ലോകത്തിലെ ഏറ്റവും മനോഹരമായ ആത്മകഥകളിലൊന്നായിട്ടാണ് പാബ്ലോ നെരൂദയുടെ ഓര്‍മ്മക്കുറിപ്പുകള്‍ പരിഗണിക്കപ്പെട്ടുവരുന്നത്. അത് ഇംഗ്ലീഷില്‍ പുറത്തിറങ്ങി അധികം കഴിയുന്നതിനുമുമ്പുതന്നെ വായിക്കാനിടയായി. എന്നാല്‍ നോബല്‍ സമ്മാനം സ്വീകരിച്ച് അദ്ദേഹം നടത്തിയ ഉജ്ജ്വലമായ പ്രസംഗം വായിക്കാന്‍ കഴിഞ്ഞത് അടുത്തയിടെ ചെന്നൈയില്‍നിന്ന് ഫ്രണ്ട്ലൈനിലെ സുഹൃത്ത്, നന്ദഗോപാല്‍ അത് അയച്ചുതന്നപ്പോഴാണ്. അപ്പോള്‍ത്തന്നെ ആ പ്രസംഗം തര്‍ജുമ ചെയ്യിച്ച് പ്രസിദ്ധീകരിക്കണം എന്ന മോഹം. അത്, പക്ഷേ, ഒരു പുസ്തകത്തിന് തികയില്ല. ഈ സാഹചര്യത്തില്‍ എന്തു ചെയ്യണം എന്ന് ആലോചിക്കുമ്പോഴാണ് നെരൂദയുടെ ആത്മകഥാപരമായ ലേഖനങ്ങളും പ്രസംഗങ്ങളും അടങ്ങുന്ന ഒരു ഗ്രന്ഥം കൈയില്‍ വന്നുപെട്ടത്. അപ്പോള്‍ നോബല്‍ സമ്മാനപ്രസംഗവും ഈ ഗ്രന്ഥത്തിലെ ഏതാനും പ്രസംഗങ്ങളും ഉള്‍ക്കൊള്ളിച്ച് ഒരു ലഘുഗ്രന്ഥം പ്രസിദ്ധീകരിക്കണമെന്ന് തീര്‍ച്ചയാക്കി. ഉടന്‍തന്നെ അതില്‍ ഉള്‍ക്കൊള്ളിക്കേണ്ട പ്രസംഗങ്ങള്‍ തെരഞ്ഞെടുത്ത് കാവ്യാത്മകമായ ശൈലിയില്‍ അവ തര്‍ജുമ ചെയ്യാന്‍ കഴിയുന്ന രാഘവന് വേങ്ങാടിനെ ഏല്‍പ്പിച്ചു. ഇങ്ങനെയൊരു ഗ്രന്ഥത്തില്‍ നെരൂദയുടെ സംഭവബഹുലവും വര്‍ണശബളവുമായ ജീവിതത്തിന്റെ ഒരു നഖചിത്രം അവതരിപ്പിക്കുന്നത് അസ്ഥാനത്തായിരിക്കില്ല.