Skip to main content
ഫ്രാന്‍സ് കാഫ്ക (1883-1924) അതിപ്രശസ്തനായ ജര്‍മ്മന്‍ നോവലിസ്റ്റും കഥാകാരനും. 20-ാം നൂറ്റാണ്ടിലെ മഹാത്മാക്കളായ ഗ്രന്ഥകാരന്മാരിലൊരാളായി കരുതപ്പെടുന്നു. 1883 ജൂലായ് 3 ന് ആസ്ത്രിയ-ഹംഗറിയിലെ പ്രാഗില്‍ ജനിച്ചു. ജര്‍മ്മന്‍ ഭാഷ സംസാരിക്കുന്ന മദ്ധ്യവര്‍ഗ്ഗ ജൂത കുടുംബത്തിലായിരുന്നു ജനനം. പിതാവ് ഹെര്‍മ്മന്‍ കാഫ്ക, ബിസിനസുകാരനായിരുന്നു. മാതാവ് ജൂലി. ഇന്‍ഷുറന്‍സ് ഓഫീസറായും ഫാക്ടറി മാനേജരായും ഫ്രാന്‍സ് കാഫ്ക ജോലി ചെയ്തു. കാഫ്കയും പിതാവുമായുള്ള ബന്ധം സുഖകരമായിരുന്നില്ല. ലെറ്റര്‍ റ്റു ഹിസ് ഫാദര്‍ എന്ന കൃതിയില്‍ വിവരിച്ചിട്ടുള്ളതുപോലെ പിതാവിന്റെ സ്വേച്ഛാധിപത്യ പ്രകൃതി കാഫ്കയുടെ ജീവിതത്തെ സാരമായി ബാധിച്ചിരുന്നു. അമേരിക്ക, ദി ട്രയല്‍, ദിനോവെല്ല, ദി മെറ്റമോര്‍ഫോസിസ് എന്നിവയാണ് പ്രധാനപ്പെട്ട നോവലുകള്‍. എ ഹങ്കര്‍ ആര്‍ട്ടിസ്റ്റ്, ദി ജഡ്ജ്‌മെന്റ് ഇന്‍ ദി പീനല്‍ കോളനി എന്നിവ അദ്ദേഹത്തിന്റെ കഥാസമാഹാരങ്ങളില്‍ പ്രധാനപ്പെട്ടവയാണ്. കാഫ്കയുടെ സാഹിത്യ സൃഷ്ടികളില്‍ വളരെ ചെറിയൊരു ഭാഗമേ അദ്ദേഹത്തിന്റെ ജീവിതകാലത്ത് പ്രകാശനം ചെയ്യപ്പെട്ടിട്ടുള്ളൂ. അവശേഷിച്ച ഒരു വലിയ ഭാഗം തന്റെ ആഗ്രഹത്തിനു വിരുദ്ധമായി സുഹൃത്തായ മാര്‍ക്‌സ് ബ്രോഡ്, കാഫ്കയുടെ മരണശേഷം പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്.