Skip to main content
pranayavum-rogavum-avalokanam-banner

പ്രണയവും രോഗവും - അവലോകനം

Submitted by admin on Wed, 12/05/2018 - 17:36

പ്രണയത്തെ വാഴ്ത്തിപ്പാടുന്നവയാണ് നമ്മുടെ മിക്ക ലോക ക്ലാസിക്കുകളും. നമ്മുടെ കവികളെല്ലാം തന്നെ പ്രണയഭാവങ്ങളുടെ പ്രോദ്ഘാടകരാണ്. കലയും സാഹിത്യവും പ്രണയഗന്ധത്തിന്റെ ഊഷ്മളത തിങ്ങി നിറഞ്ഞവയാണ്. പ്രണയബിംബങ്ങളുടെ നിഴല്‍ വീണു ജീവനിട്ട സാഹിത്യകൃതികള്‍ നമ്മുടെ പ്രണയബോധത്തിനുപോലും മുതല്‍ക്കൂട്ടാണ്. പ്രണയിനിക്കായി ചെങ്കോലും കിരീടവുമുപേക്ഷിച്ച ചക്രവര്‍ത്തിമാരും കാമുകിക്കായി സ്വന്തം കാതുകള്‍ നല്കിയ വാങ്‌ഗോഗും നമുക്ക് സ്വന്തം.
പ്രണയത്തിന് രണ്ട് അംശങ്ങളുണ്ട്. ഊര്‍ജ്ജാംശവും ഭാവാംശവും. മസ്തിഷ്‌കത്തിലെ നാഡീകോശങ്ങളില്‍ ജൈവരാസപ്രതിപ്രവര്‍ത്തനത്തനങ്ങളുടെ ഫലമായി ഉല്പാദിപ്പിക്കുന്ന ഊര്‍ജ്ജമാണ് നമ്മുടെ ചിന്തയ്ക്കും മാനസിക പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടത്. പ്രണയം ഒരു മാനസികാവസ്ഥയാണ്. അതിന് മാനസികോര്‍ജ്ജം വേണം. പ്രണയം ഒരാള്‍ തിരിച്ചറിയുന്നത് ഭാവ പ്രകടനങ്ങളിലൂടെയാണ്. ഒരാളുടെ മനസ്സ് എന്നത് അയാളുടെ പെരുമാറ്റമാണ്. ഒരു മാനസികാവസ്ഥയുടെ പ്രകടനമാണ്. പ്രകടിപ്പിക്കപ്പെടുന്ന ഭാവാംശത്തില്‍ ഹോര്‍മോണുകളുടെ പിന്‍ബലമുണ്ട്.
ഊര്‍ജ്ജവും പദാര്‍ത്ഥവുമെന്നപോലെ മനസ്സും ശരീരവും ചേര്‍ന്ന ഒരു പൊതിയാണ് നാം. ശരീരവും മനസ്സും ഒന്നിന്റെ രണ്ടു ഭാവങ്ങളാണ്. ശരീരത്തിന്റെ ഉല്പന്നമാണ് മനസ്സ്. ജൈവകോശങ്ങളില്‍ ഊര്‍ജ്ജമുണരുന്നു. അങ്ങനെ ജീവന്റെ ഗന്ധമുയരുന്നു. അഭൗമമായ മനസ്സ് ഭൗമ ശരീരത്തിന്റെ ചെറിയൊരു സ്പന്ദനത്തിന്റെപോലും താളമറിയുന്നു. ഇവിടെ ശരീരവും മനസ്സും ഒന്നിന്റെ ദ്വന്ദ്വഭാവമായി രണ്ടായും അതേ സമയം ഒന്നായും നിലനില്ക്കുന്നു. അങ്ങനെ ശരീരത്തിന്റെ സ്പന്ദനങ്ങള്‍ മനസ്സിനെയും മനസ്സിന്റെ സ്പന്ദനങ്ങള്‍ ശരീരത്തെയും ബാധിക്കുന്നു. ശരീരത്തിനനുഭവപ്പെടുന്ന സന്തോഷവും വേദനകളും മനസ്സിനനുഭവപ്പെടുന്നതുപോലെ മനസ്സിന്റെ വേവലാതികള്‍ ശരീരത്തിലും പ്രകടമാവുന്നു.
ശരീരവും മനസ്സും പദാര്‍ത്ഥവും ഊര്‍ജ്ജവുമെന്നപോലെ പരസ്പരപൂരകമായി വര്‍ത്തിക്കുന്നു. അപ്പോഴാണ് ഒരു ജീവിയുടെ ആരോഗ്യാവസ്ഥ സംതുലിതമാവുന്നത്. ബാഹ്യമായ ചോദനകളും ഹോര്‍മോണുകളും മാനസികോര്‍ജ്ജത്തെ ബാധിക്കുന്നു. ബാഹ്യചോദനകളുടെയും ഹോര്‍മോണുകളുടേയും സ്വാധീനമാണ് ഒരു വിഷയത്തിലുള്ള വികാരപ്രകടനങ്ങളിലെ കൂടുതല്‍ കുറവിനു കാരണമാവുന്നത്.
ഒരു ജീവിയുടെ നിലനില്പുമായി ബന്ധപ്പെട്ട് മാനസികവും ശാരീരികവുമായ പ്രവര്‍ത്തനങ്ങളും പ്രതികരണങ്ങളുമുണ്ട്. അക്കാര്യത്തില്‍ ശരീരാവയവങ്ങളും അവയവ സമൂഹവും നിമഗ്നമായിരിക്കുന്നു. അതിനൊക്കെയും ഒരു മിതത്ത്വമുണ്ട്. അതാണ് സാധാരണയായി നാം ഒരുവനില്‍ ദര്‍ശിക്കുന്നത്. അക്കാര്യങ്ങളിലുണ്ടാവുന്ന കൂടുതല്‍ കുറവ് രോഗാവസ്ഥയായി കാണേണ്ടതായി വരുന്നു. ഉദാഹരണമായി അകാരണമായ അമിത ക്ഷോഭപ്രകടനം. അത് അനാരോഗ്യകരമാണ്. അതിനു കാരണം ബാഹ്യചോദനകളും ഹോര്‍മോണുകളുടെ സ്വാധീനവും പിന്നെ ജനിതകവുമാണ്. അമിത ക്ഷോഭഘട്ടങ്ങളില്‍ നാം അധിക ഊര്‍ജ്ജം ചെലവിടേണ്ടതായി വരുന്നു. ക്ഷോഭം വേണ്ടിടത്തു പോലും ഒരു തരം മരവിപ്പ് ചിലരില്‍ കാണാവുന്നതാണ്. അയാളുടെ മനസ്സില്‍ പ്രതികരണശേഷി കെട്ടിരിക്കുന്നു എന്നാണ് നാം മനസ്സിലാക്കേണ്ടത്. അതും അനാരോഗ്യകരമാണ്.
പ്രണയത്തിന് അതിന്റേതായ ഭാവതലമുണ്ട്. ഭാവം പ്രകടനാത്മകമാണ്. പ്രണയം അനുഭവിക്കുന്നവരുടെ പ്രതികരണവും പ്രധാനമാണ്. പ്രണയം ഒരു ലക്ഷ്യത്തിലേക്കുള്ള വാതിലാണ്. പ്രണയ പ്രകടനങ്ങളിലുണ്ടാവുന്ന അധിക ഭാവങ്ങളും പ്രണയത്തോടു കാട്ടുന്ന മരവിപ്പും തീര്‍ച്ചയായും അനാരോഗ്യകരമാണ്. ഇണകള്‍ പരസ്പരമുള്ള ജൈവീകവിനിമയങ്ങളും ബന്ധങ്ങളും പ്രകൃതിയുടെ നിലനില്പിന് അനിവാര്യമാണ്. ജൈവരൂപങ്ങളുടെ അസ്ഥിത്വമാണത്. എന്നാല്‍ അതിനുമുണ്ട് മിതത്ത്വം. ആവശ്യത്തിനു മാത്രം. അതിരുവിട്ടാലോ അത് അനാരോഗ്യകരമാണ്. ജൈവീക വിനിമയങ്ങള്‍ നഷ്ടമാവുന്ന അവസ്ഥയും അനാരോഗ്യകരം തന്നെ.
അപ്പോള്‍ ആരോഗ്യമോ? അത് ശാരീരികമായും മാനസികമായും ചുറ്റുപാടിനെ അതിജീവിക്കുന്നതാണ്. പരിസരവുമായി സമരസപ്പെട്ട് ജീവിക്കുന്നതാണാരോഗ്യം. മാറുന്ന പരിസ്ഥിതിക്കൊത്ത് നിലനില്ക്കണം. നിലനില്പിനായി മനസ്സുകൊണ്ടും ശരീരംകൊണ്ടും ഒരു യുദ്ധം. ജൈവഭാവവും ഊര്‍ജ്ജാംശവുംകൊണ്ട് ഒരു സമരം. യുദ്ധം ചെയ്ത് നിലനില്ക്കുക. അതിന് കഴിയണം. അതാണാരോഗ്യം. അതിന് കഴിയാത്തതാണോ രോഗാവസ്ഥ? രോഗാവസ്ഥ എന്നാല്‍ അനാരോഗ്യകരമായ അവസ്ഥ എന്നാണോ?
വയറുവേദന ഒരു രോഗമാണ്. ശരീരത്തിനു വരുന്ന രോഗം. ഒരു പരിധി വരെ അത് ഒരാള്‍ സഹിക്കും. സഹനം വ്യക്തിപരമാണ്. സഹിക്കുക മാനസികമാണ്. ഒരു പരിധി കഴിഞ്ഞാല്‍ സഹിക്കാനാവാതെ വരും. അയാള്‍ കരയാനും വിളിക്കാനും ഓരോന്ന് കാട്ടാനും തുടങ്ങുന്നു. രോഗി അബോധാവസ്ഥയിലെത്താനും അതുമതി. അപ്പോള്‍ രോഗം മാനസിക തലത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുന്നുവെന്നര്‍ത്ഥം. രോഗിയുടെ മനോനിലയ്ക്കു കൂടി പ്രാധാന്യമുണ്ടെന്ന് മനസ്സിലാക്കണം.
രോഗം വരുമെന്ന ഭീതി മാനസികമാണ്. ആ ഭയം ഉറഞ്ഞു കൂടി ചില ശാരീരിക ലക്ഷണങ്ങള്‍ക്ക് ഇടവരുത്തുന്നു. ഇവിടെ മനോനില ശാരീരികാവസ്ഥയെ സ്വാധീനിക്കുന്നു. പേവിഷബാധയെയും ഇടിമിന്നലിനെയും പാറ്റയെയും പല്ലിയെയും പേടിക്കുന്നവരുണ്ട്. അവര്‍ക്ക് മാനസികാരോഗ്യത്തില്‍ കുറവുകളുണ്ട്. അവര്‍ രോഗികളാണോ?
ആരോഗ്യാവസ്ഥയ്ക്കും അനാരോഗ്യാവസ്ഥയ്ക്കും അതിര്‍വരമ്പിടുക എളുപ്പമല്ല. നാം ഒരേ സമയം ആരോഗ്യവാന്മാരും അനാരോഗ്യവാന്മാരുമാണ്. നിര്‍വ്വചനത്തിന്റെ അതിര്‍വരമ്പുകളിട്ട് അളന്നെടുക്കാനാവാത്തതാണ് ആരോഗ്യാനാരോഗ്യാവസ്ഥകള്‍. സ്ഥലം, സന്ദര്‍ഭം, ചുറ്റുപാട് ഇത്യാദിഘടകങ്ങളുടെ കൂടി സഹായത്താല്‍ വിലയിരുത്തപ്പെടേണ്ടതാണ്.
ഭക്ഷണം കഴിക്കല്‍, മലമൂത്രവിസര്‍ജ്ജനം, ശ്വസനം, ലൈംഗികബന്ധം ഇവയൊക്കെയും നിലനില്പിനാധാരമായി വര്‍ത്തിക്കുന്ന ജീവല്‍ പ്രക്രിയകളാണ്. മനുഷ്യര്‍ക്കെന്നല്ല സകലമാന ജീവജാതികള്‍ക്കും ഈ സ്വഭാവവിശേഷങ്ങളുണ്ട്.
ഭക്ഷണം അനിവാര്യമാണ്. നിങ്ങള്‍ അമിതാഹാരം കഴിച്ചു നോക്കുക. വയറു സ്തംഭിക്കാം. ദഹനക്കേട്, ശ്വാസംമുട്ടല്‍, വയറുവേദന ഇത്യാദി പ്രശ്‌നങ്ങളുണ്ടാവാം. അതിനാല്‍ അമിതാഹാരം പാടില്ല. അമിതാഹാരം  അനാരോഗ്യകരമാണ്. അമിതാഹാരംമൂലം രോഗങ്ങളുണ്ടാവുന്നു. ഈ വക രോഗങ്ങളെ അതിജീവിച്ച് അമിതാഹാരം കഴിക്കുന്നവരുണ്ട്. അപ്പോള്‍ അത് മാനസിക പ്രശ്‌നമാവുന്നു. അമിതാഹാരം കഴിക്കുകയും വായില്‍ വിരലിട്ട് കഴിച്ചത് ഛര്‍ദ്ദിക്കുന്നവരുമുണ്ട്.
മലശോധനയുടെ സുഖമറിയണമെങ്കില്‍ മലബന്ധമുണ്ടാവണം. കാര്യമായൊരു മലബന്ധത്തിനുശേഷം ഉണ്ടാവുന്ന മലശോധന. ആ സുഖമറിയണമെങ്കില്‍ അതനുഭവിച്ചവരോട് ചോദിക്കുക. മലം എപ്പോഴും പൊയ്‌ക്കൊണ്ടിരുന്നാലോ. അത് പ്രശ്‌നമാണ്. ബുദ്ധിമുട്ടുണ്ടാക്കും.അത് രോഗാവസ്ഥയാണ്. മൂത്രമൊഴിക്കാന്‍ തോന്നുന്നു. എന്നാല്‍ അതിലേക്ക് സൗകര്യം ലഭിക്കുന്നില്ല. മൂത്രശങ്കയെ ഏറെ നേരം പിടിച്ചുനിറുത്തി. ഒടുവില്‍ മൂത്രമൊഴിക്കാനവസരം ലഭിക്കുന്നു. എന്തൊരു സുഖം. ആ സുഖം ഏതാണ്ട് എല്ലാവരും അനുഭവിച്ചിരിക്കും. എന്നാല്‍ നിരന്തരം മൂത്രശങ്കയുണ്ടായാലോ? അത് പ്രശ്‌നമാണ്. രോഗമാണ്.
താങ്കളുടെ സുഹൃത്തിന് താങ്കളോട് അമിതമായ അടുപ്പമാണ്. വ്യക്തിജീവിതത്തില്‍ വരെ ബുദ്ധിമുട്ടുണ്ടാക്കും വിധം അത് വളര്‍ന്നാലോ? അത് പ്രശ്‌നമാവും. അനാരോഗ്യകരമാണ്. അത് മനോരോഗത്തിന്റെ തലത്തോളം വളര്‍ന്നുകൂടായെന്നില്ല.
ഉപരിവര്‍ഗ്ഗം ജീവജാതികള്‍ സന്താനോല്പാദനം നടത്തുന്നത് ലൈംഗികോല്പാദനത്തിലൂടെയാണ്. മെച്ചപ്പെട്ട തലമുറയുടെ സൃഷ്ടിക്ക് ലൈംഗികോല്പാദനം തന്നെ വേണം. മനുഷ്യനും ജൈവബന്ധത്തിന്റെ കണ്ണി നിലനിറുത്താന്‍ ലൈംഗികബന്ധം അനിവാര്യമാവുന്നു. രതിക്രീഡകള്‍ സുഖകരമാവുമ്പോള്‍ ശുക്ലവിസര്‍ജ്ജനം അനിവാര്യമാവുന്ന ഘട്ടങ്ങളിലെങ്കിലും സുരതപ്രക്രിയ വേണ്ടി വരുന്നു. അങ്ങനെ അല്ലാതെയും സുരതസൗഖ്യം ആസ്വദിക്കാം. എന്നാല്‍ ദിവസം മുഴുവന്‍ സമയവും ഒരു പുരുഷന്‍ സുരതവേലയ്ക്ക് ആഗ്രഹിച്ചാലോ? അത് പ്രശ്‌നമാണ്. ഇണയ്ക്ക് താങ്ങാനായി എന്നു വരില്ല. അയാള്‍ക്ക് ശാരീരിക പ്രശ്‌നമാവാം. അതൊരു രോഗമായി കാണേണ്ടതായി വരും.
കാമചോദന നഷ്ടപ്പെട്ടവന് പ്രണയവും നഷ്ടപ്പെടാറുണ്ട്. കാമലഭ്യതയിലേക്കുള്ള വഴിയാണ് പ്രണയം. പരിണാമശൃംഖലയില്‍ ഉപരിവര്‍ഗ്ഗമായ മനുഷ്യനുള്ള ഒരു സ്വാഭാവിക ഗുണമാണ് പ്രണയം. താണവര്‍ഗ്ഗം ജീവികളിലും ഇത്തരം സ്വാഭാവിക ഗുണവിശേഷം പ്രകടമാണെങ്കിലും ഇത്രയേറെ കലാത്മകത ലഭ്യമല്ല. അതിനാല്‍ പ്രണയമെന്ന പദത്തിനു പകരം മറ്റൊന്നുപയോഗിക്കുന്നുവെന്നേയുള്ളു. എന്നാല്‍ പ്രാവുകളിലും തൂക്കണാംകുരുവികളിലും ശ്രദ്ധിച്ചാല്‍ അവയുടെ പ്രണയ ചേഷ്ടകള്‍ക്ക് നമുക്കിടയില്‍ കാണുന്നതിനേക്കാള്‍ മെച്ചപ്പെട്ട നിലയില്‍ കലാത്മകത്വം ദര്‍ശിക്കാവുന്നതാണ്. പ്രണയ വിചാരങ്ങള്‍ക്കും പ്രണയഭാവങ്ങള്‍ക്കും ഹോര്‍മോണുകളുടെ സ്വാധീനമുണ്ട്. അതിനനുസരിച്ച് പ്രണയ തീവ്രതയിലും ഏറ്റക്കുറച്ചിലുണ്ടാവും.
സ്വാര്‍ത്ഥത ജീവജാതികള്‍ക്കുള്ള ഒരടിസ്ഥാന വാസനയാണ്. നിലനില്പിനു അത്യാവശ്യമാണ്. ജീവിതവിജയത്തിനും കുടുംബബന്ധങ്ങളുടെ സുസ്ഥിരതയ്ക്കും സ്വാര്‍ത്ഥത ഒരു പരിധി വരെ വേണം. പ്രണയ ജോഡികള്‍ക്കിടയിലും സ്വാര്‍ത്ഥത കാണാം. എന്നാല്‍ സ്വാര്‍ത്ഥത കൂടിയാലോ? ആ അവസ്ഥ അനാരോഗ്യകരമാണ്. വര്‍ദ്ധിച്ച സ്വാര്‍ത്ഥതയാല്‍ കാട്ടിക്കൂട്ടുന്ന വിക്രിയകള്‍ രോഗാതുരമായ മനസ്സിന്റേതാണ്.
പ്രണയം ഒരു രോഗലക്ഷണമാവുന്ന അവസ്ഥയുണ്ട്. മനോരോഗം പ്രണയതീവ്രതയ്ക്ക് കാരണമാവാം. മഹാനായ ചിത്രകാരന്‍ വാങ്‌ഗോങ് കാമുകിക്കായി സ്വന്തം ചെവി അറുത്ത് നല്കിയവനാണ്. അദ്ദേഹത്തിന്റെ ചിത്രകലയും പ്രണയവും ലക്ഷണയുക്തമായി വ്യാഖ്യാനിക്കാനാവാതെ പോയ ഒരു മനോവൈകല്യത്തിന്റെ ഭാഗമാവാം.
തീവ്രാനുരാഗം അനുഭവിക്കുന്ന കമിതാക്കളില്‍ സ്വാര്‍ത്ഥതയ്‌ക്കൊപ്പം സംശയരോഗവും പ്രവര്‍ത്തിക്കാറുണ്ട്. ഇണകളില്‍ ഒരാള്‍ക്കോ ഇരുവരിലുമോ അതുണ്ടാവാം. ഷേക്‌സ്പിയര്‍ നാടകമായ ഒഥല്ലൊയില്‍ അതിസുന്ദരിയായ ഡെസ്ഡമോണയുടെ ഭര്‍ത്താവാണ് വിരൂപനായ ഒഥല്ലൊ. തീവ്രാനുരാഗത്താല്‍ സ്വാര്‍ത്ഥനും സംശയഗ്രസ്തനുമായ ഒഥല്ലൊ ഡെസ്ഡമോണയെ കൊല്ലുകയാണ്. ഒഥല്ലൊയിലേക്ക് ഒരു രോഗം സന്നിവേശിക്കപ്പെടുകയാണ്. ആ രോഗമാണ് ഒരു വേല്‍ഡ് ക്ലാസിന്റെ ജനനത്തിന് മിത്ത് ആയി ഭവിച്ചത്. ലോകസുന്ദരി വിരൂപനെ പ്രേമിച്ചത് പ്രണയം ഒരു രോഗമായി അവരുടെ മനസ്സിനെ സ്വാധീനിച്ചതിനാലാവും. അങ്ങനെ സാഹിത്യഭാഷയില്‍ പവിത്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രണയത്തിന് ഒരു രോഗത്തിന്റെ മുഖമാര്‍ജ്ജിക്കുകയാണ്.

Leave a Comment

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
CAPTCHA This question is for testing whether or not you are a human visitor and to prevent automated spam submissions.