Skip to main content
Robert panippilla

വലിയതുറയിലെ ഒരു സാധാരണ മത്സ്യത്തൊഴിലാളി കുടുംബത്തിലെ അംഗം. അച്ഛനും ജ്യേഷ്ഠന്മാരും നാട്ടിലെ അറിയപ്പെടുന്ന, പ്രഗല്ഭരായ മത്സ്യത്തൊഴിലാളികള്‍. അവര്‍ ദിവസേന കടലിനടിയിലെ പാരുകള്‍ തേടിപ്പോയി നിറയെ മീനുമായി വരുന്നതും തുടര്‍ന്നു കടലിലെ മത്സ്യബന്ധനാനുഭവം പങ്കുവയ്ക്കുന്നതും കണ്ടും കേട്ടുമാണ് വളര്‍ന്നത്. കടലിന്റെ പരിസ്ഥിതിയെ നശിപ്പിക്കുന്ന അശാസ്ത്രീയമായ മത്സ്യബന്ധനരീതികള്‍ക്കെതിരെ 1980 മുതല്‍ ഉണ്ടായ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ അവകാശപ്പോരാട്ടങ്ങളില്‍ സജീവമായി പങ്കുകൊണ്ടു. പരമ്പരാഗത മത്സ്യമേഖലയുമായി ബന്ധപ്പെട്ട സാമൂഹിക സംഘാടനവും പരിശീലനവും ഗവേഷണവും നടത്തിവന്നProgramme for Community Organization (PCO) centreല്‍ 1985 മുതല്‍ 95 വരെ പ്രവര്‍ത്തിച്ചു. ഇക്കാലയളവില്‍ കടലിനെ ജൈവസമ്പന്നമാക്കാന്‍ ഉപകരിക്കുന്ന കൃത്രിമപ്പാരുകളുടെ നിര്‍മ്മാണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. തുടര്‍ന്നുള്ള കാലം സ്വന്തം നിലയില്‍ മത്സ്യത്തൊഴിലാളികളുടെ പരമ്പരാഗത അറിവും അനുഭവങ്ങളും സമാഹരിച്ച് സൂക്ഷിക്കുന്നതില്‍ വ്യാപൃതനായി. 2012-13 ല്‍ കേരള സംസ്ഥാന ജൈവവൈവിദ്ധ്യ ബോര്‍ഡിനുവേണ്ടി സമുദ്ര ജൈവവൈവിദ്ധ്യ രജിസ്റ്റര്‍ തയ്യാറാക്കാനുള്ള അടിസ്ഥാന പദ്ധതിക്ക് നേതൃത്വം നല്കി. 2013-14 ല്‍ ചെന്നൈയിലെ International Collective in Support of Fish Workers (ICSF)നുവേണ്ടി നടത്തിയ ഗള്‍ഫ് ഓഫ് മന്നാറിലെ രണ്ട് ദ്വീപുകളുമായി ബന്ധപ്പെട്ട സമുദ്ര ജൈവ വൈവിദ്ധ്യപഠന സംഘത്തില്‍ അംഗമായിരുന്നു. വിലാസം : റ്റി സി 34/1780 എ കൊച്ചുതോപ്പ്, വള്ളക്കടവ് പി ഒ തിരുവനന്തപുരം 695 008