Skip to main content
Submitted by admin on Mon, 12/03/2018 - 11:45

യാത്രയെക്കുറിച്ച് യാത്രാവിവരണത്തിന്റെ പ്രസക്തിയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ മനസ്സില്‍ തെളിയുന്ന പേരാണ് എസ് കെ പൊറ്റെക്കാട്ടിന്റേത്. മലയാളത്തിന്റെ സ്വന്തം ജോണ്‍ ഗന്തര്‍. സ്വയാര്‍ജ്ജിതമായ ഉത്സാഹശീലം ഊര്‍ജ്ജമാക്കി ഭൂഖണ്ഡങ്ങളിലൂടെ യാത്ര ചെയ്ത എസ് കെയുടെ യാത്രാനുഭവങ്ങളുടെ ഓര്‍മ്മ ഇവിടെ മറ്റൊരു യാത്രാവിവരണത്തിലേക്ക് സന്നിവേശിപ്പിക്കുകയാണ് ജെ എന്‍ ബാബു എഴുതിയ ബെര്‍ണാഡ്ഷായുടെ നാട്ടില്‍ എന്ന യാത്രാവിവരണത്തില്‍.
ഊഷ്മളമായ അനുഭൂതി സഞ്ചാരങ്ങളുടെ തിരയിളക്കങ്ങള്‍ ആദ്യന്തം നിറഞ്ഞുനില്ക്കുന്നു ഈ കൃതിയില്‍. അയര്‍ലന്‍ഡ് യാത്രയെ സാമൂഹികമായും സാംസ്‌കാരികമായും സമന്വയിപ്പിച്ച് അതിനെ യാത്രയുടെ ലഹരിയിലേക്ക് അലിയിച്ചു ചേര്‍ക്കാന്‍ യാത്രാവിവരകന് സാധിക്കുന്നു. വസ്തുനിഷ്ഠമായ വിവരണ ശാസ്ത്രത്തിന്റെ രീതി മെനഞ്ഞെടുക്കാനുള്ള രചയിതാവിന്റെ ശ്രമം ഇവിടെ വിജയിക്കുന്നുണ്ട്.
സൂക്ഷ്മവും ലളിതവും വിജ്ഞാനപ്രദവുമായ പ്രതിപാദനരീതിയാണ് ഗ്രന്ഥത്തിലുടനീളം അദ്ദേഹം അവലംബിക്കുന്നത്. യാത്രയിലെ പ്രസക്തവും അനിവാര്യവുമായ അനുഭവ സംഭവങ്ങളെ ഏകോപിപ്പിക്കുന്നുണ്ടിതില്‍.
ഡബ്ലിനില്‍ ബര്‍ണാഡ്ഷായുടെ വീട് സന്ദര്‍ശിക്കുമ്പോഴുണ്ടായ അനുഭവം വിവരിക്കുന്നിടത്ത് സാഹിത്യ രചനയ്ക്ക് നോബല്‍ സമ്മാനവും തിരക്കഥാ രചനയ്ക്ക് ഓസ്‌കാര്‍ പുരസ്‌കാരവും നേടിയ അപൂര്‍വപ്രതിഭയോടുള്ള ആദരം പ്രകടമാണ്. പാട്രിക് പുണ്യാളനും പാമ്പും തമ്മിലുള്ള ബന്ധം വിശേഷണം ചെയ്യുമ്പോള്‍ തിരുവല്ലയ്ക്കടുത്ത് പൊയ്കയില്‍ യോഹന്നാന്റെ കഥയുമായാണ് സാദൃശ്യം കല്പിക്കുന്നത്. അവസാന ശ്വാസംവരെ സാധാരണക്കാര്‍ക്കൊപ്പംനിന്ന് പൊരുതിയ ഫാദര്‍ മൈക്കേല്‍ മര്‍ഫിയുടെ പ്രതിമയെക്കുറിച്ച് വിശദമായ വിവരണം വായനക്കാര്‍ക്ക് നല്കുന്നു. ഫാദറിന്റെ മനസ്സിലെ നന്മയും സത്യസന്ധതയും ത്യാഗവുമാണ് അദ്ദേഹത്തെ മഹാനാക്കിയതെന്ന് ലേഖകന്‍ നിരീക്ഷിക്കുന്നു. ഷുഗര്‍ സ്‌കോളര്‍ഷിപ്പ് ലഭിക്കാനുള്ള മാര്‍ഗ്ഗത്തെക്കുറിച്ച് സരസമായാണ് വിവരിക്കുന്നത്. ടൈറ്റാനിക് കപ്പലിന്റെ ദുരന്തയാത്രയെക്കുറിച്ചുള്ള പരാമര്‍ശം വികാരഭരിതമാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന സംഭവമാണെങ്കിലും ആ ദുരന്തത്തിന്റെ തീവ്രതയാകെ വിവരണത്തില്‍ പ്രകടമാക്കിയിട്ടുണ്ട്. അയര്‍ലന്‍ഡിലെ ബെല്‍ഫാസ്റ്റ് തുറമുഖത്തുനിന്ന് ഇംഗ്ലണ്ടിലെ ലിവര്‍പൂളില്‍ അവസാനിക്കുന്ന രാത്രിയാത്രയുടെ വിശദാംശങ്ങള്‍ നല്കിയാണ് ജെ എന്‍ ബാബു യാത്രാവിവരണം അവസാനിപ്പിക്കുന്നത്.
ജിജ്ഞാസാഭരിതമായ അനുഭവതലമാണ് ബര്‍ണാഡ്ഷായുടെ നാട്ടില്‍ വായനക്കാര്‍ക്ക് പ്രദാനം ചെയ്യുന്നത്. യാത്രാനുഭവത്തിന്റെ അനുഭൂതിയത്രയും വായനക്കാരിലേക്ക് സന്നിവേശിപ്പിക്കുന്നുണ്ട് ഈ കൃതി. വാസ്തവികതയുടെ പരിധിക്കകത്തുനിന്ന് നല്കുന്ന കാല്പനിക പ്രവണമായ രചനാപദ്ധതിയാണ് ഇവിടെ പരീക്ഷിച്ച് വിജയിച്ചിരിക്കുന്നത്.

യാത്രകള്‍ മനുഷ്യനെ പുതുക്കിപ്പണിയും. ജീവിതത്തിന്റെ പുറപ്പാടു പുസ്തകം രചിക്കാനുള്ള ത്വര ഏതു മനുഷ്യനുള്ളിലുമുണ്ട്. പുതിയ മനുഷ്യര്‍, ഇടങ്ങള്‍ അവനെ/അവളെ അന്വേഷിയാക്കും. അയര്‍ലന്റിലേക്ക് ജെ എന്‍ ബാബു നടത്തിയ യാത്രയാണീ പുസ്തകം. ബര്‍ണാഡ്ഷാ പിറന്ന ഈ നാട്ടിലേക്കുള്ള യാത്ര അവിടത്തെ മനുഷ്യനിലേക്കും ചരിത്രത്തിലേക്കും കൂടിയുള്ള യാത്രയാവുന്നു. സരളമായ ഭാഷയില്‍, ഉള്ളില്‍ത്തട്ടുന്ന യാത്രാനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന രചന. ഈ പുസ്തകത്തിന്റെ ചിന്ത പതിപ്പിറക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്.