Skip to main content
കരുനാഗപ്പള്ളിക്കടുത്ത് ആദിനാട് ഗ്രാമത്തില്‍ 1931 ജൂണ്‍ 23 ന് ജനിച്ചു. പേര് അയ്യപ്പന്‍പിള്ള. അച്ഛന്‍ കളയ്ക്കാട്ടു വീട്ടില്‍ കുഞ്ഞന്‍പിള്ള. അമ്മ കൊച്ചിട്ടിയമ്മ. മലയാളം ഹയറും എസ് എസ് എല്‍ സിയും ജയിച്ചു. കൊല്ലം എസ് എന്‍ കോളേജിലായിരുന്നു കോളേജ് വിദ്യാഭ്യാസം. വിദ്യാര്‍ത്ഥി സമരത്തില്‍ പങ്കെടുത്തതിനാല്‍ കോളേജില്‍ നിന്നു പുറത്താക്കി. തിരുവിതാംകൂറില്‍ സര്‍ സി പിയുടെ ഏകാധിപത്യ ഭരണത്തിനെതിരെയുള്ള പ്രക്ഷോഭണം, ട്രാന്‍സ്‌പോര്‍ട്ടു തൊഴിലാളികളുടെ സമരം, ശൂരനാട് സംഭവം ഇവയുമായി ബന്ധപ്പെട്ട് മൂന്നു തവണ അറസ്റ്റും മര്‍ദ്ദനവും ജയില്‍വാസവും. തുടര്‍ന്ന് മുഴുവന്‍ സമയ കമ്യൂണിസ്റ്റ് പ്രവര്‍ത്തകനായി. ഭരണാധികാരികളില്‍നിന്ന് ഒട്ടേറെ പീഡനങ്ങള്‍ ഏല്‌ക്കേണ്ടി വന്നു. 1955 ല്‍ പഞ്ചായത്ത് ഓഫീസറായി പി എസ് സി തെരഞ്ഞെടുത്തെങ്കിലും കമ്യൂണിസ്റ്റുകാരന്‍ എന്ന കാരണത്താല്‍ നിയമനം നിഷേധിച്ചു. 1955 ഡിസംബര്‍ 8-ാം തീയതി രാധമ്മയെ വിവാഹം ചെയ്തു. 1957 ല്‍ വീണ്ടും ടെസ്റ്റെഴുതി. സ്റ്റോര്‍ കീപ്പറായി നിയമനം ലഭിച്ചു. ആദ്യം ലഭിച്ച സര്‍ക്കാര്‍ ജോലി നിഷേധിച്ചതിനെതിരെ പരാതി നല്കി. 1957 ല്‍ പഞ്ചായത്ത് ഓഫീസറായി നിയമനം. 1986 ല്‍ സ്‌പെഷ്യല്‍ ഗ്രേഡ് പഞ്ചായത്ത് ഓഫീസറായി പെന്‍ഷന്‍ പറ്റി. കൃതികള്‍: വെളിച്ചം കിട്ടി, സംക്രാന്തി, അഗ്നിഹോത്രം, ചാഞ്ചാട്ടം, മഴക്കാറുകള്‍ (നോവല്‍), കന്നിക്കുളപ്പാല (ചെറുകഥ), സംക്രാന്തിക്ക് ചെറുകാട് പുരസ്‌കാരം ലഭിച്ചു 1980 ല്‍. പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ സജീവപ്രവര്‍ത്തകന്‍. ദേശാഭിമാനി സ്റ്റഡി സര്‍ക്കിളിന്റെയും പുരോഗമന കലാ സാഹിത്യ സംഘത്തിന്റെയും പ്രമുഖനും ശക്തനുമായ നേതാവ്. കേരള സാഹിത്യ അക്കാദമി അംഗവും ഫൈനാന്‍സ് കമ്മിറ്റി ചെയര്‍മാനും ആയിരുന്നു (1988-91) 1993 ഫെബ്രുവരി 8 ന് അന്തരിച്ചു. മക്കള്‍ : പ്രീതി, ജ്യോതിന്‍ മരുമക്കള്‍ : കെ രാജഗോപാല്‍, മിനി