Skip to main content
C Rahim
1968 ല്‍ ആലപ്പുഴ ജില്ലയില്‍ നൂറനാട്ട് നെടിയത്ത് വീട്ടില്‍ ജനിച്ചു. അച്ഛന്‍ ചെല്ലപ്പന്‍ റാവുത്തര്‍, അമ്മ മുഹമ്മദ് അമ്മാള്‍. സി ബി എം ഹൈസ്‌കൂള്‍, കായംകുളം എം എസ് എം കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. സ്റ്റാറ്റിസ്റ്റിക്‌സില്‍ ബിരുദം. സാമൂഹ്യശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദകോഴ്‌സ് പൂര്‍ത്തിയാക്കി. ഇക്കോളജി ആന്റ് എന്‍വയോണ്‍മെന്റ്, പബ്ലിക് റിലേഷന്‍ ആന്റ് ജേര്‍ണലിസം എന്നിവയില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ നേടി. ഇന്ത്യാറിവ്യൂ, മാധ്യമം ദിനപത്രം എന്നിവയില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തു. ഇപ്പോള്‍ സൗദി അറേബ്യയില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന അറബ് ന്യൂസിന്റെ മലയാളം ന്യൂസ് പത്രത്തിന്റെ തിരുവനന്തപുരത്തെ റിപ്പോര്‍ട്ടര്‍. 1987 ല്‍ നൂറനാട്ട് പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്കായി ഗ്രാമശ്രീ എന്ന സംഘടന സ്ഥാപിച്ചു. എം പി മന്മഥനൊപ്പം മദ്യനിരോധനസമരങ്ങളില്‍ പ്രവര്‍ത്തിച്ചു. വിഷ്വല്‍ മീഡിയ റിസേര്‍ച്ച് സെന്റര്‍ ആന്റ് ഫിലിംസൊസൈറ്റിയുടെ പ്രസിഡന്റായും പ്രവര്‍ത്തിക്കുന്നു. തൈക്കാവിലെ ഉറുമ്പുകള്‍, കായിത, തൈക്കാവിലെപുരാണം (നോവല്‍), തൂവല്‍ക്കുപ്പായക്കാര്‍, വീട്ടുവളപ്പിലെ പക്ഷികള്‍, കേരളത്തിലെ 21 പക്ഷികള്‍, ദക്ഷിണേന്ത്യയിലെ പക്ഷികള്‍, നമ്മുടെ വന്യജീവികള്‍, ബേര്‍ഡ്‌സ് ദാറ്റ് കെയിം ഇന്‍സര്‍ച്ച് ഓഫ് മി, നാട്ടുമാമ്പഴം, പുഴ വെറും ജലമല്ല, പരിസ്ഥിതിയുടെ രാഷ്ട്രീയം (എഡിറ്റര്‍) എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. കൈരളി ടി വിയില്‍ പക്ഷികളെക്കുറിച്ച് കിളിവാതില്‍ 101 എപ്പിസോഡുകളുള്ള പരമ്പരയുടെയും വന്യജീവികളെക്കുറിച്ചുള്ള വൈല്‍സ് ലൈഫ്, 25 എപ്പിസോഡുകളുടെയും രചനയും സംവിധാനവും നിര്‍വ്വഹിച്ചു. സംസ്ഥാനസര്‍ക്കാരിന്റെ ഏറ്റവും നല്ല ഡോക്യുമെന്ററിക്കുള്ള സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് കിളിവാതില്‍, സൗണ്ട് ഓഫ് നേച്ചര്‍ എന്നീ ഡോക്യുമെന്ററികള്‍ക്ക് ലഭിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും നല്ല ഡോക്യുമെന്ററി സംവിധായകനുള്ള അവാര്‍ഡ് ലോസ്റ്റ് വുഡിനു ലഭിച്ചു. ഫിലിംക്രിട്ടിക് അസോസിയേഷന്റെ ഏറ്റവും നല്ല ഡോക്യുമെന്ററിക്കും പ്രൊഡ്യൂസര്‍ക്കുമുള്ള അവാര്‍ഡ് കിളിവാതിലിന് ലഭിച്ചു. ബേര്‍ഡ് മാന്‍ എന്ന ഡോക്യുമെന്ററി തിരുവനന്തപുരം അന്താരാഷ്ട്ര ഡോക്യുമെന്ററി ഫെസ്റ്റിവലില്‍ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുത്തു. സൈന്‍സ് ഫെസ്റ്റിവലില്‍ കൂന്തംകുളത്തെ പക്ഷികള്‍, ബേര്‍ഡ് മാന്‍ എന്നിവ തെരഞ്ഞെടുക്കപ്പെട്ടു. ഭാര്യ : പ്രിയ മക്കള്‍ : അമല്‍, അഖില