മുഴുവന്‍ പേര് ഹെര്‍ബര്‍ട്ട് ജോര്‍ജ് വെല്‍സ്. കെന്റിലെ കൗണ്ടിയില്‍ ബ്രോംലെ 46 ഹൈസ്ട്രീറ്റില്‍ 1866 സെപ്തംബര്‍ 21 ന് ജനിച്ചു. പിതാവ്: പൂന്തോട്ട സംരക്ഷകനും ക്രിക്കറ്റ് കളിക്കാരനുമായ ജോസഫ് വെല്‍സ്. 1874 ല്‍ ഒരു അപകടത്തെ തുടര്‍ന്ന് വെല്‍സ് കിടപ്പിലായി. അതോടെ ലൈബ്രറിയില്‍നിന്നും പിതാവ് കൊണ്ടുവന്നിരുന്ന പുസ്തകങ്ങള്‍ വായിക്കലായി ജോര്‍ജ് വെല്‍സിന്റെ ജോലി. ഇത് അദ്ദേഹത്തെ മറ്റൊരു ലോകത്തെയും ജീവിതത്തെയും പരിചയപ്പെടുത്തി. പിന്നീട് അദ്ദേഹം തോമസ് മോര്‍ളി കമേഴ്സ്യല്‍ അക്കാദമിയില്‍ വിദ്യാര്‍ഥിയായി ചേര്‍ന്നു. സാമ്പത്തിക ബുദ്ധിമുട്ടുകാരണം 1880 മുതല്‍ 1883 വരെ തുണിക്കടയില്‍ അപ്രന്റീസായി ജോലി ചെയ്യേണ്ടിവന്നു. അതില്‍ പരാജയപ്പെട്ട എച്ച് ജി വെല്‍സ് ഉപ്പാര്ക്കില് താമസമാക്കി. അവിടത്തെ വമ്പിച്ച ലൈബ്രറിയില്‍ അദ്ദേഹം സമയം ചെലവിട്ടു.
ജീവശാസ്ത്രത്തിലായിരുന്നു വെല്സിന് സവിശേഷ പ്രാവീണ്യം ലഭിച്ചത്. ആദ്യം മുതല്ക്കുതന്നെ ഒരു നിഷ്കപടനായ സോഷ്യലിസ്റ്റായിരുന്നു അദ്ദേഹം.
സയന്‍സ് ഫിക്ഷന്റെ പേരിലാണ് വെല്‍സ് അറിയപ്പെട്ടത്. അതോടൊപ്പം ചരിത്രം, രാഷ്ട്രീയം, സാമൂഹ്യവിമര്‍ശനം, ടെക്സ്റ്റ് ബുക്കുകള്‍, യുദ്ധനിയമങ്ങള്‍ എന്നീ മേഖലകളിലും അദ്ദേഹം നിരവധി കൃതികള്‍ രചിച്ചു. ദി ഐലന്റ് ഓഫ് ഡോക്ടര്‍ മോരേ, ദി ഫസ്റ്റ് മെന്‍ ഇന്‍ ദി മൂണ്‍ മുതലായവയാണ് അദ്ദേഹത്തിന്റെ അതിപ്രശസ്തമായ കൃതികള്‍.