Skip to main content
P R Krishnan

തൃശൂര്‍ ജില്ലയില്‍ എളവള്ളി വില്ലേജില്‍ 1934 ഒക്‌ടോബര്‍ 7 ന് ജനനം. അച്ഛന്‍ പറങ്ങനാട്ടു രാമന്‍. അമ്മ പാര്‍വ്വതി അമ്മ. വടുതല എല്‍ പി സ്‌കൂളിലും പറക്കാട് എല്‍ പി സ്‌കൂളിലും പ്രാഥമികവിദ്യാഭ്യാസം. 1950 മുതല്‍ മുംബൈ നിവാസി. 1961വരെ മില്ലുകളിലും ഫാക്ടറികളിലും പണിയെടുത്തു. ക്രമേണ തൊഴിലാളിനേതാവായി. മലയാളിസമാജങ്ങളിലൂടെ സാമൂഹികസാംസ്‌കാരികരംഗത്ത് പ്രവര്‍ത്തിച്ചു. 1953 ല്‍ കമ്യൂണിസ്റ്റുപാര്‍ട്ടിയില്‍ അംഗമായി. ഒട്ടേറെ സമരങ്ങളില്‍ പങ്കെടുക്കുകയും സമരങ്ങള്‍ക്ക് നേതൃത്വം നല്കുകയും ചെയ്തു. 1960 തൊട്ട് 1964 വരെ എ ഐ ടി യു സി യുടെ മഹാരാഷ്ട്രാ സ്റ്റേറ്റ്കമ്മിറ്റി അംഗം. മഹാരാഷ്ട്രയില്‍ സി പി ഐ (എം) രൂപീകരണത്തില്‍ സജീവ പങ്കാളിത്തം. രൂപീകരണംതൊട്ട് അതിന്റെ മുംബൈ കമ്മിറ്റി മെമ്പര്‍. സി ഐ ടി യു രൂപീകരണം മുതല്‍ മഹാരാഷ്ട്രാ സ്റ്റേറ്റ്‌സെക്രട്ടറി. ഒന്‍പത് കൊല്ലം ഗോവ സംസ്ഥാന സി ഐ ടി യു കമ്മിറ്റി വൈസ് പ്രസിഡന്റ്. മുംബൈ സി ഐ ടി യു കമ്മിറ്റി രൂപീകരണം മുതല്‍ പ്രസിഡന്റ്. മഹാരാഷ്ട്രയില്‍ കൊ ഓര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് ട്രേഡ് യൂണിയന്‍സിന്റെ സ്ഥാപക കണ്‍വീനര്‍. ട്രേഡ് യൂണിയന്‍സ് ജോയിന്റ് ആക്ഷന്‍ കമ്മിറ്റി അംഗം. സി ഐ ടി യു വിന്റെ അഖിലേന്ത്യാ ജനറല്‍ കൗണ്‍സില്‍ 20 കൊല്ലം അംഗം. സാമ്രാജ്യത്വ വിരുദ്ധ ഐക്യദാര്‍ഢ്യ വിഷയങ്ങളും ട്രേഡ്‌യൂണിയന്‍ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ചെക്കോസ്ലവാക്യ (1981), തായ്‌ലന്റ് (1985), ക്യൂബ (1994), വിയത്‌നാം (1997), സ്‌പെയിന്‍(2004), ശ്രീലങ്ക(2008) എന്നീ രാജ്യങ്ങളില്‍ നടന്ന അന്താരാഷ്ട്ര സമ്മേളനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. മഹാരാഷ്ട്രയില്‍ 1975 ലും 1987 ലും നടന്ന സി ഐ ടി യുവിന്റെ അഖിലേന്ത്യാസമ്മേളനങ്ങള്‍, 1982 ല്‍ നടന്ന എസ് എഫ് ഐ അഖിലേന്ത്യാസമ്മേളനം, 1991 ല്‍ നടന്ന ഡി വൈ എഫ് ഐയുടെ അഖിലേന്ത്യാ സമ്മേളനം, 2006 ല്‍ നടന്ന കിസാന്‍ സഭയുടെ അഖിലേന്ത്യാസമ്മേളനം തുടങ്ങിയവയുടെ നടത്തിപ്പിനുവേണ്ടി രൂപീകൃതമായ സ്വാഗതസംഘം സെക്രട്ടറി. മുംബൈയില്‍ 2004 ല്‍ നടന്ന ചരിത്രപ്രസിദ്ധമായ വേള്‍ഡ് സോഷ്യല്‍ഫോറം സമ്മേളനത്തിന്റെ സംഘാടക കമ്മിറ്റിയിലും അതിന്റെ ഭാഗമായ പബ്ലിസിറ്റി കമ്മിറ്റിയിലും അംഗം. 'ബോംബെ ലേബര്‍ ലോ പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍' സ്ഥാപകപ്രവര്‍ത്തകന്‍, രണ്ടുവട്ടം ആ സംഘടനയുടെ വൈസ് പ്രസിഡന്റ്. മഹാരാഷ്ട്ര സംസ്ഥാന ഗവണ്‍മെന്റ് നിയമിച്ച സ്റ്റേറ്റ് അഡൈ്വസറി കോണ്‍ട്രാക്ട് ബോര്‍ഡ് അംഗം. മഹാരാഷ്ട്ര ഗവണ്‍മെന്റ് ലേബര്‍ ഡിപ്പാര്‍ട്ടുമെന്റ് ലീഗല്‍ എയ്ഡ് കമ്മിറ്റിയില്‍ അഞ്ചുകൊല്ലം മെമ്പര്‍. കേന്ദ്രഗവണ്‍മെന്റ് തൊഴില്‍ വകുപ്പില്‍, സെന്‍ട്രല്‍ അഡൈ്വസറി ബോര്‍ഡ് ഓഫ് വര്‍ക്ക്‌മെന്‍സ് കോമ്പന്‍സേഷന്‍ അംഗം. ബോംബെ ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രീസ് ആഭിമുഖ്യത്തിലുള്ള ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കമ്മിറ്റിയില്‍ ആറു കൊല്ലം അംഗം. മഹാരാഷ്ട്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ സ്റ്റഡീസി (സ്റ്റേറ്റ് ഗവണ്‍മെന്റ്)ലും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി (സെന്‍ട്രല്‍ ഗവണ്‍മെന്റ്)യിലും ഗസ്റ്റ് ലക്ചറര്‍. കേരള പ്രവാസി ക്ഷേമ ബോര്‍ഡ് ഡയറക്ടര്‍. മലയാള മനോരമയുടെ സെന്റിനറി സെലിബറേഷന്റെ ഭാഗമായി ആ പത്രം നടത്തിയ സര്‍വ്വെയില്‍ മറുനാടന്‍ മലയാളി പ്രമുഖരില്‍ ഒരാളായി തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ ജ്വാല മാസിക സംഘടിപ്പിച്ച സര്‍വ്വെയില്‍ 20-ാം നൂറ്റാണ്ടിലെ പ്രശസ്ത മറുനാടന്‍ മലയാളികളിലെ പ്രമുഖരില്‍ ഒരാളായി തെരഞ്ഞെടുക്കപ്പെട്ടു. മഹാരാഷ്ട്രയില്‍ ഫോറം ഓഫ് മീഡിയ അസോസിയേറ്റ്‌സിന്റെ സാഹിത്യ ജന നന്മ പുരസ്‌കാര ജേതാവ്. സ. ബി ടി രണദിവെ മെമ്മോറിയല്‍ ട്രസ്റ്റ് മഹാരാഷ്ട്രയില്‍ ആദരിച്ച കമ്യൂണിസ്റ്റ് പ്രവര്‍ത്തകന്‍. 1965-66 കാലഘട്ടത്തില്‍ ഒളിവുജീവിതം. പിന്നീട് ഒന്നരക്കൊല്ലം ഡിഫെന്‍സ് ഓഫ് ഇന്ത്യ നിയമമനുസരിച്ച് ജയില്‍വാസം. അതിനുമുമ്പും ശേഷവും പലവട്ടം അറസ്റ്റ്. ഒളിവു പ്രവര്‍ത്തനം നടത്തിയതിനെതിരെയുള്ള പ്രതികാര നടപടിയായി മുംബൈയില്‍ ബാന്ദ്രയിലുണ്ടായിരുന്ന വീട് സര്‍ക്കാര്‍ കണ്ടുകെട്ടി. ഭാര്യ : സത്യഭാമ പ്രേംകുമാര്‍, ഷാജു, സിന്ധു.