Skip to main content
Dr T N Seema
സി പി ഐ (എം) സംസ്ഥാന കമ്മിറ്റി അംഗം. 2010 മുതല്‍ കേരളത്തില്‍നിന്നുള്ള രാജ്യസഭാംഗമാണ്. എറണാകുളത്ത് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മഹാരാജാസ് കോളേജില്‍നിന്നും മലയാളസാഹിത്യത്തില്‍ ബിരുദവും തിരുവനന്തപുരത്ത് കേരള സര്‍വ്വകലാശാല മലയാളവിഭാഗത്തില്‍നിന്നും എം എ ബിരുദവും നേടി. സി വി രാമന്‍പിള്ളയുടെ ചരിത്രനോവലുകളെ ആസ്പദമാക്കിയുള്ള ഗവേഷണത്തിന് 1994 ല്‍ കേരള സര്‍വ്വകലാശാലയില്‍നിന്നും പി എച്ച് ഡി ബിരുദം ലഭിച്ചു. 1991 മുതല്‍ 17 വര്‍ഷം കേരളത്തിലെ വിവിധ സര്‍ക്കാര്‍ കോളേജുകളില്‍ മലയാളം അദ്ധ്യാപികയായിരുന്നു. 1996 മുതല്‍ അഞ്ചുവര്‍ഷം സംസ്ഥാന ആസൂത്രണബോര്‍ഡില്‍ ജനകീയാസൂത്രണ പരിപാടിയുടെയും സ്ത്രീശാക്തീകരണ പരിശീലനത്തിന്റെയും കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ചു. 2003 ല്‍ നെതര്‍ലാന്‍ഡ്‌സിലെ ഐ എസ് എസില്‍നിന്നും 'ദരിദ്രര്‍ക്കുള്ള സാര്‍വ്വത്രിക സാമൂഹ്യസുരക്ഷ'യില്‍ ഡിപ്ലോമ നേടി. 2008 ല്‍ മുഴുവന്‍സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി കോളജില്‍നിന്നും ജോലി രാജിവച്ചു. 2007 മുതല്‍ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ കേരള സംസ്ഥാന പ്രസിഡന്റ്, 2008 മുതല്‍ ദേശീയ വൈസ്പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്നു. അങ്കണവാടികളുടെ പ്രവര്‍ത്തനത്തെപ്പറ്റിയും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെപ്പറ്റിയും പഠനം നടത്തിയിട്ടുണ്ട്. ലിംഗപദവി പഠനത്തിനുള്ള പരിശീലനപുസ്തകം തയ്യാറാക്കിയിട്ടുണ്ട്. സ്ത്രീശാക്തീകരണം. ലിംഗപദവി, വികസനം, മാധ്യമപഠനം തുടങ്ങിയ വിഷയങ്ങളില്‍ നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. ജനകീയാസൂത്രണപരിപാടിയുടെ ഭാഗമായി സംസ്ഥാന ആസൂത്രണബോര്‍ഡ് പ്രസിദ്ധീകരിച്ച വനിതാ പരിശീലനത്തിനായുള്ള പുസ്തകങ്ങള്‍ എഡിറ്റു ചെയ്തു. 2012 ല്‍ ആദ്യ കവിതാസമാഹാരം ഹൃദയഗവേഷണം പ്രസിദ്ധീകരിച്ചു.