Skip to main content
Submitted by admin on Mon, 12/03/2018 - 12:39

കേരള വിപ്ലവബോധത്തിന്റെ എന്നും ജ്വലിക്കുന്ന പന്തമാണ് പി കൃഷ്ണപിള്ള. 'സഖാവ് എന്ന പദംകൊണ്ടുമാത്രം വ്യവഹരിക്കപ്പെടാന്‍ കഴിയുന്ന ഒരേയൊരാള്‍. കമ്യൂണിസ്റ്റെന്നോ കമ്യൂണിസ്റ്റ് വിരുദ്ധനന്നോ ഭേദമില്ലാതെതന്നെ, എല്ലാവരും ആദരിക്കുന്നയാള്‍. വിപ്ലവത്തിന്റെ കനല്‍ വഴികളിലൂടെ നടന്നുവന്ന്, വിപ്ലവബോധം പടര്‍ത്തുന്നതില്‍ മുന്‍നിന്നു പ്രവര്‍ത്തിച്ച്, അതില്‍ത്തന്നെ മണ്‍മറഞ്ഞ ധീരനേതാവ്. തൊട്ടുപിന്നാലെ വന്ന ചുവന്ന അമ്പതുകള്‍ക്കും, അതിലൂടെ കൈവന്ന കേരളത്തിലെ കമ്യൂണിസ്റ്റ് ഭരണത്തിനും ആ പരിണാമത്തിലൂടെ നേടാനായ 'കേരള മോഡല്‍' എന്ന വിശ്വമാതൃകയും വിത്ത് വിതച്ചയാള്‍. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയോ പി കൃഷ്ണപിള്ളയുടെയോ ജീവിതം പഠിപ്പിക്കുന്ന ആരും ചെന്നെത്തുന്ന സാമാന്യമായ അറിവുകളാണ് ഇവ.
എന്നാല്‍, ആ കമ്യൂണിസ്റ്റുകാരന്റെ തീവ്രവും പരുക്കനുമായ വിപ്ലവപ്രവര്‍ത്തനങ്ങള്‍ക്ക് തീക്ഷ്ണപ്രണയത്തിന്റേതായ ഒരു മധുരമുഖം കൂടിയുണ്ടെന്ന് ഏറെയാരുംതന്നെ അറിഞ്ഞിട്ടില്ല. ചരിത്രത്തില്‍ വിസ്മരിക്കപ്പെടുകയും ചെയ്തുപോയ അങ്ങനെയൊരു പ്രണയപര്‍വ്വത്തിലേക്കാണ് നോവലിസ്റ്റ് കെ വി മോഹന്‍കുമാര്‍ എടലാക്കുടിയിലെ പ്രണയരേഖകളിലൂടെ വഴി തുറക്കുന്നത്. പ്രണയവും വിപ്ലവവും ജീവിതവും ഒന്നായിത്തീരുന്ന അസാധാരണവും അതുല്യവുമായൊരു ജീവിതകഥയിലേക്ക്, പ്രണയകഥയിലേക്ക്.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെ മാത്രം പാര്‍പ്പിച്ചിരുന്ന എടലാക്കുടിയിലെ പ്രത്യേക ജയിലില്‍ അധികാരികള്‍ കൃഷ്ണപിള്ളയെ അടച്ചത് കഠിനമായ ദണ്ഡനങ്ങള്‍ക്ക് വിധേയനാക്കുക എന്ന ലക്ഷ്യത്തോടെയാണ്. എന്നാല്‍, എപ്പോഴും എഴുത്തിലും വായനയിലും മുഴുകുന്ന കൃഷ്പിള്ളയുടെ ശീലം ജയില്‍ ജീവനക്കാരില്‍ മതിപ്പുളവാക്കുകയാണ് ചെയ്തത്. ജയിലറയിലെ സ്വന്തം വിപ്ലവ പ്രവര്‍ത്തനവഴിയായി എഴുത്തും വായനയുമെന്ന ശീലത്തെ കണ്ടിരുന്ന കൃഷ്ണപിള്ളയുടെ അന്വേഷണം തനിക്ക് വായിക്കാന്‍ കുറച്ച് ഹിന്ദി പുസ്തകങ്ങള്‍ സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തിലേക്കാണ് നീങ്ങിയത്. അത് അയ്യന്‍പിള്ള പൊലീസുവഴി തങ്കമ്മയെന്ന പതിനേഴുകാരിയിലെത്തി. ഏതോ ഒരാള്‍ക്ക് വായിക്കാനൊരു പുസ്തകം കൊടുക്കുന്നു എന്ന നിസ്സംഗതയോടെയാണ് തങ്കമ്മ പിന്നീട് അദ്ദേഹത്തിന്റെ വിപ്ലവ പ്രവര്‍ത്തനത്തിലെ സഹായിയെന്ന നിലയിലേക്കും സഖാവുമായുള്ള ഗാഢപ്രണയത്തിലും താനറിയാതെ തന്നെ എത്തിച്ചേരുകയായിരുന്നു. കൃഷ്ണപിള്ള ഹിന്ദിയില്‍ കൊടുത്തുവിട്ട കുറിപ്പുകളും കത്തുകളും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി നാട്ടിലെ താനറിയാത്ത വിപ്ലവനേതാക്കള്‍ക്ക് അയച്ചുകൊടുക്കുകയെന്ന ദൗത്യത്തിലാണ് തങ്കമ്മ ഏര്‍പ്പെട്ടത്. ആദ്യമൊക്കെ തെല്ലും താല്പര്യമില്ലാതെ, ഇത്തിരി ഈര്‍ഷ്യയോടെയാണത് ചെയ്തതെങ്കിലും, പിന്നീട് ആ ദൗത്യം പെണ്‍കുട്ടിയെ ആകെ മാറ്റിത്തീര്‍ത്തു. സ്വയമറിയാതെതന്ന അവള്‍ ആ വിപ്ലവബോധത്താല്‍ ഉദ്ദീപ്തയും വിപ്ലവ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയുമായി. വിപ്ലവപ്രവര്‍ത്തനങ്ങളുടെയെന്നപോലെ, വിപ്ലവകാരിയുടെയും പ്രണയിനിയായി. അങ്ങനെ പരസ്പരമിണങ്ങി ഒട്ടും ഭിന്നമല്ലാതായിത്തീര്‍ന്ന പ്രണയവിപ്ലവ പ്രവര്‍ത്തനങ്ങളുടെ രാസപരിണാമത്തിന്റെ ആഖ്യായികകൂടിയാണ് എടലാക്കുടി പ്രണയരേഖകള്‍. നാടന്‍പെണ്ണിനെ നിരന്തരമായ ഇടപെടലുകളിലൂടെ (രണ്ടു പേരും സ്വയമറിയാതെ) തികഞ്ഞൊരു രാഷ്ട്രീയക്കാരിയും വിപ്ലവപ്രവര്‍ത്തകയും പ്രണയിനിയും വിപ്ലവകാരിയുടെ ജീവിതപങ്കാളിയുമാക്കി മാറ്റുന്ന തികച്ചും അസാധാരണമായൊരു പ്രണയകഥയായി കൃഷ്ണപിള്ളയുടെയും തങ്കമ്മയുടെയും ജീവിതം മാറുന്നു.
ചേര്‍ത്തലയിലെ ഒരു തൊഴിലാളിയുടെ വീട്ടില്‍ ഒളിവില്‍ കഴിഞ്ഞപ്പോള്‍, അവിടെവച്ച് പാമ്പുകടിയേറ്റ സഖാവിന്റെ അനുഭവങ്ങളിലൂടെയും ഓര്‍മ്മകളിലൂടെയുമാണ് നോവല്‍ തുടങ്ങുന്നതും അവസാനിക്കുന്നതും. മരണമെത്തുന്ന നേരത്ത് പ്രിയതമയെ കാണാന്‍ കൊതിച്ച കൃഷ്ണപിള്ളയുടെ ഓര്‍മ്മകളായി, മനോഗതങ്ങളായി അനുഭവങ്ങളായി നോവല്‍ മുന്നേറുന്നു. ഭൂതകാലാനുഭവങ്ങളായി വാര്‍ന്ന്, അതില്‍ രാഷ്ട്രീയവും പ്രണയവും ഇഴപിരിയാതെ വഴിഞ്ഞൊഴുകുന്ന മട്ടിലുള്ള ആഖ്യാനം.