Skip to main content

തൃശൂര്‍ ജില്ലയിലെ തലപ്പിള്ളി താലൂക്കില്‍ ദേശമംഗലത്ത് ജനിച്ചു (1948). നാട്ടിലും ചെറുതുരുത്തിയിലുമായി സ്‌കൂള്‍ വിദ്യാഭ്യാസം. പട്ടാമ്പി സംസ്‌കൃത കോളേജില്‍നിന്ന് എം എ മലയാളം ഒന്നാം ക്ലാസ്, ഒന്നാം റാങ്ക് (1972). കോഴിക്കോട് സര്‍വ്വകലാശാലയില്‍ ഡോ. കെ എന്‍ എഴുത്തച്ഛന്റെ കീഴില്‍ ഗവേഷണം ചെയ്ത് പി എച്ച് ഡി നേടി. 1975 മുതല്‍ 89 വരെ വിവിധ ഗവണ്‍മെന്റ് കോളേജുകളിലും 1989 മുതല്‍ കേരള സര്‍വ്വകലാശാല മലയാള വിഭാഗത്തിലും അദ്ധ്യാപകന്‍. 2008 ല്‍ പ്രൊഫസര്‍ സ്ഥാനത്തുനിന്നു വിരമിച്ചു. തുടര്‍ന്ന് കോഴിക്കോട് സര്‍വ്വകലാശാല മലയാള വിഭാഗത്തില്‍ യു ജി സിയുടെ എമെറിറ്റസ് ഫെലോ ആയി (2009 - 11); മദിരാശി സര്‍വ്വകലാശാലയില്‍ വിസിറ്റിങ് പ്രൊഫസറായി (2011 - 12). തിരൂരിലെ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വ്വകലാശാലയില്‍ ആദ്യത്തെ മലയാളം വകുപ്പദ്ധ്യക്ഷനായും ഡീനായും പ്രവര്‍ത്തിച്ചു. 2018 ഫെബ്രുവരിയില്‍ അവിടെനിന്നും പിരിഞ്ഞു. കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനാ പുരസ്‌കാരം (2014) ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. കവിതാ സമാഹാരങ്ങള്‍: കൃഷ്ണപക്ഷം, വിട്ടുപോയ വാക്കുകള്‍, കാണാതായ കുട്ടികള്‍, കൊടിമരം, താതരാമായണം, ചിതല്‍വരുംകാലം, മറവി എഴുതുന്നത്, വിചാരിച്ചതല്ല, എത്ര യാദൃച്ഛികം, കരോള്‍, ബധിരനാഥന്മാര്‍, എന്റെ കവിത, ഇന്ത്യാഗേറ്റ്, ദേശമംഗലം കവിതകള്‍. കവിതാ വിവര്‍ത്തനങ്ങള്‍: തെലുഗുകവിത 1900 - 80, ഭാരതീദാസന്റെ കവിതകള്‍, സ്ത്രീലോകകവിത, ഭവിഷ്യത് ചിത്രപടം, ഡെറക്‌വാല്‍ക്കോട്ടിന്റെ കവിതകള്‍, ലോകകവിത - ചില ഏടുകള്‍, കവിതയുടെ ഭൂഖണ്ഡങ്ങള്‍. പഠനങ്ങള്‍: കവിയുടെ കലാതന്ത്രം, വഴിപാടും പുതുവഴിയും, നിരണം പാട്ടുകവികള്‍, എന്‍ എന്‍ കക്കാട്, വി സി ബാലകൃഷ്ണപ്പണിക്കര്‍, പുതിയ കൃതി പഴയ പൊരുള്‍ (എഡി.), കാവ്യഭാഷയിലെ പ്രശ്‌നങ്ങള്‍ (എഡി.) എന്നിവയാണ് പ്രധാന സംഭാവനകള്‍. കൂടാതെ നാടക വിവര്‍ത്തനങ്ങളും ലോക ക്ലാസിക്കുകളുടെ വിവര്‍ത്തനങ്ങളുമുണ്ട്. ഭാര്യ : പ്രൊഫ. ശ്രീകുമാരി മകള്‍ : നിമിഷ വിലാസം : ബി 6, ദേശമംഗലം വീട്, മുറിഞ്ഞപാലം പാലൂര്‍ ലെയ്ന്‍, മെഡിക്കല്‍ കോളേജ് പി ഒ തിരുവനന്തപുരം 659011 മൊബൈല്‍ : 9447649020 desamangalamramakrishnan@gmail.com www.desamangalam.org