Skip to main content
Submitted by admin on Mon, 12/03/2018 - 15:40

ഭിന്നവര്‍ഗ്ഗ ലൈംഗികതയുടെ വ്യവസ്ഥാപിത സ്ഥാപനങ്ങള്‍ക്കു പുറത്തുനില്ക്കുന്ന ലൈംഗിക/ജന്റര്‍ ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയത്തെ സമഗ്രതയില്‍ അടയാളപ്പെടുത്തുന്ന പദമാണ് ക്വീയര്‍. എന്തുകൊണ്ടാണ് ക്വീയര്‍ രാഷ്ട്രീയം സൃഷ്ടിക്കപ്പെടുന്നത് അല്ലെങ്കില്‍ എന്തിനാണ് ക്വീയര്‍ ഗ്രൂപ്പുകള്‍ നിര്‍മ്മിക്കപ്പെടുന്നത് എന്ന അന്വേഷണത്തിനുള്ള ഉത്തരം ഭിന്നവര്‍ഗ്ഗ ലൈംഗികതയില്‍ നിന്നും വിഭിന്നരായവരുടെ നിലനില്പിനെയും അതിജീവനത്തിനുവേണ്ടിയാണ്. കേരളീയ പശ്ചാത്തലത്തില്‍ ക്വീയര്‍ പൊളിറ്റിക്‌സ് പ്രസക്തമായ തലത്തില്‍ ഇടപെടലുകള്‍ നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്ന കാഴ്ചയ്ക്കു നമ്മള്‍ സാക്ഷികളാണെങ്കിലും അത്തരമൊരു പൊളിറ്റിക്‌സിനെ അഡ്രസ്സു ചെയ്യുന്ന ഗ്രന്ഥങ്ങള്‍ എഴുതപ്പെട്ടിരുന്നില്ല. അതുകൊണ്ടുതന്നെ ക്വീയര്‍ പൊളിറ്റിക്‌സിന്റെ സൈദ്ധാന്തിക വ്യവഹാരങ്ങള്‍ അക്കാദമിക് മണ്ഡലത്തിലും സാംസ്‌കാരിക മേഖലയിലും നടത്തപ്പെടുകയുണ്ടായില്ല. ഇത്തരമൊരു കുറവിനെ പരിഹരിക്കുന്ന ഗ്രന്ഥങ്ങളാണ് വിമതലൈംഗികത: ചരിത്രം സിദ്ധാന്തം രാഷ്ട്രീയം, ട്രാന്‍സ്ജന്റര്‍: ചരിത്രം സംസ്‌കാരം പ്രതിനിധാനം എന്നിവ. രശ്മി ജി, അനില്‍കുമാര്‍ കെ എസ് എന്നിവര്‍ ചേര്‍ന്നു രചിച്ച ഈ ഗ്രന്ഥങ്ങള്‍ ക്വീയര്‍ പൊളിറ്റിക്‌സിന്റെ വിവിധ തലങ്ങളെ ആധികാരികമായി അവതരിപ്പിക്കുന്ന ഭാഷയില്‍ പ്രഥമ സമഗ്ര പഠനങ്ങളാണ്. പബ്ലിഷറുടെ അവകാശവാദങ്ങള്‍ക്കപ്പുറത്ത് അത്തരമൊരു വാദത്തില്‍ ആത്മാര്‍ത്ഥതയുണ്ടെന്നു ഇരു ഗ്രന്ഥങ്ങളും സാക്ഷ്യപ്പെടുത്തുന്നു.

ഭിന്നവര്‍ഗ്ഗ ലൈംഗികത/സ്വവര്‍ഗ്ഗ ലൈംഗികത

സ്വവര്‍ഗ്ഗ ലൈംഗികതയ്ക്കു വ്യാപകമായ പൊതുസ്വീകാര്യതയും അംഗീകാരവുമുണ്ടായിരുന്ന ഒരു കാലഘട്ടം ഏഷ്യന്‍ സമൂഹത്തിലുണ്ടായിരുന്നു. കോളനി ഭരണകൂടത്തിലൂടെ ഇന്ത്യയെ പിടിച്ചടക്കിയ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ വിക്‌ടോറിയന്‍ മൊറാലിറ്റിയുടെ അടിച്ചേല്പിക്കല്‍ സ്വവര്‍ഗ്ഗ ലൈംഗികതയെ അസ്വാഭാവികമായും പ്രകൃതിവിരുദ്ധമായും മുദ്ര കുത്തുകയും സ്വവര്‍ഗ്ഗരതിക്കാരെ ക്രിമിനല്‍ കുറ്റവാളികളാക്കി മാറ്റുകയും ചെയ്തു. കോളനി ഭരണത്തിന്റെ അസ്ഥികൂടങ്ങളെ ചുമക്കാന്‍ വിധിക്കപ്പെട്ട ഇന്ത്യന്‍ ഭരണകൂടം ലോകരാഷ്ട്രങ്ങളുടെ പുരോഗമനാത്മക നിലപാടുകളോടു മുഖംതിരിച്ചു കൊണ്ട് സ്വവര്‍ഗ്ഗരതിക്കാരെ ക്രിമിനല്‍ കുറ്റവാളികളാക്കിത്തന്നെ പ്രതിഷ്ഠിക്കുന്നു. ഭിന്നവര്‍ഗ്ഗ ലൈംഗികതയുടെ വക്താക്കള്‍ പരിപാലിക്കുന്ന ആശയസംഹിതകളെ, വരേണ്യവാദ മൂല്യങ്ങളെ പിന്തുടരുന്ന ഇന്ത്യന്‍ സമൂഹത്തിന്റെ നിലപാടുകളെ വിമര്‍ശമാത്മകമായി വിലയിരുത്തുകയാണ് വിമതലൈംഗികത, ട്രാന്‍സ്ജന്റര്‍ എന്നീ ഗ്രന്ഥങ്ങള്‍. സ്വവര്‍ഗ്ഗ ലൈംഗികതയുടെ ചരിത്രം, രാഷ്ട്രീയം, മതസ്ഥാപനങ്ങളുടെ, ഭരണകൂടങ്ങളുടെ നിലപാടുകള്‍, പാശ്ചാത്യ സമൂഹത്തിലെ മാറ്റങ്ങള്‍, മത-ചരിത്ര-സാംസ്‌കാരിക ഗ്രന്ഥങ്ങളിലെ 'സ്വവര്‍ഗ്ഗരതി' വിശകലനങ്ങള്‍-തമസ്‌കരണങ്ങള്‍ എന്നിവയെ രാഷ്ട്രീയമായി വിലയിരുത്തുന്ന വിമതലൈംഗികത നരേന്ദ്രമോദി ഗവണ്‍മെന്റില്‍ നിന്നും ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് യാതൊരുവിധ സാദ്ധ്യതകളും അനുവദിച്ചു നല്കപ്പെടില്ല എന്ന യാഥാര്‍ത്ഥ്യത്തെകൂടി ചൂണ്ടിക്കാണിക്കുന്നു.

വിമതലൈംഗിക രാഷ്ട്രീയം

ലൈംഗികതയെ വിമതവല്ക്കരിക്കുന്ന വിഭാഗക്കാര്‍ എന്ന അഭിസംബോധന ചാര്‍ത്തിക്കിട്ടിയ ഗേ/ലെസ്ബിയനുകളാണ് ലൈംഗിക ന്യൂനപക്ഷങ്ങള്‍. പാശ്ചാത്യാധിനിവേശം, മാനസികവിഭ്രാന്തി എന്നീ തലങ്ങളില്‍ സ്വവര്‍ഗ്ഗരതിയെ കാണുന്ന കേരളീയ സമൂഹം അക്കൂട്ടരെ സംഘടിതമായും അല്ലാതെയും ആക്രമിച്ച് ഒതുക്കുവാനുള്ള ശ്രമങ്ങളാണ് പലപ്പോഴും നടക്കാറുള്ളത്. ഹോമോഫോബിയയെന്ന ഇത്തരം ഭയത്തെ ഹിന്ദു ക്രൈസ്തവ മുസ്ലീം മതസ്ഥാപനങ്ങള്‍ ഉല്പാദിപ്പിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും വലിയ പങ്കു വഹിക്കുമ്പോള്‍ സാഹിത്യവും സിനിമയും അടക്കമുള്ള ജനപ്രിയ ജനപ്രിയേതര മാധ്യമങ്ങള്‍ അത്തരം പ്രചാരണത്തിന്റെ തുടര്‍ച്ചകള്‍ സൃഷ്ടിക്കുന്നു. ഹോമോഫോബിക് ആയ ഒരു സമൂഹത്തിന്റെ പൊതുധാരണകളെ അട്ടിമറിക്കുകയെന്ന ലക്ഷ്യം പുലര്‍ത്തുന്ന വിമതലൈംഗികതയെന്ന ഗ്രന്ഥം ഗേ/ലെസ്ബിയനുകളുടെ ചരിത്ര, രാഷ്ട്രീയ, സൈദ്ധാന്തിക തലങ്ങള്‍, ജീവശാസ്ത്രവും മനഃശാസ്ത്രപരവുമായ വിശകലനങ്ങള്‍, ഗേ/ലെസ്ബിയന്‍ ഗ്രൂപ്പുകള്‍/സംഘടനകള്‍, അവയുടെ പ്രവര്‍ത്തനങ്ങള്‍, കലാസാഹിത്യാദി മണ്ഡലങ്ങളിലെ ഗേ/ലെസ്ബിയന്‍ പ്രതിനിധാനങ്ങള്‍ എന്നിവയെല്ലാം സമഗ്രമായി ആവിഷ്‌കരിക്കുന്നു.
വിമതലൈംഗികത ഒരു ഫാഷനോ പാശ്ചാത്യ അധിനിവേശമോ അല്ലായെന്ന യാഥാര്‍ത്ഥ്യത്തെ വിമതലൈംഗികത സ്ഥാപിച്ചെടുക്കുന്നത് ഗേ/ലെസ്ബിയനുകളുടെ അനുഭവാഖ്യാനങ്ങളിലൂടെയാണ് അതിനൊപ്പം സ്വവര്‍ഗ്ഗ ലൈംഗികതയെ കലാസാഹിത്യാദി മണ്ഡലങ്ങളിലവതരിപ്പിച്ച വ്യക്തികളുടെ നിലപാടുകള്‍ കൂടി ആവിഷ്‌കരിച്ചുകൊണ്ട് സംവാദത്തിന്റെ വലിയൊരു മണ്ഡലത്തെ രശ്മിയും അനില്‍കുമാറും കൂടി തുറന്നിടുന്നുണ്ട്. ക്യൂറളയുടെ പ്രവര്‍ത്തകരായ ജിജോ കുര്യാക്കോസ്, ശബരി, കിഷോര്‍കുമാര്‍ എന്നിവരിലൂടെ സ്വവര്‍ഗ്ഗരതിക്കാരുടെ സാംസ്‌കാരിക രാഷ്ട്രീയ പ്രതിസന്ധികളെ വിശകലനം ചെയ്തുകൊണ്ട് അവരുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് വിമതലൈംഗികത ബോദ്ധ്യപ്പെടുത്തുന്നു. സ്ത്രീ - പുരുഷ ബന്ധത്തില്‍ നിന്നും വ്യതിരിക്തമായ സ്വവര്‍ഗ്ഗരതി ബന്ധത്തെ ആഗ്രഹിക്കുന്ന ഗേ/ലെസ്ബിയറുകള്‍ തങ്ങളുടെ പ്രശ്‌നം ലൈംഗികത, അതിന്റെ പൊതുസ്വീകാര്യത - സാമൂഹ്യാംഗീകാരങ്ങള്‍ എന്നിവയാണെന്നു സമര്‍ത്ഥിക്കുന്നു. ലൈംഗിക ന്യൂനപക്ഷങ്ങള്‍ എന്നാല്‍ ട്രാന്‍സ്ജന്ററുകള്‍ അല്ല മറിച്ച് സ്വവര്‍ഗ്ഗരതിക്കാരായ ഗേ/ലെസ്ബിയനുകള്‍ ആണെന്നു വ്യക്തമായി ഇനിയും തിരിച്ചറിയാന്‍ കഴിയാത്ത ഭരണകൂട - മാധ്യമസ്ഥാപനങ്ങളുടെ മുമ്പിലാണ് വിമതലൈംഗികതയുടെ രാഷ്ട്രീയം ഉയര്‍ത്തപ്പെടുന്നത്. അതിന്റെ പ്രതിഫലനങ്ങള്‍ അടുത്ത കാലത്ത് ഉണ്ടാകാതിരിക്കില്ല.

ജന്റര്‍ പൊളിറ്റിക്‌സ്

ലൈംഗികതയില്‍ ന്യൂനപക്ഷമായിപ്പോയവര്‍ ലൈംഗിക ന്യൂനപക്ഷമാകുമ്പോള്‍ ജന്ററില്‍ ന്യൂനപക്ഷമായിപ്പോയവര്‍ ജന്റര്‍ ന്യൂനപക്ഷങ്ങള്‍ എന്ന പേരിലും അറിയപ്പെടുന്നു. സ്ത്രീയുടെയും പുരുഷന്റെയും ശരീരശാസ്ത്രത്തില്‍ നിന്നു വിഭിന്നമായ ട്രാന്‍സ് വിഭാഗങ്ങളാണ് ജന്റര്‍ ന്യൂനപക്ഷങ്ങള്‍ എന്ന ഗ്രൂപ്പിനുള്ളില്‍ വരുന്നത്. ട്രാന്‍സ് വിഭാഗങ്ങളില്‍ ചിലര്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി സ്ത്രീ/പുരുഷന്‍ ആകുമ്പോള്‍ ചിലര്‍ ശസ്ത്രക്രിയ ബോധപൂര്‍വ്വം ഒഴിവാക്കി ട്രാന്‍സ്ജന്റര്‍ ആയും ബൈ സെക്ഷ്വല്‍/ഇന്റര്‍ സെക്ഷ്വല്‍ ആയും നിലനില്ക്കാറുണ്ട്. ഇത്തരം വൈവിദ്ധ്യങ്ങളെ രാഷ്ട്രീയമായി അടയാളപ്പെടുത്തുന്ന ഗ്രന്ഥമാണ് ട്രാന്‍സ്ജന്റര്‍: ചരിത്രം സംസ്‌കാരം പ്രതിനിധാനം.
ട്രാന്‍സ്ജന്റര്‍ സമൂഹങ്ങളുടെ ചരിത്രം രാഷ്ട്രീയം സംസ്‌കാരം ജീവിതാചാരങ്ങള്‍, പ്രതിസന്ധികള്‍, ഭരണകൂട മാധ്യമസ്ഥാപനങ്ങളുടെ നിലപാടുകള്‍, ട്രാന്‍സ്ജന്റര്‍ പോളിസി - സാമൂഹിക മാറ്റങ്ങള്‍ എന്നിവയെ പ്രതിപാദിക്കുന്ന ഗ്രന്ഥം ജന്റര്‍ ന്യൂനപക്ഷങ്ങളുടെ സമഗ്ര ജീവിതത്തിലേയ്ക്കു സഞ്ചരിക്കുന്നുണ്ട്. ട്രാന്‍സ്‌മെന്‍, ട്രാന്‍സ്‌വുമണ്‍, ബൈ സെക്ഷ്വല്‍, ഇന്റര്‍ സെക്ഷ്വല്‍സ് എന്നിങ്ങനെ വൈവിദ്ധ്യങ്ങളിലൂടെ സഞ്ചരിക്കുന്ന ട്രാന്‍സ്ജന്റര്‍ ഗ്രന്ഥം ജന്റര്‍ ന്യൂനപക്ഷങ്ങളെക്കുറിച്ച് എത്രയോ തുച്ഛമായ അറിവാണ് കേരളീയ സമൂഹത്തിനുണ്ടായിരുന്നതെന്ന് തെളിയിക്കുന്നു.
ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് ലൈംഗികതയാണ് പ്രശ്‌ന മേഖലയായി നില്ക്കുന്നതെങ്കില്‍ ജന്റര്‍ ന്യൂനപക്ഷങ്ങള്‍ക്ക് ജന്റര്‍ - സാമൂഹ്യപദവി എന്നിവയാണ് പ്രശ്‌നമായി നില്ക്കുന്നത്. ചരിത്രത്തിലാദ്യമായി ട്രാന്‍സ്ജന്റര്‍ പോളിസി കേരള ഗവണ്‍മെന്റ് നടപ്പിലാക്കിയെങ്കിലും പ്രത്യേകിച്ച് മാറ്റങ്ങള്‍ ഒന്നും ഉണ്ടായില്ലെന്ന വസ്തുതയെ ജന്റര്‍ ന്യൂനപക്ഷത്തിന്റെ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഭരണകൂട സ്ഥാപനങ്ങളുടെ, മതസ്ഥാപനങ്ങളുടെ ഭീഷണികളും അതിക്രമങ്ങളുമൊന്നുമില്ലാതെ സര്‍വ്വതന്ത്ര സ്വതന്ത്രരായി ജീവിക്കാനുള്ള അവകാശത്തിനു വേണ്ടിയാണ് ട്രാന്‍സ്ജന്ററുകള്‍ പോരാട്ടങ്ങള്‍ നടത്തുന്നത്. ജന്റര്‍ ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയത്തോട് ഐക്യപ്പെടുവാന്‍ പൊതുസമൂഹത്തെ പ്രേരിപ്പിക്കുന്ന ഗ്രന്ഥമാണ് ട്രാന്‍സ്ജന്റര്‍.

ചരിത്രനിര്‍മ്മിതികളും സംവാദമണ്ഡലങ്ങളും

ലൈംഗിക/ജന്റര്‍ ന്യൂനപക്ഷങ്ങളെക്കുറിച്ച് ആധികാരികവും സമഗ്രവുമായ ഗ്രന്ഥങ്ങള്‍ കേരളീയ സമൂഹത്തില്‍ എന്തുകൊണ്ട് ഇതിനുമുമ്പ് സൃഷ്ടിക്കപ്പെട്ടില്ലായെന്ന അന്വേഷണത്തില്‍ അക്കാദമിക് സാംസ്‌കാരിക മണ്ഡലത്തിന്റേതുള്‍പ്പെടെ നിരവധി യാഥാസ്ഥിതിക നിലപാടുകള്‍ തെളിഞ്ഞുവരും. കൗതുകത്തിന്റെയും കമ്പോളത്തിന്റെയും സാദ്ധ്യതകളെ മാറ്റിനിറുത്തി നടത്തിയ സുദീര്‍ഘമായ അന്വേഷണങ്ങളിലൂടെ രശ്മിയും അനിലും പാകപ്പെടുത്തിയെടുത്ത  വിമതലൈംഗികത, ട്രാന്‍സ്ജന്റര്‍ എന്നീ ഗ്രന്ഥങ്ങള്‍ കേരളീയ സമൂഹത്തിന്റെ ഹോമോഫോബിക് ഉല്പാദനങ്ങളെയും പൊതുബോധങ്ങളെയും അട്ടിമറിക്കുന്നതിനൊപ്പം ലൈംഗിക/ജന്റര്‍ ന്യൂനപക്ഷങ്ങളെക്കുറിച്ച് സമഗ്രമായ അവബോധങ്ങള്‍ കൂടി നല്കുന്നു. കേരളത്തിലെ എല്‍ ജി ബി റ്റി ക്യു ഐ ആക്ടിവിസ്റ്റുകള്‍, സാഹിത്യ പ്രതിഭകള്‍, മനഃശാസ്ത്ര - നരവംശശാസ്ത്ര ഗവേഷകര്‍ എന്നിവരെല്ലാം കൂടി സൃഷ്ടിക്കുന്ന സംവാദമണ്ഡലവും എല്‍ ജി ബി റ്റി ക്യു ഐയിലെ പ്രതിനിധികളുടെ അനുഭവാഖ്യാനങ്ങളും ക്വീയര്‍ പൊളിറ്റിക്‌സിനെ വിവിധ നിലകളില്‍ സമീപിക്കുന്നതിനു പ്രേരണ ചെലുത്തും. വൈജ്ഞാനിക മണ്ഡലത്തിനു കനത്ത സംഭാവനകളായ ഇരുഗ്രന്ഥങ്ങളും ക്വീയര്‍ പൊളിറ്റിക്‌സിനെ പൂര്‍ണ്ണമായ തലത്തില്‍ അടയാളപ്പെടുത്തുന്ന സമഗ്ര പഠനങ്ങളാണ്. ചരിത്രം അത് ശരിവെയ്ക്കുകയും ചെയ്യും.