Skip to main content
vinodinteyum-aravindanteyum-makal-avalokanam-banner

വിനോദിന്റെയും അരവിന്ദന്റെയും മകള്‍ - അവലോകനം

Submitted by admin on Wed, 12/05/2018 - 16:52

കഥയുടെ സുഗമപാരായണമല്ല, മറിച്ച് ദാര്‍ശനികമാനങ്ങള്‍ സമ്മാനിക്കുന്ന വായനയാണ് കെ ദിലീപ് കുമാറിന്റെ കഥകള്‍ക്കുള്ളത്. ഒരേസമയം ആഖ്യാനത്തിന്റെ നിര്‍മമതയില്‍ അടുക്കുകയും അകലുകയും ചെയ്യുന്ന കഥാന്തരീക്ഷം ചിലപ്പോള്‍ സ്വപ്ന സന്നിഭമാവാറുണ്ട്. നാലു പതിറ്റാണ്ടു കാലമായി മലയാളകഥയില്‍ സ്വന്തം പാത വെട്ടിത്തെളിച്ച് അതിലൂടെയാണ് കെ ദിലീപ് കുമാര്‍ യാത്ര ചെയ്യുന്നത്. കഥയുടെ മനസ്സ് തലച്ചോറിനകത്ത് ഭദ്രമാകുന്നതു കാണാന്‍ ഈ എഴുത്തുകാരന്റെ കഥകള്‍ വായിച്ചാല്‍ മതി.
പതിനൊന്ന് കഥകളും വേറിട്ട അനുഭവമാണ് - വിനോദിന്റെയും അരവിന്ദന്റെയും മകള്‍ എന്ന കഥാസമാഹാരം. പ്രസാധനം: ചിന്താ പബ്ലിഷേഴ്‌സ് വായനക്കാര്‍ക്ക് സമ്മാനിക്കുന്നത്. ഈ കഥകളുടെ പൊതുസ്വഭാവങ്ങളെ പതിനൊന്നായി വിഭജിക്കാം. അവയ്‌ക്കോരോന്നിനും ഉദാഹരിക്കാന്‍ ഓരോ കഥകളും. കെ ദിലീപ് കുമാറിന്റെ കഥകളിലെ കഥാപാത്രങ്ങള്‍ക്കെല്ലാം ഊരും പേരുമുണ്ടെങ്കിലും അവരോരുത്തരും ടൈപ്പുകളാണ്. ഹൃദയപക്ഷത്തേക്ക് പതിഞ്ഞു പോകുന്നവരോ ഹൃദയം കൊണ്ട് ജീവിക്കുന്നവരോ അല്ല. ആയിരിക്കാമെങ്കിലും കഥാകൃത്തിന്റെ ആഖ്യാനം അത്തരത്തിലേക്കു കൂട്ടിക്കൊണ്ടു പോകുന്നില്ല. ആശയപരമായ നിലപാടുകളിലാണ് കഥാകൃത്തിന് ഏറെ താല്പര്യം. മനസ്സിനെക്കാള്‍ തലച്ചോറില്‍ കുറിച്ച കഥകളായതുകൊണ്ടാവാം ഭാഷയിലും ആഖ്യാനത്തിലും ഊഷരമാണീ കഥകള്‍. കാല്പനിക ലാവണ്യത്തിനു പുറംതിരിഞ്ഞു നില്ക്കുന്ന ഈ കഥകള്‍ക്ക് യഥാര്‍ത്ഥ്യത്തിന്റെ തീക്ഷ്ണമായ പ്രസരിപ്പുണ്ട്.
അന്യഥാബോധമുണര്‍ത്തുകയും വിഹ്വലമായ ചുറ്റുപാടുകളില്‍ ഒറ്റപ്പെടുകയും ചെയ്യുന്ന നിസ്സഹായരായ മനുഷ്യര്‍ കെ ദിലീപ് കുമാറിന്റെ കഥകളില്‍ മാറി മാറി നിറയുന്നുണ്ട്. ''ഇപ്പോള്‍ തെരുവില്‍ മനുഷ്യരില്ല. നഗരം കെട്ടിക്കിടക്കുന്ന ഒരു തടാകമാണ്. തടാകത്തില്‍ പൊങ്ങിക്കിടക്കുന്ന അഴുകിയതും അഴുകാത്തതുമായ ശവങ്ങള്‍!'' - 'ശിലാശലഭവിലാപം' എന്ന കഥയുടെ അന്തരീക്ഷമാണിത്. കലാപത്തിന്റെ രാത്രിയില്‍ തിരക്കിട്ട് വീട്ടില്‍നിന്നും ഷെല്‍ട്ടറിലേക്ക് കുതിക്കുന്ന മുഖ്യ കഥാപാത്രം മോഹന്‍ദാസ്, അയാളുടെ ഭാര്യ കസ്തൂരിയെ കണ്ടുമുട്ടുന്നത് ഷെല്‍ട്ടറിലെ യാതനാനിര്‍ഭരമായ നിമിഷങ്ങളിലൊന്നില്‍ ഒരു മിന്നായം പോലെയാണ്. ഭക്ഷണപ്പൊതി അയാളുടെ നേര്‍ക്കുനീട്ടി കടന്നുപോകുന്നവള്‍. തിരക്കിനിടയില്‍ കാണുന്ന കാഴ്ചയാണിത്. അത് സത്യമാണോ മിഥ്യയാണോ എന്ന കാര്യം പോലും അയാള്‍ക്കറിയില്ല. ശിഥിലമായ കുടുംബബന്ധങ്ങളും കരുണവറ്റിയ ദാരുണമായ ജീവിതാവസ്ഥയും അഭയകേന്ദ്രത്തിലെ തീക്ഷ്ണമായ ദുരന്തസൂചനകളും വ്യക്തിയിലുണര്‍ത്തുന്ന അമ്പരപ്പ് വെളിപ്പെടുത്തുന്ന കഥയാണിത്. അനാഥമായൊരവസ്ഥ. ഏകാന്തത. തിരക്കിനിടയില്‍ ചവിട്ടിമെതിക്കപ്പെടുന്ന മനുഷ്യ ശരീരങ്ങള്‍.ആധുനിക ജീവിതത്തിന്റെ തരംഗവ്യാപ്തിയില്‍ കഥ അഭയമരുളുകയാണ്.
കഥ സ്വപ്ന സദൃശമായ രൂപകമാകുന്ന മാന്ത്രികവിദ്യ കഥയില്‍ പ്രയോഗിക്കുന്ന കഥാകാരനാണ് കെ ദിലീപ് കുമാര്‍. 'പുറമ്പോക്ക്' എന്ന കഥയില്‍ രജനിയെ 'രജനി ടവര്‍' ആക്കുകയും ആ ഒന്‍പതുനില മന്ദിരത്തെ അവളുടെ നഗ്നമായ പ്രതിമയുമായി സാദൃശ്യപ്പെടുത്തുകയും ചെയ്യുന്നു. ഒന്‍പതാം നിലയിലിരുന്ന് വിസ്തൃതഭൂഖണ്ഡങ്ങളായി ജീവിതത്തെ ആലേഖനം ചെയ്യുന്ന രജനി. അവളുടെ ഉടല്‍കൊണ്ട് നേടിയ മഹാസാമ്രാജ്യത്തിലേക്കുള്ള വഴികളാണ് ഈ കഥയില്‍. കണ്ണടച്ചു തുറക്കുമ്പോഴേക്ക് സ്വപ്നത്തിലെന്നവണ്ണം സൗഭാഗ്യങ്ങള്‍ വന്നുകേറുന്നതിലൂടെ കഥ സഞ്ചരിക്കുന്നു. ''കലക്കവെള്ളം ചുവന്നു. പിന്നെ ഇളം മഞ്ഞനിറമുള്ള വല അതിന്മേല്‍ പടര്‍ന്നു. വയലറ്റു നിറമുള്ള നിശ്ശബ്ദതയുടെ ദളങ്ങള്‍ പെരുകി.'' ഇത്തരം ആഖ്യാനങ്ങളില്‍ നിറയുന്ന സ്വപ്നാടനബിംബങ്ങള്‍ വര്‍ണ്ണദൃശ്യങ്ങളുടെ അലുക്കുകള്‍കൊണ്ട് കഥയ്ക്ക് നല്കുന്ന ലാവണ്യം ചെറുതല്ല. ആദ്യകാലത്തെ രജനിയുടെ ജീവിതാവസ്ഥയെ കഥാകൃത്ത് ആഖ്യാനം ചെയ്യുന്നത് ഇപ്രകാരമാണ്: ''കഞ്ചാവിന്റെ പുകയില്‍, പാതിവെന്ത മരച്ചീനിക്കഷണങ്ങള്‍ പോലെ പലതും അവ്യക്തമായി. രുചിയില്‍ മാത്രമല്ല, കാഴ്ചയിലും പാതിവെന്ത മരച്ചീനിക്കഷണങ്ങള്‍ക്കു സമാനമായ ജീവിതത്തില്‍ നിന്നാണവള്‍ ഒന്‍പതുനിലയിലേക്ക് വളര്‍ന്നത്! പക്ഷേ, കഥയുടെ ഒടുവില്‍ ടി വി അവതാരകന്‍ രവിയുടെ ക്യാമറ രജനിയുടെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് ബുള്‍ഡോസറായി കടന്നുവരികയാണ്. കഥാന്ത്യം ദുരന്തപൂര്‍ണ്ണവും കാമാതുകവുമാണ്. രതിയും മരണവും ജീവിതത്തിന്റെ ഇരുവശങ്ങളായി ദുരന്തം വിതയ്ക്കുകയാണ്. സ്വപ്നത്തിന്റെ അടരുകളില്‍ തീര്‍ത്തൊരു വന്യകല്പനയിലാണ് ഈ കഥ അവസാനിക്കുന്നത്. ''ഉദ്ധൃതമായ ബുള്‍ഡോസര്‍ അഞ്ചാം നില പിളര്‍ന്ന് ഉള്ളിലേക്ക് കടന്നുചെന്നു. മദ്യശാലയിലെ മദ്യവും തീന്‍മേശയിലെ വിഭവങ്ങളും നര്‍ത്തനശാലയിലെ നൃത്തവുമൊക്കെ കൂടിക്കലര്‍ന്ന് കൊഴുത്ത ഒരു ദ്രാവകം രജനി ടവറിന്റെ ചുവരുകളിലൂടെ ഒലിച്ചിറങ്ങുവാന്‍ തുടങ്ങി.''
ദുരന്തത്തിന്റെ ദുസ്സൂചനയാണ് കഥയുടെ അന്ത്യവരി ഒളിപ്പിച്ചുവച്ചിരിക്കുന്നത്. രജനി ടവറിന്റെ ചുവരുകളില്‍ക്കൂടി ഒലിച്ചിറങ്ങുന്ന കൊഴുത്ത ദ്രാവകത്തില്‍ രജനിയുടെ ജീവിതകാമനകളും കൈവരിച്ച ജൈത്രയാത്രകളുമുണ്ട്. അതെല്ലാംകൂടി ദ്രാവകരൂപിയായി ഒഴുകിവീഴുകയാണ്. പുറമ്പോക്കല്‍നിന്ന് കെട്ടിപ്പൊക്കിയതെല്ലാം ബുള്‍ഡോസര്‍ ഇടിച്ചുനിരത്തുമെന്ന സാമാന്യനീതിതത്വത്തില്‍നിന്ന് പെണ്ണിന്റെ ജീവിതത്തിലേക്ക് അവളെ ഇടിച്ചിറക്കാനെത്തിയ പുരുഷാകാരമായ ബുള്‍ഡോസറിന്റെ സ്വപ്നസന്നിവേശം ഗൂഢാര്‍ത്ഥത്തില്‍ ഈ കഥയില്‍ കാണാം. അതിന് സ്വപ്നഭാഷയും രൂപകവും ഈ കഥയില്‍ കൈകോര്‍ക്കുന്നു. വിചിത്ര രചനാശില്പമാണ് കഥാകൃത്ത് സ്വീകരിച്ചിരിക്കുന്നത്.

Leave a Comment

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
CAPTCHA This question is for testing whether or not you are a human visitor and to prevent automated spam submissions.