ചരിത്രത്തെ വളച്ചൊടിക്കാനും സ്വന്തമാക്കാനും നടക്കുന്ന ഈ ശ്രമങ്ങളില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവും അതിലെ പങ്കാളിത്തവും വലിയ ഒരു വിഷയമാണ്. സുഭാഷ് ചന്ദ്രബോസിന്റെ ജീവിതം പുനര്‍വായിക്കപ്പെടേണ്ടതിന്റെ ആവശ്യകത ഇവിടെയാണ്.
പാഠപുസ്തകത്താളുകളിലെ നിരുപദ്രവമായ കേവല വിവരണങ്ങള്‍ മാത്രമല്ല ചരിത്രം എന്ന് സമകാലിക ഇന്ത്യ നമ്മോട് പറയുന്നുണ്ട്. സങ്കുചിത പ്രത്യയശാസ്ത്രങ്ങള്‍ നമ്മില്‍ അടിച്ചേല്പിക്കാന്‍ ചരിത്രം മുഖ്യ ആയുധമാകുന്നത് നാമിന്നു വ്യാപകമായി കാണുന്നു. ചരിത്രത്തെ വളച്ചൊടിക്കാനും സ്വന്തമാക്കാനും നടക്കുന്ന ഈ ശ്രമങ്ങളില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവും അതിലെ പങ്കാളിത്തവും വലിയ ഒരു വിഷയമാണ്. സുഭാഷ് ചന്ദ്രബോസിന്റെ ജീവിതം പുനര്‍വായിക്കപ്പെടേണ്ടതിന്റെ ആവശ്യകത ഇവിടെയാണ്.
ഗാന്ധിക്കും നെഹ്രുവിനുമൊപ്പം തലയെടുപ്പും ജനകീയതയുമുള്ള നേതാവായിരുന്നു നേതാജി എന്ന് വിളിക്കപ്പെട്ടിരുന്ന സുഭാഷ് ചന്ദ്ര ബോസ്. ഗാന്ധിയുടെ എതിര്‍ ചേരിയില്‍നിന്ന് പോലും കോണ്‍ഗ്രസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടയാള്‍. കോണ്‍ഗ്രസിന്റെ ഒത്തുതീര്‍പ്പ് സമരത്തിന് കുട പിടിക്കാന്‍ തയ്യാറാകാതെ ഒടുവില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തോട് ആയുധമെടുത്തു പോരാടാന്‍ അദ്ദേഹം തുനിഞ്ഞു. അതിനുവേണ്ടി നടത്തിയ കൂട്ടുകെട്ടുകള്‍ ഇടതുപക്ഷ ചേരിയില്‍നിന്നും അദ്ദേഹത്തെ തല്ക്കാലത്തേക്കെങ്കിലും അകറ്റിയിരുന്നു. അകാലമൃത്യുവോടെ അദ്ദേഹത്തിന്റെ പൂര്‍വ്വകാല ചരിത്രം, എഴുത്തുകള്‍ ഇവയൊക്കെ വേണ്ട വിധത്തില്‍ ശ്രദ്ധിക്കപ്പെടാതെ പോവുകയും ചെയ്തു. അതിന്റെയൊരു വീണ്ടെടുപ്പാണ് ഈ പുസ്തകം. ഇന്ത്യന്‍ ദേശീയപ്രസ്ഥാനം എത്ര വൈവിധ്യങ്ങള്‍ നിറഞ്ഞതായിരുന്നു എന്ന് അടിവരയിടുന്നവ കൂടിയാണ് ഈ സമാഹാരത്തിലെ ഉള്ളടക്കം.