Skip to main content
Musafar Ahamed
കാക്കാബാബു എന്ന ഓമനപ്പേരില്‍ കമ്യൂണിസ്റ്റുകാരില്‍ സുപരിചിതനായ മുസഫര്‍ അഹമ്മദ് 5 ആഗസ്റ്റ് 1889 ല്‍ നൗഖാലി ജില്ലയില്‍ (ബംഗ്ലാദേശ്) ജനിച്ചു. ഇന്ത്യന്‍ കമ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ മാതൃകാപുരുഷന്മാരില്‍ ഒരാളായി ഇന്ന് അദ്ദേഹം വാഴ്ത്തപ്പെടുന്നു. ഹൂഗ്ലി കോളേജിലും ബംഗബാസി കോളേജിലും വിദ്യാഭ്യാസം, റൈറ്റേഴ്‌സ് ബില്‍ഡിങ്ങില്‍ പ്രിന്റിങ് പ്രസില്‍ ജോലി നോക്കി. ആഭ്യന്തരവകുപ്പില്‍ പരിഭാഷകനായി പ്രവര്‍ത്തിച്ചു. ബാംഗിയ മുസല്‍മാന്‍ സാഹിത്യ സമിതിയുടെ അസിസ്റ്റന്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 1916 ല്‍ ആദ്യം രാഷ്ട്രീയ പ്രകടനങ്ങളില്‍ പങ്കെടുത്ത് സാമൂഹ്യജീവിതം ആരംഭിച്ചു. 1920 ല്‍ സജീവപ്രവര്‍ത്തകനാകാന്‍ തീരുമാനിച്ചു. ഖിലാഫത്ത്-നിസ്സഹകരണ പ്രസ്ഥാനത്തിലൂടെയായിരുന്നു അത്. ബംഗാള്‍ പ്രൊവിന്‍ഷ്യന്‍ ഖിലാഫത്ത് കമ്മിറ്റിയുടെ മെമ്പറായി തിരഞ്ഞെടുക്കപ്പെട്ടു. 12 ജൂലൈ 1920 ല്‍ നവയുഗിന്റെ എഡിറ്ററായി. ഇന്റര്‍നാഷണല്‍ കമ്യൂണിസ്റ്റ് മൂവ്‌മെന്റുമായി പ്രവര്‍ത്തിച്ച് പേപ്പറുകള്‍ വിദേശത്തുനിന്ന് ശേഖരിച്ചു. 1922 ല്‍ അബ്ദുള്‍ ഹാലിമിനെ കണ്ടുമുട്ടുകയും കമ്യൂണിസ്റ്റ് പാര്‍ട്ടി തുടങ്ങേണ്ടതിന്റെ ആവശ്യകതകളെപ്പറ്റി ചിന്തിക്കുകയും ചെയ്തു. ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിലൂടെ അദ്ദേഹം കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ എത്തിച്ചേര്‍ന്നു. 1923 ല്‍ ജയിലില്‍. 1925 ല്‍ മോചിപ്പിക്കപ്പെട്ടു. 8 വര്‍ഷം ഒളിവില്‍ പ്രവര്‍ത്തിച്ചു. 1933 ല്‍ ആള്‍ ഇന്ത്യ ഡെലിഗേറ്റ് കോണ്‍ഫറന്‍സ് കല്‍ക്കത്തയില്‍ ചേര്‍ന്നപ്പോള്‍ അദ്ദേഹത്തെ കേന്ദ്ര കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തു. പത്രസ്വാതന്ത്ര്യത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനും വേണ്ടി അദ്ദേഹം എന്നും ശക്തമായ നിലപാടുകള്‍ സ്വീകരിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ: ഇയേഴ്‌സ് ഓഫ് ഫോര്‍മേഷന്‍- 1921-1933, മൈസെല്‍ഫ് ആന്റ് ദി കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്നിവ കൃതികള്‍. 18 ഡിസംബര്‍ 1971 ല്‍ 84-ാം വയസില്‍ 60 വര്‍ഷത്തെ രാഷ്ട്രീയ ജീവിതം സാര്‍ഥകമാക്കി അദ്ദേഹം ചരമമടഞ്ഞു.