Skip to main content
ശ്രീ. പി കെ കുഞ്ഞുണ്ണിയുടെയും ശ്രീമതി എന്‍ കെ മാധവിയുടെയും മകനായി 1957 ഏപ്രില്‍ മാസം തൃശൂര്‍ ജില്ലയിലെ അടാട്ട് പഞ്ചായത്തില്‍ ജനിച്ചു. പുറനാട്ടുകര ശ്രീരാമകൃഷ്ണഗുരുകുലവിദ്യാമന്ദിരം, തൃശൂര്‍ സെന്റ് തോമസ് കോളേജ്, ഗുരുവായൂര്‍ ശ്രീകൃഷ്ണകോളേജ്, കോഴിക്കോട് സര്‍വ്വകലാശാല സംസ്‌കൃതവിഭാഗം എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ബി എയ്ക്കും എം എയ്ക്കും ക്ലാസും റാങ്കും നേടി വിജയിച്ചു. ഡോ. കെ എന്‍ എഴുത്തച്ഛന്റെ കേരളോദയം എന്ന സംസ്‌കൃതമഹാകാവ്യത്തെക്കുറിച്ചുള്ള പഠനത്തിന് കോഴിക്കോട് സര്‍വ്വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് നേടി. തൃശൂര്‍ ശ്രീകേരളവര്‍മ്മകോളേജ്, മാവേലിക്കര ബിഷപ്പ്മൂര്‍ കോളേജ് എന്നിവിടങ്ങളില്‍ സംസ്‌കൃതവിഭാഗം അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പുരോഗമനകലാസാഹിത്യസംഘം ആലപ്പുഴ ജില്ലാ പ്രസിഡന്റ്, ജില്ലാസെക്രട്ടറി, സംസ്ഥാനനിര്‍വ്വാഹക സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഡോ. അടാട്ട് കോഴിക്കോട് സര്‍വ്വകലാശാല സെനറ്റില്‍ രണ്ട് തവണ അംഗമായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മഹാത്മാഗാന്ധി കേരള കണ്ണൂര്‍ സംസ്‌കൃതസര്‍വ്വകലാശാലകളില്‍ സംസ്‌കൃതം ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗമായും, സംസ്‌കൃത സര്‍വ്വകലാശാല അക്കാദമിക് കൗണ്‍സില്‍ അംഗമായും, സിന്റിക്കേറ്റ് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട് ഇപ്പോള്‍ അങ്കമാലി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വി ടി ട്രസ്റ്റിന്റെ സെക്രട്ടറിയായും, കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ സംസ്ഥാന കൗണ്‍സില്‍ അംഗമായും, കേരളസംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ അംഗമായും, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല സാഹിത്യവിഭാഗം അദ്ധ്യക്ഷനായും പ്രവര്‍ത്തിച്ചു. ഇപ്പോള്‍ സര്‍വ്വകലാശാലാ പ്രോവൈസ് ചാന്‍സലര്‍. ഡോ. അടാട്ട് സംസ്‌കൃതം, ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളിലായി നിരവധി ലേഖനങ്ങളും മുപ്പത്തഞ്ച് പഠനഗ്രന്ഥങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡോ. അടാട്ടിന്റെ ഉപനിഷദ് ദര്‍ശനം-ഒരു പുനര്‍വിചാരം എന്ന കൃതി 1994 ലെ ഏറ്റവും നല്ല വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള അബുദാബി ശക്തി അവാര്‍ഡും, ഋഗ്വേദത്തിന്റെ ദാര്‍ശനികഭൂമിക എന്ന കൃതി 1998 ലെ ഏറ്റവും നല്ല സാമൂഹ്യ ശാസ്ത്ര ഗ്രന്ഥത്തിനുള്ള കെ ദാമോദരന്‍ പുരസ്‌കാരവും, ഭാരതീയപൈതൃകം വിശകലനവും വിമര്‍ശനവും എന്ന കൃതി 1999 ലെ ഏറ്റവും നല്ല വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള സഹോദരന്‍ അയ്യപ്പന്‍ സ്മാരക പുരസ്‌കാരവും, ഋഗ്വേദത്തിന്റെ ദാര്‍ശനികഭൂമിക എന്ന കൃതി ഏറ്റവും നല്ല വൈദിക സാഹിത്യ ഗ്രന്ഥത്തിനുള്ള കേരളസാഹിത്യഅക്കാദമിയുടെ അവാര്‍ഡും നേടുകയുണ്ടായി. ഭാര്യ : ഡോ. റീജാ ബി (കാവനാല്‍ സംസ്‌കൃത സര്‍വ്വകലാശാലയിലെ അദ്ധ്യാപികയാണ്.) മക്കള്‍ : അഖില്‍ ഡി രാജ്, അനുപ ഡി രാജ്. വിലാസം : സംസ്‌കൃതി, കാലടി പി. ഒ, എറണാകുളം ജില്ല- 683 574