Skip to main content

കേരളത്തിലെ നഴ്‌സറി മുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള പാഠ്യപദ്ധതിയില്‍ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് കുട്ടികള്‍ നേടേണ്ട പഠനാനുഭവങ്ങളെ കൂടുതല്‍ ആഴത്തിലും പരപ്പിലും മനസ്സിലാക്കാനും പഠിക്കുന്ന കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തതയുണ്ടാക്കാനും ഉതകുന്ന തരത്തിലുള്ള പുസ്തകങ്ങള്‍ അവര്‍ക്ക് ലഭ്യമാക്കാന്‍ വേണ്ടിയാണ് ചിന്ത പബ്ലിഷേഴ്‌സ് ചിന്ത സ്‌കൂള്‍ പ്ലസ് എന്ന പ്രത്യേക പ്രസിദ്ധീകരണ വിഭാഗം ആരംഭിച്ചത്.

വിവിധ ക്ലാസുകളില്‍ വ്യത്യസ്ത വിഷയങ്ങള്‍ പഠിപ്പിക്കുന്ന അദ്ധ്യാപകരില്‍നിന്നും ഓരോ വിഷയത്തിലും കുട്ടികള്‍ അനിവാര്യമായും വായിച്ചിരിക്കേണ്ടതും, എന്നാല്‍ നിലവില്‍ ലഭ്യമല്ലാത്തതുമായ പുസ്തകങ്ങളുടെ ടൈറ്റിലുകള്‍ ചിന്ത സ്‌കൂള്‍ പ്ലസ് ശേഖരിക്കുകയുണ്ടായി. അങ്ങനെ രൂപപ്പെടുത്തിയ ടൈറ്റിലുകളില്‍നിന്നും മുന്‍ഗണനാക്രമം അനുസരിച്ച് തയ്യാറാക്കിയവയാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ച പത്തു പുസ്തകങ്ങള്‍. അദ്ധ്യാപകര്‍, ബാലസാഹിത്യകാരന്മാര്‍, പാഠ്യപദ്ധതി വിദഗ്ദ്ധര്‍, ഭാഷാഗണിത പണ്ഡിതര്‍ തുടങ്ങിയവരാണ് രചയിതാക്കള്‍. കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന ഭാഷയില്‍ അവരുടെ ദൈനംദിന ജീവിതാനുഭവങ്ങളുമായി ബന്ധപ്പെടുത്തിയാണ് പഠനാശയങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്.

സസ്യശാസ്ത്രം, ജന്തുശാസ്ത്രം, വായന, ഫിസിക്‌സ്, സാമൂഹ്യശാസ്ത്രം, ഗണിതം തുടങ്ങിയ പഠന മേഖലകള്‍ കേന്ദ്രീകരിച്ചാണ് പുസ്തകങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്.

ഈ പുസ്തകങ്ങള്‍ വായിക്കുന്നതിലുടെ കുട്ടികള്‍ വ്യക്തികള്‍ എന്ന നിലയിലും ഒരു വിദ്യാര്‍ത്ഥി എന്ന നിലയിലും ഉന്നത നിലവാരത്തിലെത്താന്‍ കഴിയും എന്ന് സംശയലേശമന്യേ  ഞങ്ങള്‍ ഉറപ്പ് നല്‍കുന്നു.