Skip to main content

മാര്‍ക് ട്വയ്ന്‍ :നോവല്‍ എന്ന സാഹിത്യശാഖയെ അമേരിക്കയില്‍ ജനകീയമാക്കിയ 'മാര്‍ക് ട്വയ്ന്‍' എന്ന പേരില്‍ പ്രശസ്തനായ സാമുവല്‍ ലാങ്‌ഹോണ്‍ ക്ലമന്‍സ് 1835 നവംബര്‍ 30 നാണ് ജനിച്ചത്. മിസോറിയിലെ ഫ്‌ളോറിഡയാണ് അദ്ദേഹത്തിന്റെ ജന്മസ്ഥലം. ചെറുപ്പത്തില്‍ ജ്യേഷ്ഠന്റെ പത്രത്തിനുവേണ്ടി കുറിപ്പുകള്‍ എഴുതിയിരുന്ന അദ്ദേഹം ടൈപ്പ് സെറ്ററായും ബോട്ട് പൈലറ്റായും ഖനി തൊഴിലാളിയായും ജോലി നോക്കിയിട്ടുണ്ട്. എഴുത്തിലും പ്രഭാഷണത്തിലും ധിഷണയുടെയും ആക്ഷേപഹാസ്യത്തിന്റെയും വിലാസം ഫലിപ്പിച്ച അദ്ദേഹം എഴുത്തുകാരും, രാഷ്ട്രീയ പ്രവര്‍ത്തകരും വ്യവസായികളുമടക്കമുള്ള വിപുലമായ ഒരു വൃന്ദത്തിന്റെ പ്രശംസ ആര്‍ജ്ജിച്ചു. പ്രഭാഷകനും എഴുത്തുകാരനുമെന്ന നിലയില്‍ ധാരാളം പണം സമ്പാദിച്ചുവെങ്കിലും സംരംഭകനെന്ന നിലയില്‍ ധാരാളം നഷ്ടവും അദ്ദേഹത്തിനുണ്ടായി. ശാസ്ത്രത്തിലും ശാസ്ത്രീയ അന്വേഷണങ്ങളിലും അതീവ തല്പരനായിരുന്ന അദ്ദേഹം രചിച്ച ഹക്കിള്‍ബെറി ഫിന്‍ എന്ന നോവല്‍ 'മഹത്തായ അമേരിക്കന്‍ നോവല്‍' എന്നാണ് അറിയപ്പെട്ടത്. മതാധിഷ്ഠിത സംഘടനകള്‍ സ്വാധീനം ഉപയോഗിച്ച് അദ്ദേഹത്തിന്റെ കൃതികളായ ഹക്കിള്‍ബെറി ഫിന്‍, വികൃതിയായ ടോം സോയര്‍ എന്നിവ നിരോധിച്ചിരുന്നു. കൃതികള്‍: ദ ഗില്‍ഡഡ് ഏജ്, വികൃതിയായ ടോം സോയര്‍, ഹക്കിള്‍ബെറി ഫിന്‍, ദ പ്രിന്‍സ് ആന്റ് ദ പാപ്പര്‍, എ കണക്ടിക്കട്ട് യാങ്കി ഇന്‍ കിങ് ആര്‍തേഴ്‌സ് കോര്‍ട്ട്, ദ മിസ്റ്റീരിയസ് സ്‌ട്രേഞ്ചര്‍ (നോവല്‍), ലൈഫ് ഓണ്‍ ദ മിസിസിപ്പി (ഓര്‍മ്മക്കുറിപ്പുകള്‍), റഫിങ് ഇറ്റ് (അനുഭവക്കുറിപ്പുകള്‍), ദ ഇന്നസെന്റ്‌സ് എബ്രോഡ് (യാത്രാക്കുറിപ്പുകള്‍), ലെറ്റേഴ്‌സ് ഫ്രം ദ എര്‍ത്ത് (കഥകളും ലേഖനങ്ങളും).