പുസ്തകവാര്‍ത്ത October 2019
Download (9.21 MB)
ഇന്ത്യയിലെ ജാതി വ്യവസ്ഥയുടെ രൂപീകരണവും പില്ക്കാല പരിണാമങ്ങളുമാണ് ഈ പുസ്തകത്തില്‍ പ്രധാനമായും വിലയിരുത്തുന്നത്. ഫ്യൂഡല്‍ കാലഘട്ടത്തില്‍ വര്‍ഗ്ഗസമരം എന്നത് ജാതി അടിസ്ഥാനത്തിലാണ് പ്രകടമായിരുന്നത്. എന്നാല്‍ മുതലാളിത്തം വിവിധ ജാതിവിഭാഗങ്ങള്‍ക്കിടയില്‍ മുതലാളിയെയും തൊഴിലാളിയെയും സൃഷ്ടിച്ചു. തൊഴില്‍ വിഭജനവും വര്‍ഗ്ഗപരമായ ചൂഷണവും ആത്മീയതയുമായി സമന്വയിപ്പിച്ചതിലൂടെയാണ് ഇന്ത്യയില്‍ വര്‍ണ്ണവ്യവസ്ഥ രൂപപ്പെട്ടത്.
ജാതിവ്യവസ്ഥ രൂപപ്പെട്ടത് എങ്ങനെ? ജാതിവ്യവസ്ഥയെ കുറിച്ചുള്ള പഠനങ്ങളൊക്കെ വര്‍ണ്ണവ്യവസ്ഥയുമായി ബന്ധപ്പെടുത്തിയാണ് നടത്തുന്നത് എന്നതിനാല്‍ ഇതുരണ്ടും ഒന്നാണെന്നും ഇവ തമ്മില്‍ വേര്തിരിച്ചുകാണേണ്ടതില്ലെന്നും കരുതുന്നവരുണ്ട്. എന്നാല്‍ ഈ സിദ്ധാന്തങ്ങളൊന്നുംതന്നെ ജാതിവ്യവസ്ഥ രൂപപ്പെട്ടതെങ്ങനെ എന്നതു സംബന്ധിച്ച് ശരിയായ ഉത്തരം നല്‍കുന്നില്ല എന്നതിനാല്‍ ജാതിവ്യവസ്ഥ ചരിത്രപരമായി രൂപപ്പെട്ടുവന്നതെങ്ങനെ എന്നത് സൂക്ഷ്മമായ പഠനത്തിന് വിധേയമാക്കേണ്ടതുണ്ട്.
എങ്ങനെയാണ് ഇന്ത്യയില്‍ ജാതി വ്യവസ്ഥ രൂപപ്പെട്ടത്? ഇത് സംബന്ധിച്ച് ഒട്ടേറെ സിദ്ധാന്തങ്ങള്‍ നിലവിലുണ്ട്. അതില്‍ ഏറ്റവും പ്രബലമായത് വര്‍ണ്ണ സങ്കരങ്ങളിലൂടെയാണ് ജാതിവ്യവസ്ഥയുണ്ടായത് എന്നാണ്. വര്‍ണ്ണങ്ങള്‍ നാലാണ്. ബ്രാഹ്മണന്, ക്ഷത്രിയന്, വൈശ്യന്, ശൂദ്രന് എന്നിവയാണ് നാലു വര്‍ണ്ണങ്ങള്‍. ഋഗ്വേദത്തില്‍ 'വര്‍ണ്ണം' എന്ന പദം പലവുരു ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. അതില്‍ ഭൂരിഭാഗവും തൊലിയുടെ നിറത്തെ സൂചിപ്പിക്കുന്നതാണ്. എന്നാല്‍ ഈ പൊതുരീതിക്ക് മാറ്റം വരുന്നത് പുരുഷ സൂക്തത്തിലാണ്. പുരുഷ സൂക്തത്തിലാണ് വിരാട് പുരുഷ സങ്കല്പം അവതരിപ്പിക്കപ്പെട്ടത്. വിരാട് പുരുഷന്റെ മുഖത്തുനിന്ന് ആവിര്ഭവിച്ചവര് ബ്രാഹ്മണരും ഭൂജങ്ങൡനിന്ന് ആവിര്ഭവിച്ചവര് ക്ഷത്രിയരും ഊരുക്കളില്‍നിന്ന് ആവിര്ഭവിച്ചവര് വൈശ്യരും പാദങ്ങളില്‍നിന്ന് ആവിര്ഭവിച്ചവര് ശുദ്രരും ആയി എന്നാണ് പുരുഷസൂക്തത്തില്‍ വര്ണ്ണോല്പത്തിയെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഈ അവയവങ്ങളുടെ പ്രാധാന്യത്തിനും മേല്കീഴ്ബന്ധത്തിനും അടിസ്ഥാനപ്പെടുത്തിയാണ് പിന്നീട് ഓരോ വര്‍ണ്ണത്തില്‍ ജനിച്ചവര്‍ക്കും സമൂഹത്തില്‍ സ്ഥാനം നിര്ണ്ണയിക്കപ്പെട്ടുകിട്ടുന്നത്. മനുഷ്യാവയവങ്ങള്‍ക്ക് ഓരോന്നിനും നിര്ണ്ണീതവും സ്വാഭാവികവുമായ കടമകള്‍ മനുഷ്യശരീരത്തില്‍ നിര്വ്വഹിക്കാനുണ്ടെന്നതുപോലെ സ്വാഭാവികവും നിര്‍ണ്ണീതവുമായ കടമകളാണ് സാമൂഹിക ശരീരത്തില്‍ വര്ണ്ണങ്ങള്ക്കോരോന്നിനും നിര്‍വ്വഹിക്കാനുള്ളത് എന്ന ആശയപരിസരം സൃഷ്ടിച്ചെടുക്കുവാനും ഇതുവഴി ഭരണവര്‍ഗ്ഗത്തിന് കഴിഞ്ഞു.
ഈ നാലു വര്‍ണ്ണങ്ങള്‍ തമ്മില്‍ വര്‍ണ്ണസങ്കരം നടക്കുകയും അതിലൂടെയാണ് ജാതി വ്യവസ്ഥ രൂപപ്പെടുകയും ചെയ്തത് എന്നാണ് ജാതിവ്യവസ്ഥയുടെ രൂപീകരണം സംബന്ധിച്ച പ്രമുഖമായ സിദ്ധാന്തങ്ങളില്‍ ഒന്ന്. 2500-ലേറെ ജാതികളും മുപ്പതിനായിരം വരുന്ന ഉപജാതികളും ഇന്ന് ഇന്ത്യയില്‍ നിലവിലുള്ളതായാണ് പൊതുവില്‍ കണക്കാക്കപ്പെടുന്നത്. നാലുവര്ണ്ണങ്ങളുടെ വ്യത്യസ്തങ്ങളായ ചേരുവകളില്‍നിന്ന് പരമാവധി പ്രതീക്ഷിക്കാവുന്നത് 64 ജാതികളാണ്. അതിന്റെ പത്തിരട്ടിയിലേറെ ജാതികള്‍ ഇന്ന് ഇന്ത്യയില്‍ നിലവിലുണ്ട്. അവ തമ്മില്‍ മേല്‍ കീഴ്ബന്ധങ്ങളുമുണ്ട് എന്ന വസ്തുതയില്‍ നിന്നുതന്നെ വര്‍ണ്ണ സങ്കരമാണ് ജാതിവ്യവസ്ഥയിലേക്ക് നയിച്ചത് എന്ന വാദത്തെ തള്ളിക്കളയാവുന്നതാണ്.
മാത്രവുമല്ല വര്ണ്ണസങ്കരങ്ങളില്നിന്ന് രൂപപ്പെട്ടതെന്ന് പറയപ്പെടുന്ന ജാതികളില്‍ പലതിനും ഇട്ടിട്ടുള്ള പേര് ചില ഭൂപ്രദേശങ്ങളുടെയോ, ആളുകളുടെയോ, തൊഴിലുകളുടെയോ ഒക്കെയാണ്. മഗധ, നിഷാദ, വൈദേഹ, അംബഷ്ട, മല്ല, ലിച്ഛാവി, സൂത, വേന, നട, കൈവര്ണ്ണ എന്നിവ ഉദാഹരണങ്ങളാണ്. ഒരു വിഭാഗത്തിന് ഒരു ജാതിയായി നിലനില്ക്കണമെങ്കില് ഒരു നിശ്ചിത എണ്ണം ആളുകള്‍ വേണം. വര്‍ണ്ണസങ്കരം മുഖേനെ ഒരേ സമയം ഇത്രയധികം പേര് ജനിക്കാനിടയില്ല. മാത്രമല്ല അങ്ങനെ ജനിച്ചവര്‍ക്ക് മാതാവിന്റെയോ പിതാവിന്റെയോ വര്ണ്ണത്തില്നിന്ന് വിവാഹം കഴിക്കാനാവുകയുമില്ല. സ്വാഭാവികമായും വര്‍ണ്ണസങ്കരം ഒരു ജാതിയായി വികസിക്കാനള്ള സാദ്ധ്യത തുലോം വിരളമാണ്. അങ്ങനെ സംഭവിക്കണമെങ്കില്‍ വര്‍ണ്ണ സങ്കരം നിരന്തരമായി നടന്നുകൊണ്ടിരിക്കണം. അതാവട്ടെ വര്‍ണ്ണവ്യവസ്ഥയ്ക്ക്, വര്‍ണ്ണാശ്രമധര്‍മ്മത്തിന് ഒക്കെ വിരുദ്ധവുമാണ്. വര്‍ണ്ണാശ്രമധര്‍മ്മം ലംഘിക്കുന്ന സ്ത്രീപുരുഷന്മാരെ കര്ശനശിക്ഷയ്ക്ക് വിധേയരാക്കുക എന്നത് രാജാവിന്റെ കര്ത്തവ്യമായിരിക്കെ വര്ണ്ണസങ്കരത്തിലൂടെയാണ് ഈ ജാതികള്‍ മുഴുവന്‍ രൂപപ്പെട്ടത് എന്ന വാദം തന്നെ തെറ്റായിത്തീരുന്നു.
കേരളത്തില്‍ ബ്രാഹ്മണരായ നമ്പൂതിരിമാര്‍ നായര്‍(ശുദ്ര)സ്ത്രീകളുമായി സംബന്ധം എന്ന വിവാഹബന്ധം നിലവിലുണ്ടായിരുന്ന കാര്യം ഏവര്‍ക്കും അറിവുള്ളതാണ്. ഇത് വര്‍ണ്ണസങ്കരത്തിന്റെ ഉത്തമ ഉദാഹരണവുമാണ്. എന്നാല്‍ നമ്പൂതിരിക്ക് നായര്‍ സ്ത്രീയിലുണ്ടാവുന്ന കുട്ടി പുതിയൊരു ജാതിയില്‍ പെട്ടയാളായല്ല മറിച്ച് അമ്മയുടെ ജാതിയില്പെട്ടവരായാണ് മാറിയിരുന്നത്. ഇത് കാണിക്കുന്നത് എല്ലാവര്ണ്ണസങ്കരവും പുതിയ ജാതിയുടെ ഉത്ഭവത്തിന് കാരണമാവുന്നില്ല എന്നുതന്നെയാണ്.
വര്‍ണ്ണ ജാതിവ്യവസ്ഥകള്‍ സംബന്ധിച്ച മറ്റൊരു സിദ്ധാന്തം ദ്വൈവാസ്തവികം എന്ന് വിശേഷിപ്പിക്കപ്പെടുന്നതാണ്. വര്‍ണ്ണം പ്രതിനിധീകരിക്കുന്നത് സാര്‍വ്വത്രികമായ ഒരു ചട്ടക്കൂടിനെയും ജാതി സൂചിപ്പിക്കുന്നത് അനുഭവ സിദ്ധമായ ഒരു പ്രതിഭാസത്തെയുമാണെന്നാണ് ഈ വാദക്കാര്‍ പറയുന്നത്. ഇന്ത്യന്‍ സമൂഹമാകെ പൊതുവില്‍ നാലുവര്‍ണ്ണങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നുവെന്നും ഇന്ന് നാം നിത്യജീവിതത്തില്‍ കണ്ടുകൊണ്ടിരിക്കുന്ന ജാതികളെയെല്ലാം ഈ നാല് അറകളിലായി തിരിക്കാനാവുമെന്നും ആണ് ഈ വാദക്കാര്‍ പറയുന്നത്. ജാതിവ്യവസ്ഥയെക്കുറിച്ച് ഏറെ എഴുതിയിട്ടുള്ള എം എന്‍ ശ്രീനിവാസ് ഈ വാദത്തോട് യോജിക്കുന്നയാളാണ്. എന്നാല്‍ അദ്ദേഹംതന്നെ ''ഒരു ചെറിയ പ്രദേശത്തെ ജാതി വ്യവസ്ഥതന്നെ അത്യപൂര്‍വ്വമായ വിധം സങ്കീര്‍ണ്ണമാണെന്നും ഒന്നോരണ്ടോ കാര്യങ്ങളിലൊഴികെ അവയൊന്നും വര്‍ണ്ണവ്യവസ്ഥയില്‍ ഒതുങ്ങുന്നതല്ല''എന്നും വ്യക്തമാക്കിയിട്ടുണ്ട്.
വര്‍ണ്ണത്തിനുള്ളില്‍ നിരവധിയായ ജാതികളെ ഒതുക്കി നിര്‍ത്തുക പ്രയോഗികമാണോ? ജാതിയും വര്‍ണ്ണവും പൊതുവില്‍ സ്വജാതിവിവാഹത്തില് അധിഷ്ഠിതമായി നിലകൊള്ളുന്നതാണ്. നിരവധി ജാതികളെ ഉള്‍ക്കൊള്ളാവുന്നതാണ് ഒരു വര്ണ്ണമെങ്കില് ഈ ജാതികള്‍ക്കൊക്കെ അന്യോന്യം വിവാഹിതരായിക്കൂടെ? ഒരു സ്വജാതി വിവാഹക്കാരന് മറ്റൊരു സ്വജാതി വിവാഹക്കാരനെ ഉള്‍കൊള്ളാന്‍ പറ്റാതിരിക്കെ ഒരു കൂട്ടം ജാതികളെ എങ്ങനെയാണ് ഒരു വര്‍ണ്ണമാക്കി തിരിക്കാനാവുക.
മാത്രമല്ല ഈ ചാതുര്‍വര്‍ണ്ണ്യ വ്യവസ്ഥ ഇന്ത്യയാകെ ബാധകമായ ഒരു സാര്‍വ്വത്രിക ചട്ടക്കൂടാണെന്ന വാദവും വസ്തുകള്‍ക്ക് നിരക്കുന്നതല്ല. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും മഹാരാഷ്ട്രയിലും കിഴക്കേ ഇന്ത്യയിലും ക്ഷത്രിയ, വൈശ്യ, വിഭാഗങ്ങള്‍ നാമമാത്രമാണ്. അതുകൊണ്ടുതന്നെ ഈ വാദത്തെ ഇന്ത്യന്‍ സമൂഹത്തിനാകെ ബാധകമായ ഒന്നായി കാണാനാവില്ല.
ജാതിവ്യവസ്ഥയെ കുറിച്ചുള്ള പഠനങ്ങളൊക്കെ വര്‍ണ്ണവ്യവസ്ഥയുമായി ബന്ധപ്പെടുത്തിയാണ് നടത്തുന്നത് എന്നതിനാല്‍ ഇതുരണ്ടും ഒന്നാണെന്നും ഇവ തമ്മില്‍ വേര്തിരിച്ചുകാണേണ്ടതില്ലെന്നും കരുതുന്നവരുണ്ട്. എന്നാല്‍ ഈ സിദ്ധാന്തങ്ങളൊന്നുംതന്നെ ജാതിവ്യവസ്ഥ രൂപപ്പെട്ടതെങ്ങനെ എന്നതു സംബന്ധിച്ച് ശരിയായ ഉത്തരം നല്‍കുന്നില്ല എന്നതിനാല്‍ ജാതിവ്യവസ്ഥ ചരിത്രപരമായി രൂപപ്പെട്ടുവന്നതെങ്ങനെ എന്നത് സൂക്ഷ്മമായ പഠനത്തിന് വിധേയമാക്കേണ്ടതുണ്ട്. ഒപ്പം വര്‍ഗ്ഗം എന്നാല്‍ എന്താണെന്നും വര്‍ഗ്ഗവ്യത്യാസം ഇന്ത്യന്‍ സമൂഹത്തിനകത്ത് രൂപം കൊള്ളാന്‍ തുടങ്ങിയത് വര്‍ണ്ണ-ജാതി വ്യവസ്ഥകളുടെ രൂപീകരണത്തിലേക്ക് നയിച്ചുവോ എന്നതും പരിശോധിക്കേണ്ടതുണ്ട്.
സിന്ധുനദീതട സംസ്കാരവുമായി ബന്ധപ്പെട്ട ഖനനങ്ങളില്‍ ചെറുതും വലുതും ആയ വീടുകളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും അന്ന് പ്രകടമായ വര്‍ഗ്ഗവ്യത്യാസങ്ങള്‍ ഉടലെടുത്തിരുന്നു എന്ന് പറയാനാവില്ല. ജനങ്ങള്‍ അന്നും ഗോത്രങ്ങളായിതന്നെയാണ് താമസിച്ചുവന്നിരുന്നത്. പൂജാരികളും ഗോത്രത്തലവന്മാരുമൊക്കെ അന്നും ഉണ്ടായിരുന്നിരിക്കും. എന്നാല്‍ ഉല്പാദനോപാധികള് കൈവശം വെക്കുന്നവരും അല്ലാത്തവരും എന്നതരത്തില്‍ വര്‍ഗ്ഗപരമായ വേര്‍തിരിവുകള്‍ രൂപപ്പെട്ടിരുന്നു എന്നതിന് തെളിവില്ല. പ്രാകൃത ഗോത്രങ്ങള്‍ക്ക് അമാനുഷിക കഴിവുകളില്‍ വിശ്വാസമുണ്ടായിരുന്നുവെന്നും ശുദ്ധ-അശുദ്ധ ചിന്താഗതികള്‍ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നു എന്നതും ശരിയാവും. എന്നാല്‍ അത് ഇന്ന് കാണുന്നതുപോലുള്ള ഏതെങ്കിലും തരത്തിലുള്ള ജാതിയോ, ജാതിവ്യവസ്ഥയോ ആയി രൂപപ്പെട്ടിരുന്നു എന്ന് പറയാന്‍ മാത്രം തെളിവുകളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. എന്നാല്‍ ഗോത്രങ്ങള്‍ തമ്മില്‍ സാമ്പത്തിക-സാമൂഹിക-സാംസ്കാരിക വേര്തിരിവുകളൊ ഏറ്റിറക്കങ്ങളൊ മേല്‍കീഴ് ബന്ധങ്ങള്‍ പോലുമൊ അന്ന് രൂപപ്പെടാന്‍ തുടങ്ങിയിരിക്കും. ചിലരൊക്കെ കൃഷി നടത്തിയിരിക്കും. കച്ചവടക്കാരും ഉണ്ടായിരുന്നിരിക്കാം. അവരുടെ താല്പര്യങ്ങള് ഏറ്റുമുട്ടുകയും ചെയ്തിരിക്കും. ചിലര്‍ കൃഷിവിട്ട് വേട്ടയാടലിലേക്ക് തിരിഞ്ഞിരിക്കും. മറ്റുചിലര്‍ മത്സ്യബന്ധനം നടത്തിയിരിക്കും. ഇടയവൃത്തി സ്വീകരിച്ച് ജീവിക്കുന്നവരും അന്നുണ്ടാവുക സ്വാഭാവികം. പ്രാകൃതമായ കുടുംബ ബന്ധങ്ങളും അന്ന് രൂപപ്പെടാന്‍ തുടങ്ങിയിരിക്കും.
എന്നാല്‍ വര്‍ഗ്ഗസമൂഹം കൃത്യമായി രൂപപ്പെടുന്നത് ഇടയജീവിതം നയിച്ചുവന്നിരുന്ന ആര്യന് ഗോത്രങ്ങളും തദ്ദേശീയ ഗോത്രങ്ങളും തമ്മില്‍ ഏറ്റുമുട്ടുകയും കൃഷി വികസിക്കുകയും വ്യാപകമായ തോതില്‍ ഇരുമ്പ് ഉപയോഗിക്കാന്‍ ആരംഭിക്കുകയും ചെയ്തതിന് ശേഷമായിരിക്കും. ഇതാണ് ചാതുര്‍വര്‍ണ്ണ്യ വ്യവസ്ഥയിലേക്ക് നയിച്ചിട്ടുണ്ടായിരിക്കുക. ഋഗ്വേദത്തിന്റെ തുടക്കത്തില്‍ ഒരിടത്തും വര്‍ണ്ണ വ്യത്യാസത്തെ കുറിച്ച് പറഞ്ഞിട്ടില്ല എന്നുമാത്രമല്ല എല്ലാവരും പങ്കിട്ടെടുത്ത് അനുഭവിക്കുന്നതിന്റെ മഹത്ത്വത്തെ കുറിച്ച് പറഞ്ഞിട്ടുമുണ്ട് എന്നതില്‍ നിന്ന് ഇത് വ്യക്തമാണ്.
No Related books by author available.
പൂമുഖം
ബ്ലോഗ്
ഉപാധികളും നിബന്ധനകളും
സ്വകാര്യതാനയം
റീഫണ്ടും റദ്ദാക്കലും
ഞങ്ങളെ സമീപിക്കുക
Download (9.21 MB)
Download (8.26 MB)
Download (2.5 MB)
ചിന്ത പബ്ലിഷേഴ്സ്
എ കെ ജി സെന്റർ സമീപം,
വിവേകാനന്ദ നഗർ ,
കുന്നുകുഴി റോഡ് ,
വന്ചിഞ്ചൂർ പി.ഓ,
7994678841
1973 സെപ്തംബര്‍ 23 ന് പ്രവര്‍ത്തനമാരംഭിച്ചു. 2000-ലേറെ പുസ്തകങ്ങള്‍ പുറത്തിറക്കി വിജ്ഞാനകുതുകികളായ പൊതുവായനക്കാരെയും വിദ്യാര്‍ത്ഥികളെയും രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക പ്രവര്‍ത്തകരെയുമുദ്ദേശിച്ച് പുതിയ സ്കീമുകള്‍ ആവിഷ്ക്കരിച്ച് പ്രവര്‍ത്തിക്കുന്നു. സാമൂഹ്യനീതിക്കും ജനാധിപത്യത്തിനുംവേണ്ടിയുള്ള ബഹുജനമുന്നേറ്റങ്ങള്‍ക്കു കരുത്തുപകരുകയെന്ന ലക്ഷ്യത്തോടെ യശശ്ശരീരനായ ഇ എം എസിന്റെ മുന്‍കൈയിലാണ് ചിന്ത പബ്ലിഷേഴ്സ് സ്ഥാപിക്കപ്പെട്ടത്. സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ പ്രശ്നങ്ങളെ ജനപക്ഷത്തുനിന്നു വിലയിരുത്തന്ന കൃതികളിലൂടെ മലയാള പ്രസാധനരംഗത്ത് ചിന്ത വേറിട്ട സാന്നിധ്യമറിയിച്ചു. ലോകരാഷ്ട്രീയത്തിലെ വഴിത്തിരവുകളും വിശ്വസാഹിത്യത്തിലെ അനശ്വര രത്നങ്ങളും പഠന-വിശകലനങ്ങളായും പരിഭാഷയായും ചിന്ത മലയാള വായനാലോകത്തിന് പരിചയപ്പെടുത്തി. ലാഭം മാത്രം ലക്ഷ്യമിടുന്ന പ്രസാധന സംസ്കാരത്തിനു ബദലായി, കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തെ മുന്നോട്ടു കൊണ്ടുപോകുന്ന പുരോഗമനവായനയ്ക്കുവേണ്ടി ചിന്ത നിലകൊണ്ടു.
വൈവിധ്യവല്‍ക്കരണത്തിലൂടെയും ആധുനികവല്‍ക്കരണത്തിലൂടെയും മലയാള പ്രസാധനലോകത്തിന്റെ മുഖ്യധാരയില്‍ ചിന്ത സ്ഥാനമുറപ്പിച്ചുകഴിഞ്ഞു. വൈജ്ഞാനിക സാഹിത്യത്തിന്റെ അചുംബിത മേഖലകള്‍ മലയാളവായനക്കാര്‍ക്ക് അനുഭവവേദ്യമാക്കുന്നവയാണ് ചിന്തയുടെ പുതിയ സ്കീമുകള്‍. ആഗോളവല്‍ക്കരണ കാലത്തിന്റെ മുഖമുദ്രയായ കമ്പോളതന്ത്രങ്ങളോട് എതിരിട്ടുനില്ക്കാന് മികവും ആധുനികവല്‍ക്കരണവും ക്രിയാത്മകമായ പുത്തനാശയങ്ങളും ചിന്തയെ സഹായിക്കുന്നു. 'പ്രതിബദ്ധതയോടൊപ്പം പ്രഫഷണലിസം' എന്നതാണ് ചിന്തയുടെ പുതിയ സമീപനം. വൈജ്ഞാനിക സാഹിത്യത്തിലും ബാലസാഹിത്യത്തിലും ചിന്ത നടത്തുന്ന ചുവടുവയ്പുകള്‍ അതു സാക്ഷ്യപ്പെടുത്തുന്നു.
2018 © Chintha Publishers All Rights Reserved.