''നോമ്പുമാസം ഏതാണ്ട് പകുതി കഴിയാറാവുമ്പോള്‍ തറവാട്ടില്‍ പണ്ട് ഒരു ആലിഹാജി വരുമായിരുന്നു. കോട്ടും തുര്‍ക്കിത്തൊപ്പിയും വെള്ളത്തുണിയും കാലില്‍ ഷൂസുമൊക്കെയായി പത്രാസില്‍, അസാരം ഒച്ചപ്പാടോടെ അദ്ദേഹം കയറിവരുന്നു. ഉമ്മാമ അദ്ദേഹത്തെ നടുവകത്തെ പത്തായപ്പുറത്ത് കയറ്റിയിരുത്തും. നോമ്പുകാലമായതിനാല്‍ ഒന്നും സല്ക്കരിക്കേണ്ട കാര്യമില്ല.
മഗ്രിബ് നമസ്‌കാരം കഴിഞ്ഞ് നോമ്പുതുറന്ന് ചായ പലഹാരാദികള്‍ കഴിച്ചുപോയാല്‍ മതിയെന്ന് അദ്ദേഹത്തോടാരും പറയുന്നത് കേട്ടുമില്ല. പടിപ്പുരയ്ക്കല്‍ തുര്‍ക്കിത്തൊപ്പി പ്രത്യക്ഷപ്പെട്ടാല്‍, ഷൂസിന്റെ കരച്ചില്‍ കേട്ടാല്‍, ഉമ്മറക്കോലായില്‍ ചാരുകസേലയില്‍ ഇരിക്കുന്ന കാരണവരോടദ്ദേഹം ഉറക്കെ കുശലം പറയുന്നത് കേട്ടാല്‍, ഞങ്ങള്‍ കുട്ടികള്‍ ഒത്തുകൂടും. നടുവകത്തെ പത്തായപ്പുറത്ത് അദ്ദേഹം ഇരിക്കുന്നതുവരെ ചുറ്റും ഓടിക്കൂടും. ഞാനൊഴിച്ചുള്ള കുട്ടികള്‍; അയാള്‍ കേള്‍ക്കാതെയും അയല്‍പക്കത്തെ ആള്‍ക്കാര്‍ മുഴുക്കെ കേള്‍ക്കെയും ഉറക്കെ പറയാറുണ്ട്. ''ആലിഹാജി എത്തിപ്പോയി, നോമ്പിന്ന് പടക്കം വാങ്ങാനുള്ള പൈസേം സഞ്ചീലാക്കി ആലിഹാജി എത്തീക്കി-കുട്ട്യോളെ പാഞ്ഞ് വന്നോളീന്‍. പടക്ക പൈസ വാങ്ങിക്കോളീന്‍-''
താല്പര്യപൂര്‍വ്വം മറ്റു കുട്ടികള്‍ക്കൊപ്പം ഞാനും നടുവകത്തെ പത്തായത്തിന്നരികെ ചെന്നു നില്ക്കാറുണ്ട്.''
കഥകളിലൂടെയും നോവലുകളിലൂടെയും വായനക്കാരെ ആകര്‍ഷിച്ച പ്രിയ എഴുത്തുകാരന്‍ യു എ ഖാദറിന്റെ കുറിപ്പുകള്‍. കഥയെന്നോ ലേഖനമെന്നോ കഥാലേഖനങ്ങള്‍ എന്നോ കൃത്യതയില്‍ തീര്‍പ്പുകല്പിക്കാന്‍ കഴിയാത്ത, രചനകളുടെ സമാഹാരം. അതിലളിതമായ ഭാഷയിലൂടെ ഒരു ദേശത്തിന്റെ സംസ്‌കാരത്തെയാണ് എഴുത്തുകാരന്‍ അടയാളപ്പെടുത്തുന്നത്.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക