Skip to main content
Asgar Ali Engineer
പ്രശസ്ത ചരിത്രകാരനും ഇസ്ലാമിക പണ്ഡിതനും സാമൂഹിക പരിഷ്‌കര്‍ത്താവും. 1939 മാര്‍ച്ച് 10 ന് രാജസ്ഥാനിലെ സലുമ്പാറില്‍ ജനിച്ചു. പിതാവ്: ബോറവിഭാഗത്തിലെ പുരോഹിതനായ ഷയ്ഖ് ഖുര്‍ബാന്‍ ഹുസൈന്‍. കുട്ടിക്കാലത്തുതന്നെ ഖുറാന്‍ വിവരണം, ആന്തരാര്‍ഥം എന്നിവ വ്യാഖ്യാനിക്കുന്നതില്‍ പ്രാവീണ്യം നേടി. മധ്യപ്രദേശിലെ വിക്രംസര്‍വകലാശാലയില്‍നിന്ന് സിവില്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം നേടിയതിനുശേഷം മുംബൈ നഗരസഭയില്‍ എഞ്ചിനീയറായി പ്രവര്‍ത്തിച്ചു. പിന്നീട് 1972 ല്‍ സ്വയം വിരമിക്കുകയും സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയും ചെയ്തു. വര്‍ഗീയതയ്‌ക്കെതിരായി മതനിരപേക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച എഴുത്തുകാരനും ആക്ടിവിസ്റ്റുമായിരുന്നു അസ്ഗര്‍ അലി എഞ്ചിനീയര്‍. തന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് സൊസൈറ്റി ആന്റ് സെക്കുലറിസം, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്ലാമിക് സ്റ്റഡീസ് എന്നീ സ്ഥാപനങ്ങള്‍ അദ്ദേഹം സ്ഥാപിച്ചു. 52 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. ദേശീയ അന്തര്‍ദേശീയ പ്രസിദ്ധീകരണങ്ങളില്‍ നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. നാഷണല്‍ കമ്യൂണല്‍ അവാര്‍ഡ് അടക്കം നിരവധി ബഹുമതികള്‍ അദ്ദേഹത്തെ തേടിയെത്തി. 2013 മെയ് 14 ന് അന്തരിച്ചു.