരത്തിന് അർഹമായ കൃതി കഥയുടെ പരമ്പരാഗത രീതികളെ അപനിര്‍മ്മിക്കുകയാണ് കെ എസ് രതീഷ്. മുഖ്യധാരാ വ്യവഹാരങ്ങളില്‍ ഇടം കിട്ടാതെപോയ മൊഴിവഴക്കങ്ങളെ കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിക്കുക എന്ന ദൗത്യം കൂടി ഈ സമാഹാരത്തിലെ കഥകള്‍ നിര്‍വ്വഹിക്കുന്നു.
കെ എസ് രതീഷിന്റെ പന്ത്രണ്ട് കഥകളിലും ജന്തുവാസനകളുടെ ജീവിതമാണ് മുറ്റിനില്ക്കുന്നതെന്ന് കാണാം, രതീഷിന്റെ കഥകളില്‍ കാട്ടില്‍ വസിച്ച മനുഷ്യര്‍ നാട്ടിലേക്ക് കുടിയൊഴിഞ്ഞു പോകാന്‍ മടിക്കുകയോ കാട്ടില്‍നിന്ന് ഇടയ്ക്ക് തലനീട്ടി നോക്കുകയോ ചെയ്യുന്നു. നഗരത്തേക്കാള്‍ ഗ്രാമവും ഗ്രാമീണനൈതികതയും ഹിംസയും വാമൊഴികളും ഒരു വേട്ടക്കാരനെപ്പോലെ ഈ കഥകളില്‍ നിറഞ്ഞുനില്ക്കുന്നു. ഐറണിയെന്നോ ആക്ഷേപഹാസ്യമെന്നോ വിളിക്കാനാകാത്ത രോഷത്തില്‍ ഒളിപ്പിച്ച ഹാസ്യം പല കഥകളുടെയും പ്രത്യേകതയാണ്. പ്രാകൃത ഹിംസകളുടെ ഒളിയിടങ്ങള്‍ കഥകളുടെ ഭാഷയില്‍ ഒളിച്ചു നില്ക്കുന്നത് എന്തുകൊണ്ട് എന്ന് ഇതെഴുതുന്ന ആളിനറിയില്ല. കഥകളുടെ മടക്കുകളിലും ഈ ഹിംസയുടെ ഇരുട്ട് കാണാം. അത് ചിലപ്പോള്‍ കഥാപാത്രങ്ങളുടെ അരക്ഷിത ബോധത്തിന്റെ മറവിലും ഉന്മാദത്തിന്റെ മറവിലും പ്രത്യക്ഷപ്പെടുന്നു. ഗൂഢഫലിതങ്ങള്‍ വാക്കുകളുടെ കമ്പിവേലിച്ചുറ്റില്‍ മുറിയുന്നു. ദേശം അതിന്റെ ഭാഷ ഇവയിലാണ് ഇവയൊക്കെ പാര്‍ക്കുന്നത്. ആണ്‍ പെണ്‍ ബന്ധത്തിലുണ്ടാകുന്ന ഹിംസയുടെ കഥയുടലുകള്‍ പലപാട് പ്രത്യക്ഷപ്പെടുന്നു.