Skip to main content
Mundoor Krishnankutty

ജനനം : 1935 ജൂലൈ 17, മരണം : 2005 ജൂണ്‍ 4. പാലക്കാട് ജില്ലയിലെ മുണ്ടൂര്‍ അനുപുരത്ത് പിഷാരത്ത് ജനനം. അച്ഛന്‍ ഗോവിന്ദപിഷാരോടി. അമ്മ മാധവി പിഷാരസ്യാര്‍. പറളി ഹൈസ്‌കൂള്‍, പാലക്കാട് വിക്‌ടോറിയ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇംഗ്ലീഷില്‍ എം എ, ഒറ്റപ്പാലം എന്‍ എസ് എസ് ട്രെയിനിങ് സെന്ററില്‍നിന്നും അധ്യാപക ബിരുദം. പാലക്കാട് വി വി പി ഹൈസ്‌കൂള്‍, പാലക്കാട് പി എം ജി ഹൈസ്‌കൂള്‍, ട്രെയിനിങ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചു. ചിറ്റൂര്‍ ട്രെയിനിങ് സ്‌കൂളില്‍ അധ്യാപകനായിരിക്കെ സര്‍വീസില്‍നിന്നും വിരമിച്ചു. നിലാപിശുക്കുള്ള രാത്രിയില്‍ എന്ന കഥാസമാഹാരത്തിന് 1996 ലെ ചെറുകാട് അവാര്‍ഡ് ലഭിച്ചു. ആശ്വാസത്തിന്റെ മന്ത്രച്ചരട് എന്ന പുസ്തകത്തിന് 1997 ലെ സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. എന്നെ വെറുതെ വിട്ടാലും എന്ന കൃതിക്ക് 2003 ലെ ഓടക്കുഴല്‍ അവാര്‍ഡ്. ലോകത്തിലെ ഏറ്റവും മികച്ച പത്തു കഥകളില്‍ ഒന്നായി മൂന്നാമതൊരാള്‍ എന്ന കഥയെ ടി പത്മനാഭന്‍ പ്രകീര്‍ത്തിച്ചിട്ടുണ്ട്. ഏകാകി, മനസ്സ് എന്ന ഭാരം, മാതുവിന്റെ കൃഷ്ണത്തണുപ്പ് (നോവല്‍), മൂന്നാമതൊരാള്‍, എന്നെ വെറുതെ വിട്ടാലും, കഥാപുരുഷന്‍, അവശേഷിപ്പിന്റെ പക്ഷി, അമ്മയ്ക്കു വേണ്ടി, എത്രത്തോളമെന്നറിയാതെ, തന്നിഷ്ടത്തിന്റെ വഴിത്തപ്പുകള്‍, ഒരു അധ്യാപകന്റെ ആത്മഗതങ്ങള്‍ (കുറിപ്പുകള്‍) എന്നിവയാണ് മറ്റ് കൃതികള്‍. കേരള സാഹിത്യ അക്കാദമി അംഗമായും, ലക്കിടി കുഞ്ചന്‍ സ്മാരകത്തിന്റെ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അനുഗൃഹീതനായ നടനായിരുന്നു. അനേകം സീരിയലുകളിലും സിനിമകളിലും അഭിനയിച്ചു. പത്രപ്രവര്‍ത്തനരംഗത്തും തന്റേതായ സംഭാവന നല്‍കി. ഭാര്യ : പരേതയായ രാധ. മകന്‍ : ദിലീപന്‍. മരുമകള്‍ : ആശാദിലീപന്‍.