Skip to main content
Chemmanam Chakko

1926 മാര്‍ച്ച് 7 ന് മദ്ധ്യകേരളത്തിലെ വൈക്കം താലൂക്കില്‍പ്പെട്ട മുളക്കുളം വില്ലേജില്‍ ചെമ്മനം കുടുംബത്തില്‍ ജനിച്ചു. പിതാവ്: യോഹന്നാന്‍ കത്തനാര്‍, മാതാവ്: സാറാ. അവര്‍മാ പ്രൈമറി സ്‌കൂള്‍, പാമ്പാക്കുട ഗവ. മിഡില്‍ സ്‌കൂള്‍ പിറവം ഗവ. മിഡില്‍ സ്‌കൂള്‍, പിറവം സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍, ആലുവാ യു സി കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 1953 ല്‍ മലയാളം ബി എ ഓണേഴ്‌സ് പരീക്ഷയില്‍ ഒന്നാം ക്ലാസ് വിജയം. 1945 ല്‍ പ്രൈവറ്റായി ചേര്‍ന്ന് സാഹിത്യവിശാരദ് പരീക്ഷയും സ്റ്റേറ്റ് റാങ്കോടെ ജയിച്ചിട്ടുണ്ട്. പിറവം സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍, പാളയം കോട്ട സെന്റ്. ജോണ്‍സ് കോളേജ്, തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ്, കേരള യൂണിവേഴ്‌സിറ്റി മലയാളം ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവിടങ്ങളില്‍ അദ്ധ്യാപകവൃത്തി. 1968 മുതല്‍ 86 വരെ കേരള സര്‍വ്വകലാശാലയില്‍ പുസ്തക പ്രസിദ്ധീകരണ വകുപ്പിന്റെ (ജൗയഹശരമശേീി െഉലുമൃാേലി)േ ഡയറക്ടര്‍. നാല്പതുകളുടെ തുടക്കത്തില്‍ സാഹിത്യ പ്രവര്‍ത്തനം ആരംഭിച്ചു. 1946 ല്‍ ചക്രവാളം മാസികയില്‍ പ്രവചനം എന്ന കവിത ആദ്യമായി പ്രസിദ്ധീകരിച്ചു. 1947 ല്‍ പ്രസിദ്ധീകരിച്ച വിളംബരം എന്ന കവിതാസമാഹാരമാണ് പ്രഥമഗ്രന്ഥം. 1965 ല്‍ പ്രസിദ്ധീകരിച്ച ഉള്‍പ്പാര്‍ട്ടിയുദ്ധം എന്ന കവിതയിലൂടെ വിമര്‍ശഹാസ്യ (ടമശേൃല) കവിതയാണ് തന്റെ തട്ടകം എന്നു തിരിച്ചറിഞ്ഞ ചെമ്മനം തുടര്‍ന്നുള്ള നാലു വ്യാഴവട്ടക്കാലത്തെ സുസ്ഥിരമായ കാവ്യതപസ്സുകൊണ്ട് മലയാള കവിതയില്‍ സ്വന്തം ഹാസ്യ സാഹിത്യ സാമ്രാജ്യം പടുത്തുയര്‍ത്തി. കൃതികള്‍: വിളംബരം, കനകാക്ഷരങ്ങള്‍, നെല്ല്, ഇന്ന്, പുത്തരി, അസ്ത്രം, ആഗ്നേയാസ്ത്രം, ദുഃഖത്തിന്റെ ചിരി, ആവനാഴി, ജൈത്രയാത്ര, രാജപാത, ദാഹജലം, ഭൂമികുലുക്കം, അമ്പുംവില്ലും, രാജാവിനുവസ്ത്രമില്ല, ആളില്ലാക്കസേരകള്‍, ചിന്തേര്, നര്‍മ്മസങ്കടം, ഒന്ന് ഒന്ന് രണ്ടായിരം, ഒറ്റയാള്‍പ്പട്ടാളം, ഒറ്റയാന്റെ ചൂണ്ടുവിരല്‍, അക്ഷരപ്പോരാട്ടം, തലേലെഴുത്ത്, കനല്‍ക്കട്ടകള്‍ (കവിതാഗ്രന്ഥങ്ങള്‍), ചക്കരമാമ്പഴം, രാത്രിവിളക്കുകള്‍, നെറ്റിപ്പട്ടം (ബാലസാഹിത്യം-കവിതകള്‍), ഇന്ത്യന്‍ കഴുത, വര്‍ഗ്ഗീസ് ആന (ബാലസാഹിത്യം കഥകള്‍), കിഞ്ചനവര്‍ത്തമാനം, കാണാമാണിക്യം, ചിരിമധുരം, ചിരിമധുരതരം, ചിരിമധുരതമം, ചിരിമലയാളം (വിമര്‍ശനഹാസ്യലേഖനങ്ങള്‍), പുളിയും മധുരവും (അനുസ്മരണ ലേഖനങ്ങള്‍), വള്ളത്തോള്‍ കവിയും, വ്യക്തിയും (പഠനഗ്രന്ഥം), ഭാഷാതിലകം, അറിവിന്റെ കനികള്‍ (ലേഖനസമാഹാരങ്ങള്‍), തോമസ് 28 വയസ്സ് (ചെറുകഥാ സമാഹാരം), കുടുംബസംവിധാനം (തര്‍ജ്ജമ), ചെമ്മനം കവിതകള്‍, വര്‍ഷമേഘം, അക്ഷരശിക്ഷ, പത്രങ്ങളേ, നിങ്ങള്‍!, ചിരിക്കാം ചിന്തിക്കാം, അന്ധകാരം, ചെമ്മനം കവിത-സമ്പൂര്‍ണ്ണം, കറുത്തപെണ്ണേ.... കഥാകവിതകള്‍ (തെരഞ്ഞെടുത്ത കവിതകളുടെ സമാഹാരങ്ങള്‍) ബഹുമതി: കേരള സാഹിത്യ അക്കാദമിയില്‍നിന്നും കവിതാ അവാര്‍ഡ് (രാജപാത), ഹാസ്യസാഹിത്യ അവാര്‍ഡ് (കിഞ്ചനവര്‍ത്തമാനം) സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം (2006) ഇവ ലഭിച്ചു. കുഞ്ചന്‍ നമ്പ്യാര്‍ കവിതാപുരസ്‌കാരം (2012), മഹാകവി ഉള്ളൂര്‍ കവിതാ അവാര്‍ഡ് (2003), സഞ്ജയന്‍ അവാര്‍ഡ് (2004), പി സ്മാരക പുരസ്‌കാരം (2004), പണ്ഡിറ്റ് കെ പി കറുപ്പന്‍ അവാര്‍ഡ് (2004), മൂലൂര്‍ അവാര്‍ഡ് (1993), കുട്ടമത്ത് അവാര്‍ഡ് (1992), സഹോദരന്‍ അയ്യപ്പന്‍ അവാര്‍ഡ് (1993), എ ഡി ഹരിശര്‍മ്മ അവാര്‍ഡ് (1978) എന്നിവയും ചെമ്മനത്തെ തേടി എത്തിയിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി, ഓഥേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ, സമസ്ത കേരള സാഹിത്യ പരിഷത്ത്, മലയാളം ഫിലിം സെന്‍സര്‍ബോര്‍ഡ്, കേന്ദ്രസാഹിത്യ അക്കാദമി മലയാളം അഡൈ്വസറി ബോര്‍ഡ് തുടങ്ങിയവയില്‍ നിര്‍വ്വാഹക സമിതി അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. യു കെ, യു എസ് എ, ജര്‍മ്മനി, കാനഡ, അയര്‍ലന്റ്, ഗള്‍ഫ് രാജ്യങ്ങള്‍, ലക്ഷദ്വീപുകള്‍ തുടങ്ങിയ നാടുകള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഭാര്യ : ബേബി മക്കള്‍ : ഡോ. ജയ, ഡോ. ശോഭ വിലാസം : ചെമ്മനം, പടമുകള്‍, കാക്കനാട്, കൊച്ചി 682 030 ഫോണ്‍ : 0484-2423940 മൊബൈല്‍ : 9446227787