Skip to main content
Submitted by admin on Mon, 12/03/2018 - 12:44

ഡോ. സെബാസ്റ്റ്യന്‍ പോള്‍ എഴുതി ചിന്ത പബ്ലിഷേഴ്‌സ് പ്രസിദ്ധീകരിച്ച മാര്‍ക്‌സും മാര്‍പാപ്പയും എന്ന കൃതിയുടെ പ്രകാശനവും ഈ ചടങ്ങില്‍ നടക്കുകയാണ്. തലക്കെട്ടില്‍ തന്നെ ഏറെ പ്രത്യേകതയുള്ള പുസ്തകം തീര്‍ച്ചയായും ഗൗരവമായ വായന ആവശ്യപ്പെടുന്ന പുസ്തമാണ്. യേശുവിന്റെ ജനനത്തിനുമശേഷം 2000 വര്‍ഷം പിന്നിടുന്ന കാലഘട്ടത്തിലാണ് മാര്‍ക്‌സിന്റെ 200-ാം ജന്മദിനം ആചരിക്കുന്നത്.
നിലനിന്ന മതത്തിന്റെ സ്വാധീനത്തെയും സാന്നിദ്ധ്യത്തെയും വസ്തുനിഷ്ഠമായി വിലയിരുത്തിയാണ് മാര്‍ക്‌സ് മതത്തെ കഷ്ടപ്പെടുന്നവന്റെ ദീര്‍ഘനിശ്വാസവും ഹൃദയഹീനമായ ലോകത്തിന്റെ ഹൃദയവും ആത്മാവില്ലാത്ത ലോകത്തിന്റെ ആത്മാവും ആണ് എന്ന് പറയുകയും മതത്തെ വേദനയകറ്റുന്ന ലേപനമായി കാണുകയും ചെയ്തത്. അദ്ധ്വാനിക്കുന്നവര്‍ക്ക് യേശു സമാശ്വാസവും സ്വര്‍ഗ്ഗവും വാഗ്ദാനം ചെയ്തു. മാര്‍ക്‌സ് ചിന്തിച്ചത് മനുഷ്യന്‍ ജീവിക്കുന്ന ഈ ലോകത്തെക്കുറിച്ചാണ്. അവരുടെ വിമോചനത്തെക്കുറിച്ചാണ്. രണ്ടും തമ്മില്‍ പൊരുത്തക്കേടുകള്‍ ഉണ്ടാകാമെന്നും എന്നാല്‍ ശത്രുതയുടെ ആവശ്യമില്ലെന്നും കൂടുതല്‍ വ്യക്തമാകുന്ന കാലഘട്ടത്തിലാണ് ഈ കൃതി രചിച്ചിട്ടുള്ളത്.
ലാറ്റിനമേരിക്കയിലെ ചേരികളില്‍ ദൈവത്തിന്റെ സുവിശേഷ പ്രചാരകനായിരുന്ന പോപ്പ് ഫ്രാന്‍സിസ് ലക്ഷ്യമിടുന്നത് ദരിദ്രരുടെ സഭയാണ്. എന്നുവെച്ചാല്‍ പാവപ്പെട്ടവരുടെയും അദ്ധ്വാനിക്കുന്നവരുടെയും നന്മ ലക്ഷ്യമിട്ടുള്ള സഭാപ്രവര്‍ത്തനം. ലോകത്തെ മൂലധനശക്തികളും മതതീവ്രവാദികളും ചേര്‍ന്ന് കൊള്ളലാഭത്തിനായി വീതിച്ചെടുക്കുമ്പോള്‍ പാവപ്പെട്ടവര്‍ക്ക് എന്തെങ്കിലും തുളുമ്പി കിട്ടുമെന്ന പ്രചാരണത്തില്‍ പോപ്പ് ആകൃഷ്ടനായിട്ടില്ല. തുളുമ്പാതെ മുതലാളിമാരുടെ പാത്രം വികസിക്കുകയേയുള്ളൂ എന്ന് പോപ്പ് ആവര്‍ത്തിച്ചു വ്യക്തമാക്കുകയുണ്ടായി.
പോപ്പിന്റെ ഇന്ത്യന്‍ സന്ദര്‍ശനം സാധ്യമാകുമെന്ന പ്രതീക്ഷയുടെ ഘട്ടത്തിലാണ് ഈ കൃതിയെക്കുറിച്ച് ''ചിന്ത'' ആശയം രൂപപ്പെടുത്തിയത്. എന്നാല്‍ പോപ്പിനെ ക്ഷണിക്കുന്നതിനുള്ള ഹൃദയ വിശാലത പ്രകടിപ്പിക്കുന്നതിന് നമ്മുടെ രാജ്യത്തെ ഭരണാധികാരികള്‍ ഇതുവരെ തയ്യാറായിട്ടില്ല. ക്യൂബയുടെ മണ്ണിലേക്ക് പോപ്പിനെ സ്വീകരിക്കുകയും അവിടെ ആ സമൂഹമാകെ അദ്ദേഹത്തെ സ്വീകരിക്കുകയും ചെയ്ത വാര്‍ത്ത നാം കേള്‍ക്കുകയും കാണുകയും ചെയ്തു. മതവും മാര്‍ക്‌സിസവും തങ്ങളുടെ മണ്ഡലത്തില്‍ സാധാരണക്കാരന്റെ പ്രയാസങ്ങള്‍ക്ക് തണലാകുന്നതിന് ഉപകരിക്കേണ്ടതായിട്ടുണ്ട് എന്ന്  പറഞ്ഞുകൊണ്ട് ഈ പുസ്തകം പ്രകാശനം ചെയ്യുന്നു. പുസ്തക രചനയ്ക്ക് തയ്യാറായ ഡോ. സെബാസ്റ്റ്യന്‍ പോളിനേയും പ്രസിദ്ധീകരിച്ച ചിന്ത പബ്ലിഷേഴ്‌സിനേയും അഭിനന്ദിക്കുകയും ചെയ്യുന്നു.
(സെബാസ്റ്റ്യന്‍ പോളിന്റെ മാര്‍ക്‌സും മാര്‍പാപ്പയും എന്ന കൃതി പ്രകാശനം ചെയ്തുകൊണ്ട് നടത്തിയ പ്രസംഗം)