ഞാന്‍ കൈകൂപ്പി പൊട്ടിക്കരയുന്ന ചിത്രം. ഒരു ഇംഗ്ലീഷ് പത്രത്തിന്റെ ഒന്നാം പേജില്‍ എന്റെ ചിത്രം അത്ര വലുതായി കണ്ടപ്പോള്‍ വല്ലാത്തൊരു മരവിപ്പാണ് അനുഭവപ്പെട്ടത്. കണ്ണുകള്‍ കലങ്ങി ഒലിക്കുന്ന മുഖത്തെ മുറിവ് അതുപോലെ കാണാവുന്നു. അതു കണ്ടപ്പോള്‍ പ്രിന്‍സ് ഓട്ടോ ബില്‍ഡിങ്ങിന്റെ മുകളില്‍ സഹായത്തിനായി കേണു പൊട്ടിക്കരഞ്ഞ പേടിപ്പെടുത്തുന്ന ആ ഓര്മ ഒരുനിമിഷം എന്നെ വരിഞ്ഞുമുറുക്കി. എന്റെ തൊണ്ടയിടറി. കണ്ണുകള്‍ വീണ്ടും നിറഞ്ഞൊഴുകി. എനിക്കറിയില്ലായിരുന്നു അന്നത്തെ ആ കരച്ചിലിനിടയില്‍ ആര് എപ്പോള്‍ ആ ചിത്രം എടുെത്തന്ന്. ലോകം മുഴുവന്‍ ആ ചിത്രം പ്രചരിച്ചത് ഞാന്‍ അപ്പോഴാണ് അറിയുന്നത്. അവര്‍ പറഞ്ഞു: താങ്കള്‍ മരിച്ചിട്ടില്ല. ഗുജറാത്ത് കലാപത്തിന്റെ പ്രതീകമായി ജീവിക്കുന്നു എന്ന്.