Skip to main content
കൃഷന്‍ ചന്ദര്‍ (1914-1977) 1914 നവംബര്‍ 23 ന് ജനിച്ചു. രാജസ്ഥാനിലെ ഭരത്പൂരാണ് സ്വദേശം. അവിഭക്ത പഞ്ചാബിലെ ഗുര്‍ജല്‍വാലയില്‍ നിന്നുള്ളവരായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കള്‍. ജമ്മുകാശ്മീരിലാണ് ഫിസിഷ്യനായ അദ്ദേഹത്തിന്റെ പിതാവ് ജോലി ചെയ്തത്. അതിനാല്‍ കൃഷന്‍ ചന്ദറിന്റെ ബാല്യകാലം കാശ്മീരിലാണ് ചെലവിട്ടത്. ബംഗാള്‍ വിഭജനത്തിന്റെ വിഹ്വലതകള്‍ ചിത്രീകരിച്ച ഉര്‍ദു നോവലായിരുന്നു ആദ്യകൃതി. ഉര്‍ദുവിലും ഹിന്ദിയിലും രചനകള്‍ നടത്തി. ഇരുപതിലേറെ നോവലുകളും ചെറുകഥകളുടെ മുപ്പത് സമാഹാരങ്ങളും അനവധി റേഡിയോ നാടകങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. വിഭജനത്തിനുശേഷം അദ്ദേഹം ഹിന്ദിയിലാണ് അധികവും എഴുതിയത്. നിരവധി ഹിന്ദിചിത്രങ്ങള്‍ക്ക് കൃഷന്‍ ചന്ദര്‍ തിരക്കഥ എഴുതിയിട്ടുണ്ട്. പതിനാറിലേറെ ഇന്ത്യന്‍ ഭാഷകളിലും ഇംഗ്ലീഷിലും അദ്ദേഹത്തിന്റെ കൃതികള്‍ മൊഴിമാറ്റം ചെയ്യപ്പെട്ടു. പുരോഗമന പക്ഷത്ത് നിലയുറപ്പിച്ച തികഞ്ഞ മതേതരവാദിയായിരുന്നു കൃഷന്‍ ചന്ദര്‍. 1977 മാര്‍ച്ച് 8 ന് അന്തരിച്ചു.