Skip to main content
Submitted by admin on Mon, 12/03/2018 - 12:52

ജീവിതത്തിന്റെ ഊര്‍ജ്ജപ്രസരമുള്ള ഗദ്യം കൊണ്ടുവന്നു നോവല്‍. പ്രാമാണികേതര സാഹിത്യരൂപമാണ് നോവല്‍. ''ദൈവം കൈവെടിഞ്ഞ ലോകത്തിന്റെ ഇതിഹാസ''മെന്നാണ് നോവലിനെ ലൂക്കാച്ച് രേഖപ്പെടുത്തുന്നത്. എന്തും നിറച്ചു വയ്ക്കാനുള്ള ഒരു വലിയ സഞ്ചിയത്രേ നോവല്‍. മുഖ്യധാരാ ഭാവുകത്വത്തിന്റെ അടിത്തറയെത്തന്നെ ഉലയ്ക്കുന്നതരം രചനകളും ഇവയില്‍ ധാരാളമായി നിര്‍മ്മിക്കപ്പെടുന്നു. ഏതു നിര്‍മ്മിതിയും അതിന്റെ യാഥാര്‍ത്ഥ്യം സ്വയം ഉല്പാദിപ്പിക്കുന്നു. അത് സ്വതന്ത്രമാണ്. അത് പൂര്‍ണ്ണമായും വെളിവാക്കുന്നതിന് അതിന്റെ ഉപപാഠങ്ങളെ ആശ്രയിക്കേണ്ടതുണ്ട്. ഇലിപ്പക്കുളം രവീന്ദ്രന്റെ ഭവാനിപ്പുഴ സാക്ഷി എന്ന നോവല്‍ വരച്ചുചേര്‍ക്കുന്ന ചിത്രം തികച്ചും സംഗതമാകുന്നു.
നിഴലുകളുടെ ലോകത്തിലെ പീഡനങ്ങളില്‍ നിന്നുമുള്ള രക്ഷാമാര്‍ഗ്ഗം പ്രവൃത്തികളില്‍ ജാഗ്രതപ്പെട്ടിരിക്കുക എന്നതാണ്. ഇതാണ് ജീവിതവ്യഥയിലും പതറാതെ പരസ്പരം ഊന്നുവടികളായി പ്രവൃത്തിപഥങ്ങളില്‍ വ്യാപൃതരായിരുന്ന മാധവന്റെയും ദേവകിയുടെയും ജീവിതത്തെ മുന്നോട്ടു നയിച്ചിരുന്നത്.  ഭവാനിപ്പുഴ ഒരു മിത്തായി അവരുടെ ജീവിതത്തിന്റെ സ്വഛതകളിലേക്ക് ഇഴുകിച്ചേര്‍ന്ന കാഴ്ച നോവലിന്റെ ഹൃദയതാളമായി മാറുകയാണ്. ദേവകിയുടെ ജീവിതത്തെ കേന്ദ്രീകരിച്ചാണ് നോവലില്‍ കഥ വികസിക്കുന്നത്.
ഭവാനിപ്പുഴ സാക്ഷി എന്ന നോവല്‍ ഏതാനും പാവങ്ങളുടെ ജീവിതത്തിനുമേല്‍ കാലം ഏല്പിച്ചുകൊടുത്ത കടുത്ത ഭാരത്തെ ഏറ്റുവാങ്ങുന്നതെങ്ങനെയെന്ന് ബോധ്യപ്പെടുത്തുകയാണ്. ഏത് പ്രതിബദ്ധങ്ങളെയും ചെറുത്തുനില്ക്കുവാന്‍ പോന്ന കരുത്തുമായി നീലഗിരിയില്‍ എത്തിച്ചേര്‍ന്ന മാധവന്‍ അദ്ധ്വാനത്തിന്റെ ഒരു മാതൃക അവിടെ സൃഷ്ടിച്ചെടുക്കുകയായിരുന്നു. കൂടെ ഒരു നിഴലായി ദേവകിയും.
ചെറുപ്രായത്തില്‍ നീലഗിരിയിലെത്തിയ മാധവന്‍ ദുരിതസാഗരമാണ് നീന്തിക്കടന്നത്. നഗരത്തില്‍ ചുമടെടുത്തും കാട് വെട്ടിക്കിളച്ചും തോട്ടത്തില്‍ പണിയെടുത്തും ജീവിതം കഴിച്ചുകൂട്ടിയ മാധവന് പക്ഷേ, അന്ത്യം തീര്‍ത്തും ദുഃഖകരമായിരുന്നു. സ്‌നേഹബന്ധങ്ങള്‍ക്ക് ഏറെ പ്രാധാന്യം കൊടുത്തിരുന്നു മാധവന്‍. തോമസിനെയും കുടുംബത്തെയും അവരുടെ കഷ്ടപ്പാടില്‍നിന്ന് കരകയറ്റാന്‍ കൂട്ടിക്കൊണ്ടു പോന്നത് അതിന് തെളിവാണ്.
മുഹമ്മദും ലിസിയും തമ്മിലുള്ള വിവാഹം ഒരു ഗ്രാമം മുഴുവന്‍ നെഞ്ചേറ്റുന്ന രംഗം ആഹ്ലാദം പകരുന്നതാണ്. മതങ്ങളുടെ പോര്‍വിളിയില്‍ പൊലിഞ്ഞുപോയതാണ് മുഹമ്മദിന്റെ ബാപ്പയും ഉമ്മയും. ''പരസ്പരം വെട്ടിക്കൊല്ലാനും വിദ്വേഷം വളര്‍ത്താനുമേ മതവും ജാതിയും ഉപകരിച്ചിട്ടുള്ളൂ'' എന്ന മുഹമ്മദിന്റെ ആത്മഗതം അനുഭവത്തിലൂടെ അറിഞ്ഞതാണ്. മുഹമ്മദും ലിസിയും പരസ്പരം ഒന്നാകുന്ന നിമിഷത്തില്‍ ഒരു മതബോധവും അവരെ അലട്ടുന്നില്ല.
മഞ്ഞിനെ ഗര്‍ഭം ധരിച്ച താഴ്‌വര, കാടിന്റെ ഗഹ്വരങ്ങളില്‍ നിന്ന് ഇരുള്‍ച്ചിറകുകള്‍ ഇറങ്ങിവരും, ഏകാന്തതയുടെ മൗനം വിതയ്ക്കുന്ന ഭീതികള്‍, കൊമ്പുകുത്തി കളിക്കുന്ന ഇരുളിന്റെ ആനക്കൂട്ടങ്ങള്‍, മഞ്ഞിന്റെ ഉടയാട അഴിച്ചു മാറ്റി പുളകച്ചാര്‍ത്തണിയുന്ന വനനിരകള്‍ - തുടങ്ങിയ കവിത തുളുമ്പും പ്രയോഗങ്ങള്‍ എത്രയെങ്കിലും ഉണ്ട് ഈ നോവലില്‍.
''ജീവിക്കുന്നതല്ല നാം ഓര്‍മ്മിക്കുന്നതാണ് ജീവിതം'' എന്ന് മാര്‍ക്വേസ്. ആ ജീവിതങ്ങളാണ് കഥകളായി രൂപാന്തരപ്പെടുന്നത്. ''ഭവാനിപ്പുഴ സാക്ഷി'' എന്ന കഥയും ജീവിതത്തിന്റെ തിരസ്‌കൃത മണ്ഡലത്തിന്റെ സാക്ഷ്യപത്രമായി, പ്രാമാണിക രേഖയായിത്തീരേണ്ട ഒന്നാണ്. ലളിതവും കൃത്യതയുമാര്‍ന്ന പദപ്രയോഗങ്ങളിലൂടെ ചെറിയ ക്യാന്‍വാസിലേക്ക് ബൃഹത് കഥകളെപ്പോലും ഒതുക്കുവാന്‍ ഇലിപ്പക്കുളത്തിന് കഴിയുമെന്ന് അദ്ദേഹത്തിന്റെ കഥകള്‍ തെളിയിച്ചിട്ടുള്ളതാണ്.
''ഈ ഗ്രന്ഥം ആര് സ്പര്‍ശിക്കുന്നുവോ അയാള്‍ ഒരു മനുഷ്യനെയാണ് സ്പര്‍ശിക്കുന്നത്'' എന്ന് വാള്‍ട്ട് വിറ്റ്മാന്‍ പറഞ്ഞത് ഇതുപോലെയുള്ള കൃതികള്‍ കണ്ടിട്ടാവണം. എഴുത്ത് വ്യായാമമല്ല. അത് തെരുവിലേക്കും ശവപ്പറമ്പിലേക്കും കുടിലിലേക്കും പുറപ്പെട്ടുപോകുന്ന ആത്മവിലാപം തന്നെയാണ്. ഭവാനിപ്പുഴ കാലരൂപമാണ്. മാത്രാഭേദങ്ങളെ തള്ളിനീക്കി മുന്നോട്ടൊഴുകുന്ന പുഴ ജൈവരൂപിയാണ്. അതിന്റെ സാക്ഷ്യം തികച്ചും അന്വര്‍ഥം തന്നെയാകുന്നു..