Skip to main content
BHARATH MURALI

പ്രശസ്ത നടനും നാടകകൃത്തും കലാവിമര്‍ശകനും. 1954 മേയ് 25 ന് കൊല്ലം മുടവന്നൂരില്‍ പി കൃഷ്ണപിള്ളയുടെയും ദേവകിയമ്മയുടെയും മൂത്ത മകനായി ജനിച്ചു. നാലു സഹോദരങ്ങള്‍. കുടവന്നൂര്‍ എല്‍ പി സ്‌കൂളിലും തൃക്കണ്ണമംഗലം എസ് കെ വി ഹൈസ്‌കൂളിലും പഠിച്ചു. തിരുവനന്തപുരം എം ജി കോളേജില്‍ നിന്നും പ്രീഡിഗ്രിയും ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജില്‍നിന്നും ഡിഗ്രി പരീക്ഷയും പാസായി, ലോ അക്കാഡമി ലോകോളേജില്‍ പഠിച്ച് എല്‍ എല്‍ ബി നേടി. എസ് എഫ് ഐ യില്‍ സജീവമായിരുന്നു. പഠനശേഷം ആരോഗ്യവകുപ്പിലും കേരള സര്‍വ്വകലാശാലയിലും ജോലി ചെയ്തു. നിരവധി ചലച്ചിത്രങ്ങളില്‍ മുരളി അഭിനയിച്ചിട്ടുണ്ട്. വില്ലന്‍ കഥാപാത്രമായി സ്‌ക്രീനില്‍വന്ന മുരളി പിന്നീട് സ്വഭാവനടനായും നായകനടനായും മാറി. 2001 ല്‍ നെയ്ത്തുകാരന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ അവാര്‍ഡു നേടി. 1992, 96, 98, 2001 വര്‍ഷങ്ങളില്‍ നല്ല നടനുള്ള സംസ്ഥാന അവാര്‍ഡ് നേടി. 1991 ലും 2007 ലും ഏറ്റവും മികച്ച സഹനടനുള്ള അവാര്‍ഡ് മുരളിക്കായിരുന്നു. 2005 ല്‍ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും ടി വി അവാര്‍ഡും 1992 ല്‍ മികച്ച നടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡും കരസ്ഥമാക്കി. കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡും മദ്രാസ് ഫിലിം ഫാന്‍സ് അവാര്‍ഡുമാണ് ഇതര അംഗീകാരങ്ങള്‍. മികച്ച നാടകനടന്‍ കൂടിയായിരുന്നു മുരളി. നരേന്ദ്രപ്രസാദ് ആരംഭിച്ച നാട്യഗൃഹത്തിലെ സജീവ പങ്കാളിയായിരുന്നു അദ്ദേഹം. മുരളി ഒരു ഗ്രന്ഥകാരന്‍കൂടിയായിരുന്നു. തന്റേതായി 5 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2006 മുതല്‍ മരണം വരെ കേരളസംഗീതനാടക അക്കാദമി ചെയര്‍മാനായിരുന്നു. കൈരളി ടി വിയുടെ ഡയറക്ടര്‍മാരില്‍ ഒരാളായിരുന്നു. 1999 ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍നിന്നും ഇടതുപക്ഷ പിന്തുണയോടെ മത്സരിക്കുകയുണ്ടായി. 2009 ആഗസ്ത് 6 ന് തിരുവനന്തപുരത്ത് നിര്യാതനായി. ഭാര്യ : മിനി മകള്‍ : കാര്‍ത്തിക.