Skip to main content
Dr. M M Basheer
തിരുവനന്തപുരം പേട്ടയില്‍ ജനിച്ചു. പിതാവ്: മൈതീന്‍ഖാന്‍; മാതാവ്: ഹമീദുമ്മ. പേട്ട പ്രൈമറി സ്‌കൂള്‍, എസ് എം വി ഹൈസ്‌കൂള്‍, ഇന്റര്‍മീഡിയറ്റ് കോളേജ്, യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 1979 ല്‍ കേരള സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് ലഭിച്ചു. നാഗര്‍കോവില്‍ ക്രിസ്റ്റ്യന്‍ കോളേജ്, പെരിങ്ങമ്മല ഇക്ബാല്‍ കോളേജ്, കാലിക്കറ്റ് സര്‍വകലാശാല മലയാളവിഭാഗം എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. കര്‍മ്മഭൂമി, ഗ്രന്ഥാലോകം, മലയാളവിമര്‍ശം, സാഹിത്യലോകം, സംസ്‌കാരകേരളം ഗള്‍ഫ് വോയ്‌സ്, ജനനി - എന്നീ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസമിതി അംഗമായിരുന്നു. കേരളകവിതയുടെ പ്രസാധകനും പത്രാധിപസമിതി അംഗവുമാണ്. കേരളസാഹിത്യ അക്കാദമി, കേന്ദ്രസാഹിത്യ അക്കാദമി, കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് ഇവയില്‍ അംഗമായിരുന്നു. സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം ഡയറക്ടര്‍, കുമാരനാശാന്‍ സ്മാരകം ചെയര്‍മാന്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാന്‍, എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാരതീയ ജ്ഞാനപീഠം, സരസ്വതി സമ്മാന്‍ അവാര്‍ഡ് കമ്മിറ്റികളില്‍ പലപ്രാവശ്യം കണ്‍വീനര്‍ സ്ഥാനം വഹിച്ചിട്ടുണ്ട്. ഇപ്പോള്‍ കാലിക്കറ്റ് സര്‍വകലാശാല ഭാഷ- സാഹിത്യം ഡീന്‍, വൈക്കം മുഹമ്മദ് ബഷീര്‍ ചെയറിന്റെ വിസിറ്റിങ് പ്രൊഫസര്‍. കവിതയിലെ ചില പ്രശ്‌നങ്ങള്‍, ആശാന്‍ ഗ്രന്ഥസൂചി, ആശാന്‍ വള്ളത്തോള്‍ ഉള്ളൂര്‍, നമ്മുടെ മഹാകവികള്‍, സമീക്ഷണം, ആശാന്റെ പണിപ്പുര, സാഹിത്യാലോചന, കുമാരനാശാന്റെ രചനാശില്‍പ്പം, അന്തര്‍ധാര, അനേ്വഷണം, എം ടി: കഥയും പൊരുളും, മലയാള ചെറുകഥാസാഹിത്യചരിത്രം, (രണ്ടു വാല്യങ്ങള്‍) അക്ഷരാര്‍ത്ഥം, കുമാരനാശാന്റെ നോട്ടുബുക്കുകള്‍, ആത്മദുഃഖങ്ങള്‍ ഹര്‍ഷോന്മാദങ്ങള്‍, സി വിയും ദസ്തയെവ്‌സ്‌കിയും: പ്രേമത്തിന്റെ പീഡാനുഭവം തുടങ്ങിയ 20 നോവലുകള്‍ നിരവധി നിരൂപണഗ്രന്ഥങ്ങള്‍. ഖലീല്‍ ജിബ്രാന്റെ ഒടിഞ്ഞചിറകുകള്‍, പ്രതിഷേധിക്കുന്ന ആത്മാവുകള്‍, സ്‌നേഹപൂര്‍വ്വം ജിബ്രാന്‍: തൗഫീഖുല്‍ ഹക്കിമിന്റെ സുല്‍ത്താന്റെ ധര്‍മ്മസങ്കടം, കഴുതച്ചന്ത, ഒരു പാറ്റയുടെ വിധി, മരംകയറി, വിഷനദി, ഒന്നും അസ്ഥാനത്തല്ല- പരിഭാഷകള്‍. ഭാര്യ : ബി എം സുഹറ (എഴുത്തുകാരി) മക്കള്‍ : അജ്മല്‍ ബഷീര്‍, അനീസ് ബഷീര്‍ വിലാസം : എക്‌സ്പ്രസ് എന്‍കളേവ് ചേവായൂര്‍ പി ഒ കോഴിക്കോട് - 673017