Skip to main content
Leo Tolstoy
മധ്യറഷ്യയിലെ തുലാ ഗുബെര്‍ണിയയില്‍ പിതൃഗൃഹമായ യാസ്‌നിയാ പോളിയാനയില്‍ 1828 ആഗസ്റ്റ് 28 ന് ജനനം. രണ്ടാമത്തെ വയസില്‍ അമ്മയും ഒന്‍പതാം വയസില്‍ പിതാവും മരിച്ചു. അമ്മായി തുര്‍ഗോള്‍സ്‌കിയുടെ സംരക്ഷണയിലാണ് വിദ്യാഭ്യാസം. യുദ്ധവും സമാധാനവും എന്ന നോവലിലെ സോണിയ ടോള്‍സ്റ്റോയിയുടെ അമ്മായിയുടെയും, നിക്കോളാസ് റെസ്റ്റോവ്, മരിയ രാജകുമാരി എന്നിവര്‍ അച്ഛനമ്മമാരുടെയും ഛായയിലാണ് ചിത്രീകരിച്ചതെന്ന് ടോള്‍സ്റ്റോയിയുടെ ജീവചരിത്രകാരന്‍ പാവേല്‍ ബിറിയുവുക്കോവ് രേഖപ്പെടുത്തിയിട്ടുണ്ട്. മോസ്‌കോ, യാസ്‌നിയാ പോളിയാന എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. നിയമവും പൗരസ്ത്യഭാഷാപഠനവും നടത്താന്‍ കസാന്‍ യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നുവെങ്കിലും അത് പൂര്‍ത്തീകരിച്ചില്ല. ലിയോ ടോള്‍സ്റ്റോയിയുടെ കൃതികളില്‍ മാസ്റ്റര്‍പീസാണ് യുദ്ധവും സമാധാനവും, അന്നാ കരെനീന എന്നീ നോവലുകള്‍. റഷ്യന്‍ ജീവിതം ഒപ്പിയെടുത്ത ഈ നോവലുകള്‍ റിയലിസ്റ്റിക് ഫിക്ഷന്റെ പരമോന്നത പദവിയില്‍ അടയാളപ്പെട്ട കൃതിയാണ്. ശൈശവം, ബാല്യം, യൗവനം എന്നീ ആത്മകഥാപരമായ മൂന്നു നോവലുകളാണ് ആദ്യം പ്രസിദ്ധീകരിച്ചത്. ക്രീമിയന്‍ യുദ്ധത്തില്‍ സെക്കന്‍ഡ് ലെഫ്റ്റനന്റായി പ്രവര്‍ത്തിച്ചകാലത്തെ അനുഭവമാണ് സെവസ്റ്റാപോള്‍ സ്‌കെച്ചസ് എന്ന നോവലിലെ പ്രതിപാദ്യം. ദി കസാക്ക് (1863), റിസറക്ഷന്‍ (1899) എന്നിവ ഏറെ പ്രസിദ്ധി നേടിയതാണ്. ഹാഡ്ജി മുറാറ്റ് 1912 ല്‍ ടോള്‍സ്റ്റോയിയുടെ മരണാനന്തരം പ്രസിദ്ധീകരിച്ചു. ഇവാന്‍ ഇലിയാനിച്ചിന്റെ മരണം, ഒരാള്‍ക്ക് എത്ര ഭൂമിവേണം, ഖോള്‍സ്റ്റോമര്‍ എന്നീ രചനകള്‍ ലോകപ്രസിദ്ധി നേടിയവയാണ്. യാസ്‌നിയാ പോളിയാന എന്ന പേരില്‍ വിദ്യാഭ്യാസ സംബന്ധിയായ ഒരു മാഗസിന്‍ പ്രസിദ്ധീകരിച്ചിരുന്നു. മഹാനായ നോവലിസ്റ്റ്, ലേഖകന്‍, തത്വചിന്തകന്‍, സമാധാനവാദി, ക്രിസ്ത്യന്‍ അരാജകവാദി, വിദ്യാഭ്യാസ പരിഷ്‌കര്‍ത്താവ്, സന്മാര്‍ഗ ചിന്തകന്‍ എന്നീ നിലകളിലും ടോള്‍സ്റ്റോയി അറിയപ്പെടുന്നു. സോഫി ബെഹ്ര്‍സ് ആണ് ഭാര്യ. പതിമൂന്നു കുട്ടികള്‍. 1901 ല്‍ രോഗാതുരനായി. അവസാനനാളുകളില്‍ വീടും നാടും വിട്ട് അലഞ്ഞുതിരിഞ്ഞു. 1910 നവംബര്‍ 7 ന് മരിച്ചു. പതിനായിരക്കണക്കിന് ആരാധകരുടെ സാന്നിധ്യത്തില്‍ ജന്മഗൃഹത്തിന് 500 മീറ്റര്‍ അകലെ ലോകോത്തര നോവലിസ്റ്റായ ടോള്‍സ്റ്റോയിയുടെ മൃതശരീരം സംസ്‌കരിച്ചു.