സുജാത (1935 - 2008)
തമിഴ്നാട്ടിലെ തൃശ്ശിനാപ്പള്ളിയിലെ ശ്രീരംഗത്ത് 1935 മേയ് മാസത്തില്‍ ജനനം. യഥാര്‍ത്ഥ പേര് എസ് രംഗരാജന്. നോവലിസ്റ്റ്, തിരക്കഥാകാരന് എന്നീ നിലകളില്‍ പ്രശസ്തന്‍. തൊഴില്‍ കൊണ്ട് ഒരു എഞ്ചിനീയറായിരുന്നു അദ്ദേഹം. 100 ലേറെ നോവലുകളും 250 ചെറുകഥകളും 10 ശാസ്ത്രപുസ്തകങ്ങളും 10 നാടകങ്ങളും ഒരു കവിതാസമാഹാരവും അദ്ദേഹത്തിന്റേതായി പുറത്തുവന്നിട്ടുണ്ട്. തമിഴിലെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ എഴുത്തുകാരിലൊരാള്‍. തമിഴിലെ ആനന്ദവികടന്, കുമുദം, കല്‍ക്കി എന്നീ പ്രസിദ്ധീകരണങ്ങളില്‍ അദ്ദേഹം തുടര്‍ച്ചയായി കോളങ്ങള്‍ കൈകാര്യം ചെയ്തിരുന്നു. കുറച്ചുകാലം കുമുദത്തിന്റെ എഡിറ്ററായി ചുമതല വഹിച്ചിരുന്നു. നിരവധി തമിഴ് ചിത്രങ്ങള്‍ക്ക് തിരക്കഥയും സംഭാഷണവും നിര്‍വ്വഹിച്ചിട്ടുണ്ട്. സാങ്കേതികവിദ്യ സാധാരണക്കാരിലെത്തിക്കാന്‍ സുജാത നടത്തിയ ശ്രമങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. കുറ്റാന്വേഷണത്തിനായി അദ്ദേഹം സൃഷ്ടിച്ച അഭിഭാഷക ദ്വന്ദ്വങ്ങളായ ഗണേഷ്-വസന്ത് കഥാപാത്രങ്ങള്‍ ജനങ്ങള്‍ സ്വീകരിച്ചു. ശാസ്ത്രവിഷയങ്ങള്‍ ജനകീയമാക്കിയതിന്റെ പേരില്‍ 1993 ല്‍ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജിയുടെ അവാര്‍ഡ് നേടിയിരുന്നു. തമിഴ്നാട് ഗവണ്മെന്റിന്റെ കലൈമണി പുരസ്കാരവും അദ്ദേഹം നേടിയിരുന്നു. 2008 ഫെബ്രുവരി 27 ന് അന്തരിച്ചു.