Skip to main content
മീനച്ചില്‍ താലൂക്കില്‍, രാമപുരം പഞ്ചായത്തിലെ ഏഴാച്ചേരി ഗ്രാമത്തില്‍ (കോട്ടയം ജില്ല) ജനിച്ചു. എം എ, ബി എഡ് പാസായി. ദേശാഭിമാനി ദിനപത്രത്തില്‍ (തിരുവനന്തപുരം) വാരാന്തപതിപ്പിന്റെ പത്രാധിപരായിരുന്നു. ചരിത്രത്താളില്‍ ഒരു നിഴല്‍പോലും വീഴ്ത്താതെ, ബന്ധുരാംഗീപുരം, ഇപ്പോള്‍ നദീമുഖം ശാന്തം, എന്നിലൂടെ, കേദാരഗൗരി, മഴവരയ്ക്കുന്ന ഗുഹാചിത്രങ്ങള്‍, ക്ഷീരപുരിയിലെ സന്ന്യാസിനികള്‍, കാവടിച്ചിന്ത്, നീലി, കയ്യൂര്‍, അകലെയെങ്ങോ ഇടിമുഴക്കം (കവിതാ സമാഹാരങ്ങള്‍), മുള്ളും പൂവും പിണങ്ങാതെ, അമ്മവീട്ടില്‍പ്പക്ഷി, തങ്കവും തൈമാവും (ബാലസാഹിത്യം - കവിതകള്‍), ഉയരും ഞാന്‍ നാടാകെ (ഗദ്യം) എന്നിവയാണ് കൃതികള്‍. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ഉള്ളൂര്‍ അവാര്‍ഡ്, മൂലൂര്‍ അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ്, എസ് ബി ടി അവാര്‍ഡ്, എ പി കളയ്ക്കാട് പുരസ്‌കാരം, നിമിഷകവി അഞ്ചല്‍ ആര്‍ വേലുപ്പിള്ള പുരസ്‌കാരം, വി സാംബശിവന്‍ പുരസ്‌കാരം, എം എസ് രുദ്രന്‍ അവാര്‍ഡ്, പ്രൊഫ. എ സുധാകരന്‍ അവാര്‍ഡ,് ഒരുമ പുരസ്‌കാരം, എഴുമംഗലം വാമദേവന്‍ അവാര്‍ഡ്, സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ് തുടങ്ങിയവ കവിതയ്ക്കു ലഭിച്ചു. പ്രൊഫഷണല്‍ നാടകഗാനരചനയ്ക്ക് മൂന്നുതവണ സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ഉള്‍പ്പെടെ വിവിധ പുരസ്‌കാരങ്ങള്‍, ചലച്ചിത്രഗാനരചനയ്ക്ക് ഫിലിംക്രിട്ടിക്‌സ് അവാര്‍ഡ്. കേരളസാഹിത്യ അക്കാദമി നിര്‍വ്വാഹകസമിതിയംഗം, ജനറല്‍ കൗണ്‍സില്‍ അംഗം, ചലച്ചിത്ര അക്കാദമിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ പുരോഗമനകലാസാഹിത്യസംഘം സംസ്ഥാന വൈസ് പ്രസിഡന്റുമാരില്‍ ഒരാള്‍. തോന്നയ്ക്കല്‍ കുമാരനാശാന്‍ ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ട് അംഗം, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പ്രസിഡന്റ്. വിലാസം : മനസ്സ്, കാവല്ലൂര്‍ വട്ടിയൂര്‍ക്കാവ് പി ഒ, തിരുവനന്തപുരം -13