അനുഭവത്തിന്റെ സൂക്ഷ്മ-സ്ഥൂലതലങ്ങളെ അഭിസംബോ ധന ചെയ്ത് അവയുടെ അനന്യതയെ വാക്കിലൂടെ വീണ്ടെടുക്കാനുള്ള സഫലശ്രമങ്ങളുടെ സമാഹാരമാണ് ലംബവും തിരശ്ചീനവും. 'ഉറക്കത്തിന്റെ നൂലിഴകളായി/ പുസ്തകവരികള്‍ വേഷം മാറുന്ന'തു മുതല്‍ 'ലംബമായും തിരശ്ചീനമായും തഴച്ചുവളരുന്ന' ശൂന്യതയെവരെ വാക്കുകൊണ്ട് വീണ്ടെടുക്കാന്‍ ഈ സമാഹാരത്തിലെ കവിതകള്‍ക്ക് കഴിയുന്നു.
സുനില്‍ പി ഇളയിടം
സംഗീതാത്മകമാണ് മഞ്ജുവൈഖരിയുടെ കവിതകള്‍. പദങ്ങള്‍ മനോഹരമായും അനുരൂപമായും പരസ്പരം ഇണങ്ങിനില്ക്കുന്നു. കവിതയിലെ കല്പനകള് തമ്മിലും ഇണങ്ങിനില്ക്കുന്നു. ഇണക്കമാണ് മഞ്ജുവിന്റെ രചനകളുടെ അടയാളം. മഞ്ജുവൈഖരിയുടെ കവിതകളില്‍ പാട്ടുപോലെ ഹൃദയത്തെ ചേര്‍ത്തുവച്ച ഒരു മൂളലുണ്ടാകും. മറ്റുള്ളവരുടെ വേദനകളെ മാച്ചുകളയാനാണ് ഈ വിദ്യ.
രാവുണ്ണി
ഇത്തിരി വെട്ടത്തില്‍ മങ്ങിയ വെട്ടത്തിലാണ് എല്ലാ കവിതകളും പിറക്കുന്നത്. മറ്റു ഹൃദയങ്ങളിലേക്ക് കടന്നുചെല്ലുമ്പോഴാണ് അത് പ്രകാശമായി മാറുന്നത്. ഈ ആത്മമന്ത്രം വശമാക്കിയ കവയിത്രിയാണ് മഞ്ജുവൈഖരി.
ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്