Skip to main content
1942 ജനുവരി 25 ന് ആലപ്പുഴ ജില്ലയിലെ മുതുകുളത്ത് ജനിച്ചു. അച്ഛന്‍- കോട്ടാല്‍ കെ പരമേശ്വരന്‍ നായര്‍ അമ്മ - മണ്ണൂരേത്ത് പത്മാക്ഷിയമ്മ പ്രാഥമിക വിദ്യാഭ്യാസം രാമപുരത്തും ചേപ്പാട്ടുമായിരുന്നു. തുടര്‍ന്ന് ആലപ്പുഴ കാര്‍മല്‍ പോളിടെക്‌നിക് കോളേജില്‍നിന്ന് എഞ്ചിനീയറിങ്ങില്‍ ഡിപ്ലോമ സമ്പാദിച്ചു. പിന്നീട് കേരള മുനിസിപ്പല്‍ സര്‍വ്വീസില്‍ പ്രവേശിച്ചു. കേരളത്തിലെ വിവിധ നഗരസഭകളില്‍ എഞ്ചിനീയറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോട്ടയം നഗരസഭയില്‍ അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയറായിരിക്കെ 1997 ജനുവരിയില്‍ സര്‍വ്വീസില്‍നിന്നു വിരമിച്ചു. ബാലസാഹിത്യം, ശാസ്ത്രസാഹിത്യം, വൈജ്ഞാനിക സാഹിത്യം എന്നീ വിഭാഗങ്ങളില്‍പ്പെട്ട അമ്പതില്‍പ്പരം കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബാലകവിത എന്ന കുട്ടികളുടെ മാസിക ഏഴുവര്‍ഷക്കാലം നടത്തി. ശാസ്ത്രസാഹിത്യപരിഷത്ത് പുരസ്‌കാരം (1970), കൈരളീ ചില്‍ഡ്രന്‍സ് ബുക്ക് ട്രസ്റ്റ് അവാര്‍ഡ് (1993), ബാലഗോകുലം പുരസ്‌കാരം (2003), കേരള തിയോസഫിക്കല്‍ ഫെഡറേഷന്‍ പുരസ്‌കാരം (2003), ഭാരത് ജ്യോതി അവാര്‍ഡ് (2005) എന്നിവ ലഭിച്ചിട്ടുണ്ട്. കിലുക്കാംപെട്ടി, നഴ്‌സറിപ്പാട്ടുകള്‍, കടങ്കവിതകളും കുട്ടിക്കവിതകളും, പൂവാലിയും കൂട്ടുകാരും, കുട്ടിക്കവിതകളും ചിരിക്കവിതകളും, ഒന്നാനാംകുന്നിന്മേല്‍, പഞ്ചവര്‍ണ്ണത്തത്ത, മാഞ്ചുവട്ടില്‍, പൊന്മാന്‍, ഇലകൊഴിഞ്ഞമരം, ചിന്താസുമങ്ങള്‍, ഭൂമിശാസ്ത്രവിശേഷങ്ങള്‍, ഇന്ത്യയിലെ നദികള്‍, വിശ്വമഹാകവി ടാഗോര്‍, സ്വാതന്ത്ര്യസമരയോദ്ധാക്കള്‍, ഇന്ത്യ എന്റെ രാജ്യം, ഇന്ത്യയും കേരളവും, നമ്മുടെ മുഖ്യമന്ത്രിമാര്‍, സാഹിത്യത്തിലെ അമരക്കാര്‍, ശാസ്ത്രകൗതുകം, തെറ്റേത്? ശരിയേത്?, മലയാളിസദ്യയും ആരോഗ്യവും, പരിസ്ഥിതിയും പ്ലാസ്റ്റിക്കും, കുട്ടികളുടെ നേതാജി, അവിശ്വസനീയ സംഭവകഥകള്‍ തുടങ്ങിയവയാണ് പ്രധാനകൃതികള്‍. ഭാര്യ : സുമ മക്കള്‍ : സന്തോഷ്‌കുമാര്‍ ചേപ്പാട്, സിതാര ഹരീഷ് വിലാസം : ഏവൂരേത്ത്, ചേപ്പാട്, ആലപ്പുഴ þ 690 507