Skip to main content
Submitted by admin on Mon, 12/03/2018 - 12:37

മലയാള സിനിമയുടെ ചരിത്രത്തില്‍ പ്രമേയം കൊണ്ടും സംവിധാന മികവു കൊണ്ടും ദൃശ്യചാരുതയാല്‍ ജീവിതാനുഭവങ്ങള്‍ തീര്‍ത്ത സംവിധായകരില്‍ മുന്‍നിരയിലാണ് കെ ജി ജോര്‍ജ് എന്ന കലാകാരന്റെ സ്ഥാനം. അദ്ദേഹത്തിന്റെ സിനിമാജീവിതവും ജീവിത സിനിമയും അടുത്തറിയാന്‍ സഹായിക്കുന്ന പുസ്തകമാണ് കെ ജി ജോര്‍ജ്. ചിന്താ പബ്ലിഷേഴ്‌സിന്റെ നവകേരളശില്പികള്‍ ജീവചരിത്ര പരമ്പരയിലൂടെയാണ് ഇത് പുറത്തുവന്നിരിക്കുന്നത്. വിനു എബ്രഹാം രചിച്ചിരിക്കുന്ന കെ ജി ജോര്‍ജ് ആ ജീവിതത്തെ നീതിയുക്തം കുറഞ്ഞ താളുകളിലൂടെ അവതരിപ്പിക്കുവാന്‍ ശ്രിക്കുന്നുണ്ട്.
തനിക്കു മുമ്പുണ്ടായിരുന്ന ചലച്ചിത്ര സമ്പ്രദായങ്ങളെ എല്ലാ തലത്തിലും കടപുഴക്കുകയും തിരസ്‌കരിക്കുകയും ചെയ്ത് പുതിയൊരു ദൃശ്യ സംസ്‌കാരം സൃഷ്ടിച്ച കലാകാരനാണ് ജോര്‍ജെന്നും അതുകൊണ്ടുതന്നെ ആധുനിക മലയാള സിനിമയുടെ ചരിത്രത്തില്‍ സവിശേഷമായ സ്ഥാനം അദ്ദേഹത്തിനുണ്ടെന്നും കാര്യകാരണങ്ങളോടെ വെളിപ്പെടുത്തുവാന്‍ പുസ്തകം ശ്രമിക്കുന്നു. തിരുവല്ലയിലെ എടുത്തു പറയത്തക്കതായ കലാ പാരമ്പര്യമൊന്നുമില്ലാത്ത, ലോറികളുടെ ബോഡികള്‍ക്കും കച്ചവട സ്ഥാപനങ്ങളുടെ പരസ്യപ്പലകകള്‍ക്കും എഴുത്തും ചിത്രപ്പണികളുമായി കഴിഞ്ഞുകൂടിയ സാമുവേല്‍ എന്ന നാട്ടുമ്പുറം ചിത്രകാരന്റെ മകനായി ജനിച്ച, മലയാള സിനിമയുടെ നട്ടെല്ലുപോലെ വര്‍ത്തിച്ച, പത്തൊമ്പത് ചിത്രങ്ങളിലൂടെ മഹത്തായ ജെ സി ഡാനിയേല്‍ പുരസ്‌കാരം വരെ നേടിയ കുളക്കാട്ടില്‍ ഗീവര്‍ഗ്ഗീസ് ജോര്‍ജെന്ന പ്രതിഭയുടെ ജീവിതം തെല്ല് അമ്പരിപ്പോടെയല്ലാതെ വായിക്കാന്‍ കഴിയില്ല.
സിനിമയുമായി ബന്ധപ്പെടുത്തി തന്നെയാണ് ഒരു തിരക്കഥ പോലെ ജോര്‍ജിന്റെ ജീവിതം പറയുന്നത്. ബാല്യം, പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ യൗവനം, മദിരാശിയിലെ ആദ്യകാല സിനിമാ സംരംഭങ്ങള്‍, സ്വപ്നാടനത്തിലൂടെ സംവിധാനത്തിലേക്ക്, യവനിക, മേള, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, ഉള്‍ക്കടല്‍, കോലങ്ങള്‍, മറ്റൊരാള്‍, ഇരകള്‍ ഇങ്ങനെ സ്വന്തം ശില്പ വൈദഗ്ദ്ധ്യം വെളിപ്പെടുത്തിയ കാലഘട്ടങ്ങളെ വേഗത്തില്‍ തിരിച്ചറിയാനാവുംവിധം ക്രമപ്പെടുത്തിയിരിക്കുന്നു. അവസാന കാലത്തെ ചിത്രങ്ങളുടെ പതര്‍ച്ചയൊക്കെ വിവരണാത്മകതയുടെ മടുപ്പുളവാക്കാതെ പറഞ്ഞു പോരുന്നു. സിനിമാ പഠിതാക്കള്‍ക്കും ഗവേഷകര്‍ക്കും ജോര്‍ജ് എന്ന കലാകാരന്റെ സിനിമകളെ വ്യക്തിപരമായി സ്‌നേഹിക്കുന്നവര്‍ക്കും ഒരു കൈപ്പുസ്തകം പോലെ കരുതാവുന്നതും സൂക്ഷിക്കാവുന്നതുമാണ് വിനു എബ്രഹാമിന്റെ കെ ജി ജോര്‍ജ് എന്ന പുസ്തകം.