Skip to main content
rahasyajalakangal-avalokanam-banner

രഹസ്യജാലകങ്ങള്‍ - അവലോകനം

Submitted by admin on Tue, 12/04/2018 - 16:55

വി വി കുമാറിന്റെ കഥകള്‍ വെറും കഥകളല്ല. നമുക്ക് ചുറ്റും നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളാണ്. നാം ശ്രദ്ധിക്കാതെ പോകുന്ന ദൈനംദിന അനുഭവങ്ങളില്‍ നിന്നും സമകാലീന വാര്‍ത്തകളില്‍ നിന്നും അയാള്‍ കഥകള്‍ കണ്ടെടുത്തിരിക്കുന്നു. മിക്ക കഥയിലേയും കഥാപാത്രങ്ങള്‍ നമുക്ക് പരിചിതരാണ്. അവര്‍ ഇന്നലത്തെ പത്രവാര്‍ത്തയിലെ പ്രധാനനായകനോ അയല്‍ക്കൂട്ട സംഭാഷണങ്ങള്‍ക്കിടയില്‍ കടന്നുവരുന്ന  മുഖ്യവില്ലനോ ആകാം. നമ്മളൊന്നിച്ചു കടന്നുപോയ വഴികളില്‍ കണ്ടകാര്യങ്ങള്‍  നമ്മളറിയാത്ത ഭൂതക്കണ്ണാടിയിലൂടെ വേറിട്ട വീക്ഷണകോണില്‍ കുമാര്‍ നോക്കിക്കാണുകയാണ്. ആ ചില്ലിട്ട ഭൂതക്കണ്ണാടിയാണ് 'ചിന്ത പബ്ലിഷേഴ്‌സ്' പ്രസിദ്ധീകരിച്ച പതിനഞ്ചു ചെറുകഥകളടങ്ങിയ 'രഹസ്യജാലകങ്ങള്‍'.              
ഓരോ കഥകളെയും വ്യത്യസ്തമായ ആഖ്യാനശൈലികളിലൂടെയാണ് ഈ കഥ പറച്ചിലുകാരന്‍ പറഞ്ഞു വച്ചിരിക്കുന്നത്. 'സാമൂഹ്യപാഠമെന്ന' കഥയിലെ വിപ്ലവകാരി ഫാസിസ്റ്റ് ശക്തികളാല്‍ ഒരു വീടിനു ബോംബിടാന്‍ വിധിക്കപ്പെട്ട് ചായ്പ്പില്‍ കാത്തിരിക്കുമ്പോള്‍ അകത്തെ മുറിയിലെ പെണ്‍കുട്ടി വായിച്ചു പഠിക്കുകയാണ്. 'നാം നമ്മുടെ യഥാര്‍ത്ഥ ശത്രുവിനെയോ പ്രശ്‌നത്തെയോ കാണുന്നില്ല. രാഷ്ട്രീയത്തിലെ പ്രശ്‌നവും ഇതുതന്നെയാണ്. ജപിച്ചുവിടപ്പെട്ട ഒരാളെക്കൊണ്ട് വലിയ ക്രൂരതകള്‍ ചെയ്യിക്കാം.കപ്പലുകള്‍ മാത്രമല്ല, ഭരണകൂടങ്ങളേയും സംഘടനകളെയും തുരങ്കം വയ്ക്കാം. പാപം ചെയ്തുകൊണ്ട് തന്നെ പാപബോധത്തില്‍ നിന്നും മുക്തി നേടുവാന്‍ വിശ്വാസങ്ങള്‍ മനുഷ്യനെ സന്നദ്ധമാക്കിയിട്ടുണ്ട്. അതുകൊണ്ട് ചരിത്രഗതിയെക്കുറിച്ചുള്ള ബോധം പോലെ തന്നെ മനുഷ്യമനസ്സിന്റെ അന്തര്‍ധാരകളെക്കുറിച്ചുള്ള ബോധവും ഒരു വിപ്ലവകാരിക്ക് അനിവാര്യമായിത്തീരുന്നു'. വിപ്ലവകാരിയുടെ മനഃശാസ്ത്രത്തെ വിശകലനം ചെയ്യാന്‍ ഇതിനേക്കാള്‍ മനോഹരമായ മറ്റേതവസരമാണുള്ളത്. തത്വശാസ്ത്രങ്ങള്‍ മുഴച്ചു നില്‍ക്കാതെ കഥയോട് ലയിപ്പിച്ചു ചേര്‍ക്കുന്ന എഴുത്തുരീതി.
'ഒറ്റവൈക്കോല്‍ വിപ്ലവത്തില്‍' നഗരത്തിലെ ഏറ്റവും വലിയ ഫ്‌ളാറ്റ് സമുച്ചയം ഉയര്‍ന്നുവന്നപ്പോള്‍ കിടപ്പാടം നഷ്ടപ്പെട്ട ദിവാകരന്‍ മാഷിനെ പരിചയപ്പെടുത്തുന്നതിങ്ങനെയാണ്; 'മധ്യവയസ്‌ക്കനും പ്രാകൃതനുമായ ഒരാള്‍ ഏഴാം നിലയിലെ കോറിഡോറില്‍ പ്രത്യക്ഷപ്പെട്ടു. പ്രത്യക്ഷപ്പെട്ടു എന്ന വാക്ക് അളന്നുതൂക്കി തന്നെയാണ് പ്രയോഗിച്ചത്. സദാ പോലീസിന്റെ നിരീക്ഷണത്തിലുള്ള, സെക്യൂരിറ്റി ഗാര്‍ഡിന്റെ മൂന്ന് വലയങ്ങളുള്ള, ചുറ്റും നിരീക്ഷണ ക്യാമറകളുള്ള ഫ്‌ളാറ്റിനുള്ളിലെ ഏഴാം നിലയിലൊരപരിചിതന്‍ കടന്നുവരികയെന്നത് സങ്കല്പാതീതം തന്നെ. അപ്പോള്‍ പ്രത്യക്ഷപ്പെട്ടു എന്നല്ലാതെ മറ്റെന്തു വാക്കാണ് പ്രയോഗിക്കേണ്ടത്?'.
അയാളുടെ മാനസികനില വ്യക്തമാക്കിയിരിക്കുന്നതിങ്ങനെയാണ്; 'കുറേക്കൂടി വിശദമായി പറഞ്ഞാല്‍ നിങ്ങളെ പ്രഹരിക്കാന്‍ ഉല്‍ക്കടമായി ആഗ്രഹിക്കുകയും എന്നാല്‍ നിങ്ങള്‍ പ്രഹരിച്ചേക്കുമെന്ന് ഭയപ്പെടുകയും ചെയ്യുന്ന ഒരുവനെ പോലെയായിരുന്നു ആ മനുഷ്യന്‍'. ഒരാളുടെ അന്തര്‍സംഘര്‍ഷങ്ങളായ ഭയവും രോഷവും ഇതിലും മനോഹരമായി അവതരിപ്പിക്കുന്നതെങ്ങനെ..!
'പരമകാരുണികനായ ദൈവമേ' എന്ന കഥയില്‍ വിശ്വാസത്തിനും അവിശ്വാസത്തിനും ഇടയില്‍ ശ്വാസം കിട്ടാതെ പിടച്ച ഹരിനാരായണന്‍ ഒരു ഗസറ്റ് വിജ്ഞാപനത്തിലൂടെ കെ.എസ്. ധീരനായി മാറുമ്പോള്‍ വായനക്കാരന് മനസിലാകും അത് മറ്റാരുമല്ല, താന്‍ തന്നെയാണെന്ന്, തനിക്ക് നേരെപിടിച്ച മുഖക്കണ്ണാടിയാണതെന്ന്.
കഥകളെല്ലാം നമുക്ക് ഭൂതകാലത്തിന്റെ സ്മരണകളാണ്. എന്നാല്‍ 'റസാഖിന്റെ ജീവചരിത്രം' ഭൂതകാലത്തില്‍ തുടങ്ങി, അവസാന അദ്ധ്യായം പിരിമുറുക്കം ഒട്ടുംചോര്‍ന്നുപോകാതിരിക്കാന്‍ തത്സമയം സംപ്രേക്ഷണം ചെയ്യുകയാണെന്ന കഥാകാരന്റെ  മുഖവുരയോടെ,  വര്‍ത്തമാനകാലത്തില്‍ പറഞ്ഞവസാനിപ്പിക്കുന്ന എഴുത്തിന്റെ രസതന്ത്രം.
എഴുത്തുകാരന്‍ ഒളിച്ചുനില്‍ക്കുകയോ തെളിഞ്ഞു നില്‍ക്കുകയോ ചെയ്യുന്നില്ല. കഥാപാത്രങ്ങള്‍ക്കൊപ്പം സഞ്ചരിച്ച്, അവരിലൊരാളായി, വൈകാരികതയില്‍ കഥാപാത്രങ്ങള്‍ വിട്ടുപോകുന്ന ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്തു കഥാസംഗ്രഹിക്കാന്‍ സഹായിയായി മാറുന്ന സമകാലീന എഴുത്തിന്റെ ഏറ്റവും പുതിയ മുഖം. പുസ്തകത്തിന്റെ ബ്ലര്‍ബില്‍ സൂചിപ്പിച്ചിരിക്കുന്നതുപോലെ സാമൂഹിക പ്രതിബദ്ധതയിലും രാഷ്ട്രീയ ഇച്ഛാശക്തിയിലും ഉരുവായ വിമര്‍ശനങ്ങള്‍ കറുത്ത ഫലിതത്തിനുള്ളില്‍ അടക്കം ചെയ്തു പറയുന്ന രചനാകൗശലം. വി.വി.കുമാര്‍ ജാലകങ്ങളിലൂടെ ഒളിഞ്ഞു നോക്കിയ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയല്ല ചെയ്യുന്നത്, മറിച്ച് അതേ 'രഹസ്യജാലകങ്ങളിലൂടെ' നോക്കാന്‍ നമ്മെയും പ്രേരിപ്പിക്കുകയാണ്.

Leave a Comment

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
CAPTCHA This question is for testing whether or not you are a human visitor and to prevent automated spam submissions.