Skip to main content
പാലക്കാട്ട് ജനിച്ചു. അച്ഛന്‍: മലബാര്‍ സ്‌പെഷ്യല്‍ പൊലീസില്‍ സുബേദാര്‍ മേജറായിരുന്ന ഒ വേലുക്കുട്ടി. അമ്മ: തച്ചമൂച്ചിക്കല്‍ കമലാക്ഷി. ഒ വി വിജയന്‍ മൂത്ത സഹോദരനും ശാന്താ ഗംഗാധരന്‍ സഹോദരിയും. പ്രീഡിഗ്രി കഴിഞ്ഞ് ജ്യേഷ്ഠന്‍ ഒ വി വിജയനോടൊപ്പം ദില്ലിയില്‍ താമസമാക്കി. ദില്ലി യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തരബിരുദവും നേടി. ദില്ലിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍സില്‍ റിസര്‍ച്ച് അസിസ്റ്റന്റ്, ടാറ്റാ മക്‌ഗ്രോഹില്‍ ബുക്ക് കമ്പനിയില്‍ എഡിറ്റോറിയല്‍ അസിസ്റ്റന്റ്, വികാസ് പബ്ലിഷിങ് ഹൗസില്‍ സീനിയര്‍ എഡിറ്റോറിയല്‍ അസിസ്റ്റന്റ്, അസിസ്റ്റന്റ് എഡിറ്റര്‍, അസോസിയേറ്റ് എഡിറ്റര്‍, എഡിറ്റര്‍, മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ പ്രസിദ്ധീകരണവിഭാഗം ഡയറക്ടര്‍ എന്നീ തസ്തികകളില്‍ സേവനമനുഷ്ഠിച്ചു. ഇപ്പോള്‍ തിരുവനന്തപുരത്തെ ശാന്തിഗിരി കമ്യൂണിക്കേഷന്‍സ് വിഭാഗത്തില്‍ അഡൈ്വസര്‍ കമ്യൂണിക്കേഷന്‍സ് ആയി ജോലി ചെയ്യുന്നു. രണ്ടായിരത്തിലെ ഏറ്റവും നല്ല ചലച്ചിത്ര ഗാനരചനയ്ക്കുള്ള സംസ്ഥാനസര്‍ക്കാര്‍ അവാര്‍ഡും ഏഷ്യാനെറ്റ്-ലക്‌സ് അവാര്‍ഡും ഭരതന്‍ സ്മാരക അവാര്‍ഡും ലഭിച്ചു. 2001 ഏപ്രിലില്‍ നടന്ന വൈസ് ചാന്‍സലര്‍മാരുടെ സമ്മേളനത്തില്‍ (സൈപ്രസ്സ്) അസോസിയേഷന്‍ ഓഫ് കോമണ്‍വെല്‍ത്ത് യൂണിവേഴ്‌സിറ്റീസിന്റെ ക്ഷണമനുസരിച്ച്, കോമണ്‍വെല്‍ത്ത് സാഹിത്യത്തിന്റെ പ്രതിനിധിയായി പങ്കെടുത്ത്, ''സര്‍വ്വകലാശാലയും സമൂഹവും നാളേക്ക് ഒരു കാഴ്ചപ്പാട്'' എന്ന വിഷയമവതരിപ്പിച്ചു. കൃതികള്‍: നിലംതൊടാമണ്ണ് (കഥകള്‍), ഒറ്റച്ചുവട്, അഗ്നിമിത്രനൊരു കുറിപ്പ്, ധ്യാനം, സ്‌നേഹഗീതങ്ങള്‍ (കവിതാസമാഹാരങ്ങള്‍), പുഴയൊഴുകും വഴി (അനുഭവം), ഒരു തീര്‍ത്ഥയാത്രയുടെ ദീപ്തസ്മരണകള്‍ (യാത്രാനുഭവം), നവപുഷ്പം (സമ്പാദനം), നവജ്യോതി ശ്രീ കരുണാകരഗുരുവിന്റെ മാനവരാശി - ഇന്നലെ, ഇന്ന്, നാളെ എന്ന കൃതിയുടെ ഇംഗ്ലീഷ് തര്‍ജ്ജമ, ഷാര്‍ജാ ഭരണാധികാരി ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍-ഖാസിമിയുടെ വെള്ളക്കാരന്‍ ഷെയ്ഖ് എന്ന ഇംഗ്ലീഷ് ചരിത്രാഖ്യായികയുടെ മലയാളം തര്‍ജ്ജമ, എന്തായിരുന്നു പേര്?, നിശ്ശബ്ദതയുടെ സൗഖ്യം, കാറ്റിനിലേ വരും ഗീതം (കുറിപ്പുകള്‍), തുടങ്ങിയവ പ്രധാനകൃതികള്‍.

Books Published by Author