Skip to main content
Sreekumaran thampi

1940 മാര്‍ച്ച് 16 ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ജനിച്ചു. ഹരിപ്പാട് ഗവ. ബോയ്‌സ് ഹൈസ്‌കൂള്‍, ആലപ്പുഴ സനാതന ധര്‍മ്മ കോളേജ്, മദ്രാസ് ഐ ഐ ഇ റ്റി, തൃശൂര്‍ ഗവ. എഞ്ചിനീയറിങ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. പഠനകാലത്തുതന്നെ സാഹിത്യരചനയില്‍ സജീവമായി. 1966 ല്‍ കോഴിക്കോട് അസിസ്റ്റന്റ് പ്ലാനറായിരിക്കേ ഉദ്യോഗം രാജിവച്ച് മുഴുവന്‍ സമയം കലാസാഹിത്യ രംഗത്ത് തുടര്‍ന്നു. ആദ്യഗാനരചന കാട്ടുമല്ലിക എന്ന സിനിമയ്ക്കു വേണ്ടിയായിരുന്നു. തുടര്‍ന്ന് സിനിമയ്ക്കും മറ്റ് മാധ്യമങ്ങള്‍ക്കുമായി മൂവായിരത്തിലധികം ഗാനങ്ങള്‍ രചിച്ചു. എഴുപത്തി എട്ട് സിനിമകളുടെ തിരക്കഥ എഴുതി. ആദ്യം സംവിധാനം ചെയ്ത ചിത്രം ചന്ദ്രകാന്തം. തുടര്‍ന്ന് മുപ്പതോളം സിനിമകള്‍ സംവിധാനം ചെയ്തു. ഇരുപത്തിരണ്ട് ചലച്ചിത്രങ്ങള്‍ സ്വന്തമായി നിര്‍മിച്ചു. പതിമൂന്ന് ടെലിവിഷന്‍ പരമ്പരകളുടെ നിര്‍മാതാവും സംവിധായകനുമായി. മികച്ച ഗാനരചനയ്ക്കുള്ള കേരള സര്‍ക്കാരിന്റെ പുരസ്‌കാരം രണ്ട് തവണ ലഭിച്ചു. കൂടാതെ ഫിലിം-ക്രിട്ടിക്‌സ് അവാര്‍ഡ്, ഫിലിം ഫെയര്‍ അവാര്‍ഡ്, കലാരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള അമൃത ടി വി അവാര്‍ഡ്, സൂര്യ ടി വിയുടെ ലിവിങ് ലെജന്റ് അവാര്‍ഡ്, പ്രേംനസീര്‍ പുരസ്‌കാരം, കവിതയ്ക്കുള്ള ഓടക്കുഴല്‍ അവാര്‍ഡ്, മഹാകവി ഉള്ളൂര്‍ അവാര്‍ഡ്, ആശാന്‍ പ്രൈസ്, കൃഷ്ണഗിരി അവാര്‍ഡ്, മൂലൂര്‍ അവാര്‍ഡ്, പ്രവാസ കൈരളി പുരസ്‌കാരം തുടങ്ങിയവ ലഭിച്ചു. സംവിധാനം ചെയ്ത ഗാനം, മോഹിനിയാട്ടം എന്നീ സിനിമകള്‍ക്ക് കലാമൂല്യവും പൊതുജനപ്രീതിയുമുള്ള ചിത്രങ്ങള്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. കേരള സാഹിത്യ അക്കാദമി, കേരള സംഗീത നാടക അക്കാദമി എന്നിവയുടെ ജനറല്‍ കൗണ്‍സില്‍ അംഗമായിരുന്നിട്ടുണ്ട്. മലയാള ചലച്ചിത്ര പരിഷത്ത്, മലയാളം ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എന്നിവയുടെ വൈസ് പ്രസിഡന്റായിരുന്നു. ദേശീയ ഫീച്ചര്‍ ഫിലിം ജൂറിയില്‍ മൂന്ന് പ്രാവശ്യം അംഗമായിരുന്നു. കേരള സംസ്ഥാന ഫീച്ചര്‍ ഫിലിം ജൂറി ചെയര്‍മാനായിരുന്നു. ഏഴു കവിതാസമാഹാരങ്ങള്‍, നാല് നോവലുകള്‍, ഒരു കഥാസമാഹാരം, രണ്ട് ചലച്ചിത്ര ഗ്രന്ഥങ്ങള്‍, തെരഞ്ഞെടുത്ത 1001 ഗാനങ്ങളടങ്ങിയ ഹൃദയസരസ്സ് എന്നിവയാണ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍. സിനിമ കണക്കും കവിതയും എന്ന കൃതിക്ക് മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. ഭാര്യ : രാജേശ്വരി രണ്ടുമക്കള്‍ : കവിതയും രാജകുമാരന്‍ തമ്പിയും.