താന്‍ ജീവിക്കുന്ന കാലത്തോടും സമൂഹത്തോടും നിരന്തരം കലഹിക്കുന്ന എഴുത്തുകാരിയാണ് ബി എം സുഹറ. ഇസ്ലാമിക പശ്ചാത്തലത്തില്‍ ജനിച്ചു വളര്‍ന്ന എഴുത്തുകാരി തികഞ്ഞ ജനാധിപത്യബോധത്തോടെ തനിക്കു ചുറ്റും വളര്‍ന്നുവരുന്ന മതാന്ധതയേയും സ്ത്രീവിരുദ്ധതയേയും തന്റെ കൃതികളിലൂടെ ചോദ്യം ചെയ്യുന്നു. ഉറവ വറ്റാത്ത പ്രതിഭയും പ്രതികരിക്കാനുള്ള ഊര്‍ജ്ജവും ഈ എഴുത്തുകാരിയുടെ സവിശേഷതയാണ്. വര്‍ത്തമാനകാല സംഘര്‍ഷങ്ങള്‍ ഒരു എഴുത്തുകാരിയില്‍ സൃഷ്ടിച്ച പ്രതികരണങ്ങളാണ് വര്‍ത്തമാനം എന്ന നോവലില്‍ നാം വായിക്കുന്നത്. ഭരണകൂടത്തിന്റെ നിലപാടുകള്‍ സാധാരണ മനുഷ്യരെ എപ്രകാരമാണ് പ്രതിസന്ധിയിലാക്കുന്നതെന്ന് നോവലിസ്റ്റ് തുറന്നുകാട്ടുന്നു. പാര്ശ്വവല്കൃതരും സ്ത്രീകളും കൂടുതല്‍ പ്രതിസന്ധികളിലേക്ക് എടുത്തെറിയപ്പെടുന്നു. സമകാലിക സമസ്യകളെ സധൈര്യം കൈകാര്യം ചെയ്യുന്ന ഈ നോവല്‍ ഒരു കാലഘട്ടത്തിന്റെ അടയാളമായി നിലനില്ക്കും.