Skip to main content

   

പ്രളയാനന്തര കേരളത്തെ പുനർനിർമ്മിക്കുമ്പോൾ അത് പഴയതിന്റെ പുനർനിർമ്മിതിയായിരിക്കല്ലെന്ന് ധനമന്ത്രി ശ്രീ തോമസ് ഐസക്. ചിന്ത പബ്ലിഷേഴ്സിന്റെ 45ാം വാർഷികത്തിന്റെ ഭാഗമായുള്ള പുസ്തകോത്സവവും പ്രളയാനന്തര നവകേരളം എന്ന സെമിനാറും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെ പുതുക്കി പണിയുമ്പോൾ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് മുൻഗണന നൽകും. കേരളത്തിന്റെ വികസന ചർച്ചകളിൽ പരിസ്ഥിതിയെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള അവസരം ആണ് ഇപ്പോൾ നിലവിൽ വന്നിട്ടുള്ളത്.

പരിസ്ഥിതി പ്രശ്നങ്ങൾക്ക് മുൻകാലത്തൊന്നും ഇല്ലാത്ത പ്രാധാന്യം കൈവന്നിട്ടുണ്ട്. തീരദേശം നേരിടുന്ന പ്രധാന പ്രശ്നം പുനരധിവാസം ആണ്. തിര ഒഴിഞ്ഞു പോകുന്നിടത്തു വീണ്ടും വീട് വെക്കുന്ന പ്രവണത തുടരാനാവില്ല. പുനരധിവാസം എങ്ങനെ വേണം എന്നതിനെക്കുറിച്ച്‌ പഠനങ്ങൾ വേണം. തീരത്തുനിന്നും മാറിത്താമസിക്കുന്നതിനൊപ്പം മൽസ്യബന്ധന തുറമുഖങ്ങളും ഉറപ്പു വരുത്തണം. വള്ളങ്ങൾ സൂക്ഷിക്കാൻ സംവിധാനം വേണം. ചുഴലിക്കാറ്റും പ്രളയവും ബാധിക്കുന്ന മേഖലകളിൽ കമ്മ്യൂണിറ്റി ഷെൽട്ടറുകൾ വേണം. പ്രകൃതി ദുരന്തങ്ങൾ ഉണ്ടായാൽ സ്‌കൂളുകളെ ആശ്രയിക്കുന്ന രീതി എക്കാലവും തുടരാനാകില്ല.

കുട്ടനാടിന്റെ പ്രകൃതിയെ തിരിച്ചു പിടിക്കാനാകണം. ഇപ്പോൾ ഏതാണ്ട് കുട്ടിച്ചോറായ അവസ്ഥയിലാണ്. പഴയ അവസ്ഥയിലേക്ക് തിരിച്ചു പോകാൻ ആയില്ലെങ്കിലും കുട്ടനാടിനെ രക്ഷിക്കാനാകണം. ഇപ്പോഴുള്ള മാലിന്യം ഒഴുക്കിക്കളഞ്ഞു കുട്ടനാടിനെ വൃത്തിയാക്കണം. അതിനു ഒരു വർഷമെങ്കിലും തണ്ണീർമുക്കം ബണ്ട് തുറന്നിടേണ്ടി വരും. വീണ്ടും മലിനമാകാതിരിക്കാനും ശ്രദ്ധിക്കണം. ഇതൊക്കെ ചെയ്യാൻ കഴിയുന്ന സങ്കേതങ്ങൾ നമുക്കുണ്ട്.

നദീതടങ്ങളെ സംരക്ഷിക്കുന്നത് പ്രധാന അജണ്ടയാകണം. ഇന്ന് മഴ നിലച്ചാൽ നദികളിലേക്ക് വെള്ളം വരാത്ത അവസ്ഥയാണ്. ഇതിനായി ഓരോ പുഴയ്ക്കും നീർത്തട സംരക്ഷണ പദ്ധതികൾ ആവിഷ്കരിക്കണം. നദികൾ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ആവശ്യവും പ്രാധാന്യവും വരട്ടാറിന്റെ പുനരുജ്ജീവനത്തിൽ നിന്നും മനസ്സിലാവും. വനയോര മേഖലയിലെ വാസസ്ഥലങ്ങളുടെയും മറ്റു കെട്ടിടങ്ങളുടെയും നിർമ്മാണം സംബന്ധിച്ച് വിശദമായ പഠനവും ചർച്ചയും ആവശ്യമാണ് - ഐസക് പറഞ്ഞു.

സെമിനാറിൽ CPI (M) സംസ്ഥാന കമ്മിറ്റി അംഗം സി.പി. നാരായണൻ മോഡറേറ്റർ ആയി. സെമിനാറിൽ പശ്ചിമ ഘട്ടവും വികസനവും എന്ന വിഷയത്തിൽ കെ. കെ. കൃഷ്ണകുമാറും കുട്ടനാടിന്റെ ആവാസവ്യവസ്ഥിതിയും പുനർനിർമ്മിതിയും എന്ന വിഷയത്തിൽ ഡോ. ജിജു പി. അലക്‌സും തീരദേശജീവനം എന്ന വിഷയത്തിൽ ഡോ. കെ.വി. തോമസും സുസ്ഥിര പാർപ്പിടം എന്ന വിഷയത്തിൽ ഡോ. ജി. ശങ്കറും പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ചിന്ത പബ്ലിഷേഴ്സ് ജനറൽ മാനെജർ കെ. ശിവകുമാർ സ്വാഗതം പറഞ്ഞു. ചിന്തയുടെ ആനിവേഴ്സറി ബുക്ഫെസ്റ് ഒക്ടോബർ 07 വരെ നീണ്ടുനിൽക്കും.

ചിന്ത പബ്ലിഷേഴ്സിന്റെ 45ാം വാർഷികത്തിന്റെ ഭാഗമായുള്ള പുസ്തകോത്സവവും ‘പ്രളയാനന്തര നവകേരളം’ സെമിനാറും ധനമന്ത്രി ഡോ. തോമസ് ഐസക് ഉത്‌ഘാടനം നടത്തിയതിനെക്കുറിച്ച് ദേശാഭിമാനിയിൽ വന്ന റിപ്പോർട്ട്

Leave a Comment

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
CAPTCHA This question is for testing whether or not you are a human visitor and to prevent automated spam submissions.