Skip to main content
കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് 1926 ല്‍ ജനിച്ചു. അച്ഛന്‍ വിദ്വാന്‍ പനങ്കാവില്‍ ദാമോദരന്‍. അമ്മ മാധവിയമ്മ. ചിറയ്ക്കല്‍ രാജാസ് ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം കോട്ടയ്ക്കല്‍ ആയുര്‍വേദ കോളേജില്‍ വൈദ്യപഠനം, മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് ബി കോം, ബിടി, സംസ്‌കൃതത്തിലും മലയാളത്തിലും ബിരുദാനന്തര ബിരുദം, കേരള യൂണിവേഴ്‌സിറ്റിയില്‍നിന്ന് പി എച്ച് ഡി. പ്രാഥമിക വിദ്യാഭ്യാസത്തിനു തിരിതെളിയിച്ച ചിറയ്ക്കല്‍ രാജാസ് ഹൈസ്‌കൂളില്‍ത്തന്നെ ഔദ്യോഗിക ജീവിതം ആരംഭിച്ചു. മംഗലാപുരം സെന്റ് അലോഷ്യസ് കോളേജ്, സെന്റ് ജോസഫ്‌സ് കോളേജ് കോഴിക്കോട് എന്നിവിടങ്ങളില്‍ ലക്ചറര്‍. മൂത്തകുന്നം എസ് എന്‍ എം ട്രെയിനിങ് കോളേജില്‍ പ്രിന്‍സിപ്പല്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മലയാളവിഭാഗം മേധാവി, പ്രോ-വൈസ് ചാന്‍സലര്‍, ആക്ടിങ് വൈസ് ചാന്‍സലര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. വര്‍ത്തമാനം ദിനപത്രത്തിന്റെ മുഖ്യപത്രാധിപര്‍. കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, വയലാര്‍ അവാര്‍ഡ്, വിശ്വദീപം അവാര്‍ഡ്, രാജാജി അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍. അഴീക്കോടിന്റെ ആത്മകഥ, ഭാവന എന്ന വിസ്മയം, നവയാത്രകള്‍, മലയാള സാഹിത്യ വിമര്‍ശനം: ഖണ്ഡനവും മണ്ഡനവും, രമണനും മലയാള കവിതയും, ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു. മലയാള സാഹിത്യ പഠനങ്ങള്‍, വിശ്വസാഹിത്യ പഠനങ്ങള്‍, തത്ത്വമസി, മഹാത്മാവിന്റെ മാര്‍ഗ്ഗം, നീറ്റുന്ന പ്രശ്‌നങ്ങള്‍, നാട് നാറുന്നു തുടങ്ങി നിരവധി കൃതികള്‍. 2012 ജനുവരി 24 ന് അന്തരിച്ചു.