Skip to main content
നോവലിസ്റ്റ്, നാടകകൃത്ത്, പത്രപ്രവര്‍ത്തകന്‍, പ്രഭാഷകന്‍ എന്നീ നിലകളില്‍ പ്രസിദ്ധനായ വൈക്കം 1920 ല്‍ ജനിച്ചു. കോട്ടയം സി എം എസ് കോളേജില്‍ പഠിക്കുമ്പോള്‍ രാഷ്ട്രീയപ്രവര്‍ത്തകനായി. പഠനം തുടര്‍ന്നില്ല. പത്രപ്രവര്‍ത്തനരംഗത്തിറങ്ങി, കേരളഭൂഷണം, മലയാള മനോരമ, പൗരപ്രഭ, കേരളം, ജനയുഗം, കൗമുദി, ചിത്രകാര്‍ത്തിക തുടങ്ങിയ ആനുകാലികങ്ങളില്‍ പ്രവര്‍ത്തിച്ചു. കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ സാഹിത്യ-സാംസ്‌കാരിക വിഭാഗത്തില്‍ സജീവ പ്രവര്‍ത്തകനായി. ജനയുഗം പത്രത്തിന്റെയും വാരികയുടെയും ആരംഭ പ്രവര്‍ത്തകരില്‍ ഒരാള്‍. കേരള സംഗീത നാടക അക്കാദമി ചെയര്‍മാനായി പ്രവര്‍ത്തിച്ചിരുന്നു (1978-81). വേദേതിഹാസങ്ങളുള്‍പ്പെടെ ഭാരതീയദര്‍ശനങ്ങളിലും പാശ്ചാത്യദര്‍ശനങ്ങളിലും നിരന്തരം പഠനം നടത്തിയിട്ടുള്ള വൈക്കം ദര്‍ശനം, സംഗീതം, ചിത്രകല, അഭിനയം ഇവയിലും തല്പരനായിരുന്നു. നല്ല ചിത്രകാരനുമായിരുന്നു. 1984 മുതല്‍ കുമാരി വാരികയുടെ ചീഫ് എഡിറ്റര്‍ ആയിരുന്നു. 2005 ഏപ്രില്‍ 20 ന് നിര്യാതനായി. പ്രധാന കൃതികള്‍: നഖങ്ങള്‍, പഞ്ചവന്‍കാട്, മാധവിക്കുട്ടി, നീലക്കടമ്പ്, ഡോക്ടര്‍, കുറ്റവും ശിക്ഷയും, ഉദ്യോഗപര്‍വ്വം (നാടകം) അനുഭവങ്ങളേ നന്ദി (2 വാള്യം - ആത്മകഥാപരമായ ലേഖനങ്ങള്‍).