Skip to main content
Vykkam Chandrashekaran Nair
കോട്ടയം ജില്ലയിലെ വൈക്കത്ത് ജനിച്ചു. നോവലിസ്റ്റ്, നാടകകൃത്ത്, മാധ്യമപ്രവര്‍ത്തകന്‍, പ്രഭാഷകന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചു. കോട്ടയം സി എം എസ് കോളേജില്‍ പഠിക്കുമ്പോള്‍ രാഷ്ട്രീയ പ്രവര്‍ത്തകനായി. സാമ്പത്തികക്ലേശം നിമിത്തം പഠനം തുടരാനായില്ല. കേരളഭൂഷണം, മലയാളമനോരമ, പൗരപ്രഭ, കേരളം എന്നീ പത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലും അതിന്റെ സാഹിത്യ-സാംസ്‌കാരിക വിഭാഗത്തിലും സജീവ പ്രവര്‍ത്തകനായി. പാര്‍ട്ടി മുഖപത്രമായ ജനയുഗത്തിന്റെ സ്ഥാപക പത്രാധിപന്മാരില്‍ ഒരാള്‍. പിന്നീട് കുങ്കുമം, ചിത്രകാര്‍ത്തിക എന്നീ വാരികകളുടെ പത്രാധിപരായി. പത്രാധിപത്യം വഹിച്ചിരുന്ന പ്രസിദ്ധീകരണങ്ങളില്‍ ചിത്രങ്ങളും വരച്ചിരുന്നു. നാടകങ്ങളിലും സിനിമകളിലും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ഗോത്രദാഹം, സ്മൃതികാവ്യം, കയീന്റെ വംശം, ഒരു മൃദുസ്പര്‍ശം, നഖങ്ങള്‍, മാധവിക്കുട്ടി, പാമ്പുകളുടെ മാളം, നീലക്കടമ്പ്, ഉദ്ഘാടനം, ദാഹിക്കുന്നവരുടെ വഴി തുടങ്ങിയവയാണ് പ്രധാന നോവലുകള്‍. പഞ്ചവന്‍കാട്, സ്വാതിതിരുനാള്‍, മാമാങ്കരാത്രി, വേണാട്ടമ്മ, തെക്കംകൂര്‍, അടിയാത്തി, നീലക്കടല്‍ തുടങ്ങി നിരവധി ചരിത്രാഖ്യായികകളും രചിച്ചു. അനുഭവങ്ങളേ നന്ദി എന്ന ആത്മകഥയും, ബൈബിളിലേക്ക് ഒരു സഞ്ചാരം, മഹാഭാരതത്തിലൂടെ, പ്രാചീന നാടകത്തിലൂടെ ഒരു പര്യടനം എന്നീ പഠനങ്ങളും ഡോക്ടര്‍, തണ്ണീര്‍പ്പന്തല്‍, കുറ്റവും ശിക്ഷയും, കടന്നല്‍ക്കൂട്, ഉദേ്യാഗപര്‍വം, ജാതൂഗൃഹം, കാലൊച്ചകള്‍, സ്വീറ്റ്‌സെവന്റി, വെളിച്ചം കിഴക്കുതന്നെ തുടങ്ങി നിരവധി നാടകങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സംസ്ഥാനചലച്ചിത്ര അവാര്‍ഡ് എന്നിവയ്ക്ക് പുറമേ നാടകരംഗത്തെ മികച്ച സംഭാവനകള്‍ക്കുള്ള പുരസ്‌കാരം നല്‍കി സംസ്ഥാന സര്‍ക്കാര്‍ ആദരിച്ചു (1994). 2000 ല്‍ കേരള സാഹിത്യ അക്കാദമി മലയാളഭാഷയ്ക്കും സാഹിത്യത്തിനും നല്‍കിയ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം നല്‍കി ആദരിച്ചു. 1978-81 കാലയളവില്‍ കേരള സംഗീത നാടക അക്കാദമി അധ്യക്ഷനായിരുന്നു. 2005 ഏപ്രില്‍ 13 ന് തിരുവനന്തപുരത്ത് അന്തരിച്ചു.