കയ്യൂര്‍ സമരസഖാക്കളുടെ ജീവിതം കുറിച്ചിട്ട ചിരസ്മരണ എന്ന നോവലിലൂടെ മലയാള വായനക്കാര്‍ക്ക് സുപരിചിതനായ കന്നട നോവലിസ്റ്റാണ് നിരഞ്ജന. ജീവിതത്തിന്റെ സൂക്ഷ്മഭാവങ്ങള്‍ ചിത്രീകരിക്കുന്നതില്‍ നിരഞ്ജനയ്ക്കുള്ള കഴിവ് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്.
നാലായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ്, അതായത് ക്രിസ്തുവിനും 2000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഈജിപ്തിലെ മനുഷ്യജീവിതവും പോരാട്ടങ്ങളും ഇതിവൃത്തമായുള്ള നോവലാണ് മൃത്യുഞ്ജയന്‍. സ്പാര്‍ട്ടക്കസിന്റെ നേതൃത്വത്തില്‍ നടന്ന അടിമകലാപങ്ങള്‍ക്കും മുമ്പാണ് കഥാകാലം. ബൈബിള്‍ പഴയനിയമത്തില്‍ കാണുന്ന ഫറോവമാരുടെ അടിമത്തത്തില്‍നിന്നും മോചനത്തിനായി നീരാന എന്ന ഈജിപ്ത് പ്രവിശ്യയിലെ ജനങ്ങള്‍ 'മനെപ്പടാ' എന്ന നേതാവിന്റെ ഉജ്ജ്വല നേതൃത്വത്തില്‍ നടത്തുന്ന കലാപത്തിന്റെ കഥയാണ് അനാവരണം ചെയ്യപ്പെടുന്നത്. നിരഞ്ജനയെന്ന നോവലിസ്റ്റിന്റെ അതുല്യമായ രചനയെന്നു വിശേഷിപ്പിക്കപ്പെടുന്ന മൃത്യുഞ്ജയന്റെ ചിന്ത പതിപ്പ് വായനക്കാര്‍ സസന്തോഷം സ്വീകരിക്കുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്.