Skip to main content
അക്ബര്‍ കക്കട്ടിൽ

1954 ജൂലൈ 7 ന് കോഴിക്കോട് ജില്ലയിലെ കക്കട്ടില്‍ ഗ്രാമത്തില്‍ ജനനം. പിതാവ്: പി അബ്ദുള്ള, മാതാവ്: സി കെ കുഞ്ഞാമിന. സഹോദരി ബിയാത്തു. പ്രശസ്ത കഥാകൃത്തും നോവലിസ്റ്റും. വിദ്യാഭ്യാസം, ജോലി: കക്കട്ടില്‍ പാറയില്‍ എല്‍ പി-വട്ടോളി സംസ്‌കൃതം സെക്കന്ററി സ്‌കൂളുകള്‍, ഫറോക്ക് -മടപ്പള്ളി ഗവ. - തൃശൂര്‍ കേരളവര്‍മ്മ, തലശ്ശേരി ഗവ. ബ്രണ്ണന്‍, തലശ്ശേരി ഗവ. ട്രെയിനിങ് കോളേജുകള്‍ എന്നിവിടങ്ങളില്‍ പഠനം. ഇംഗ്ലീഷ് സാഹിത്യം, എഡ്യൂക്കേഷന്‍ എന്നിവയില്‍ ബിരുദങ്ങളും മലയാള സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും. സംസ്‌കൃതപഠനത്തിന് സംസ്ഥാന ഗവണ്‍മെന്റിന്റെ മെറിറ്റ് സ്‌കോളര്‍ഷിപ്പ് (1967-'70) ലേഖന രചനയ്ക്ക് മലയാളമനോരമ പ്രൈസ് ('1971), നോവല്‍ രചനയ്ക്ക് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ പ്രൈസ് ('1974) എന്നിവ ലഭിച്ചു. മടപ്പള്ളി ഗവ. കോളേജ്, തലശ്ശേരി ഗവ. ട്രെയിനിങ് കോളേജ് എന്നിവിടങ്ങളില്‍ കോളേജ് യൂണിയന്‍ ചെയര്‍മാനും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ എക്‌സിക്യൂട്ടീവ് അംഗവുമായിട്ടുണ്ട്. വട്ടോളി നാഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ മലയാളം അദ്ധ്യാപകനായിരുന്നു. കുറ്റ്യാടി ഗവ. ഹൈസ്‌കൂള്‍, കുത്താളി ഹൈസ്‌കൂള്‍, കോട്ടയം ജില്ലാ നവോദയ വിദ്യാലയം എന്നിവിടങ്ങളിലും അദ്ധ്യാപകനായിട്ടുണ്ട്. കൃതികള്‍, അംഗീകാരങ്ങള്‍: ഇതിനകം പ്രസിദ്ധീകരിച്ച 54 പുസ്തകങ്ങള്‍. രണ്ടുതവണ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. (ഒന്ന്) 1992 ല്‍ ഹാസ്യവിഭാഗത്തില്‍ കേരള സാഹിത്യ അക്കാദമിയുടെ പ്രഥമ അവാര്‍ഡ് സ്‌കൂള്‍ ഡയറി എന്ന ലഘു ഉപന്യാസ സമാഹാരത്തിന്. (രണ്ട്) 2004 ല്‍ നോവലിനുള്ള അവാര്‍ഡ് വടക്കുനിന്നൊരു കുടുംബവൃത്താന്തത്തിന്. സംസ്ഥാന ഗവണ്‍മെന്റിന്റെ രണ്ടു അവാര്‍ഡുകള്‍ ലഭിക്കുകയുണ്ടായി. (ഒന്ന്) 1998 ല്‍ മികച്ച നോവലിന് (സ്‌ത്രൈണം) ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ്. (രണ്ട്) 2000 ല്‍ മികച്ച കഥാകൃത്തിനുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് (സ്‌കൂള്‍ ഡയറി - ദൂരദര്‍ശന്‍ സീര്യല്‍). 1992 ല്‍ സാഹിത്യത്തിനുള്ള ഇന്ത്യാ ഗവണ്‍മെന്റിന്റെ ഫെലോഷിപ്പ് ലഭിച്ചു. അങ്കണം സാഹിത്യ അവാര്‍ഡ് (ശമീലാഫഹ്മി '87) എസ് കെ പൊറ്റെക്കാട്ട് അവാര്‍ഡ് (മൃത്യുയോഗം '91) സി എച്ച് മുഹമ്മദ്‌കോയ മെമ്മോറിയല്‍ അവാര്‍ഡ് (സര്‍ഗ്ഗസമീക്ഷ '95) അബുദാബി ശക്തി അവാര്‍ഡ് (വടക്കുനിന്നൊരു കുടുംബവൃത്താന്തം - '02), രാജീവ് ഗാന്ധി പീസ് ഫൗണ്ടേഷന്‍ അവാര്‍ഡ് (തെരഞ്ഞെടുത്ത കഥകള്‍ - '03), ഗ്രാമദീപം അവാര്‍ഡ് ('05), ടി വി കൊച്ചുബാവ അവാര്‍ഡ് ('06), വി സാംബശിവന്‍പുരസ്‌കാരം ('08), ഗള്‍ഫ് മലയാളി ഡോട്ട് കോം അവാര്‍ഡ് ('10) വൈസ് മെന്‍ ഇന്റന്‍നാഷണല്‍ എക്‌സലന്‍സ് അവാര്‍ഡ് ('10) ദുബൈ പ്രവാസി ബുക്ക് ട്രസ്റ്റ് അവാര്‍ഡ് (മൈലാഞ്ചിക്കാറ്റ് '12) കേരള എയ്ഡഡ് ഹയര്‍ സെക്കന്റി ടീച്ചേര്‍ഡ് അസോസിയേഷന്റെ പ്രഥമ അക്കാദമിക് കൗണ്‍സില്‍ അവാര്‍ഡ് (പാഠം മുപ്പത്: '13) എന്നിവ മറ്റു പ്രധാന അംഗീകാരങ്ങള്‍. ചില രചനകള്‍ സംസ്ഥാന സിലബസിലും പല യൂണിവേഴ്‌സിറ്റി സിലബസുകളിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 'വരൂ അടൂരിലേക്ക് പോകാം.' കൊളച്ചല്‍ മൂ യൂസുഫ് 'അടൂര്‍ ഗോപാലകൃഷ്ണന്‍ - ഇടം പൊരുള്‍ കലൈ' എന്ന പേരില്‍ തമിഴിലേക്കും (പ്രസാ. കാലച്ചുവട് പതിപ്പകം, നാഗര്‍കോവില്‍ - 2008) 'മൃത്യുയോഗം' ഡോ. അശോക് കുമാര്‍ 'മൃത്യുയോഗ' എന്ന പേരില്‍ കന്നടയിലേക്കും (പ്രസാ: കൂവമ്പ് ഭാഷാഭാരതി പ്രധികാര, ബാംഗ്ലൂര്‍ - 2009) വിവര്‍ത്തനം ചെയ്തിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ്, നാഷനല്‍ ബുക്ക് ട്രസ്റ്റിന്റെയും സംസ്ഥാന ഗവണ്‍മെന്റിന്റെയും മലയാള ഉപദേശക സമിതികള്‍, സംസ്ഥാന സാക്ഷരതാമിഷന്‍ മാസികയായ അക്ഷരകൈരളി പത്രാധിപസമിതി, കേന്ദ്രഗവണ്‍മെന്റിന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിങ് (എന്‍ ഐ ഒ എസ്) കരിക്കുലം കമ്മിറ്റി എന്നിവയില്‍ അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കേന്ദ്ര ഗവണ്‍മെന്റിന്റെ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ (രണ്ടുതവണ), സംസ്ഥാനഗവണ്‍മെന്റിന്റെ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി എന്നിവയുടെ ഗവേണിങ് ബോഡികള്‍, സംസ്ഥാന ടെലിവിഷന്‍ ജൂറി, സംസ്ഥാന സിനിമാജൂറി, എഴുത്തച്ഛന്‍ പുരസ്‌കാരസമിതി, കോഴിക്കോട് ആകാശവാണിയുടെ പ്രോഗ്രാം അഡ്‌വൈസറി ബോര്‍ഡ്, പ്രഥമ എഡ്യൂക്കേഷണല്‍ റിയാലിറ്റിഷോയായ 'ഹരിത വിദ്യാലയ'ത്തിന്റെ പര്‍മനന്റ് ജൂറി, കേരള ലളിതകലാ അക്കാദമി, കേന്ദ്ര സാഹിത്യ അക്കാദമി മലയാളം ഉപദേശക സമിതി എന്നിവയില്‍ അംഗമായിട്ടുണ്ട്. കോഴിക്കോട് മലയാളം പബ്ലിക്കേഷന്‍സിന്റെയും ഒലീവ് പബ്ലിക്കേഷന്‍സിന്റെയും ഓണററി എഡിറ്ററായിരുന്നു. കേരള സാഹിത്യ അക്കാദമിയുടെ പ്രസിദ്ധീകരണ വിഭാഗം കണ്‍വീനറായിരുന്നു. 2016 ഫെബ്രുവരി 17 ന് കോഴിക്കോട്ട് അന്തരിച്ചു. ഭാര്യ : വി ജമീല മക്കള്‍ : സിതാര, സുഹാന. വിലാസം : കക്കട്ടില്‍ പി ഒ, കോഴിക്കോട് ജില്ല – 673507 email : a.kakkattil@gmail.com, akbarkakkattil@hotmail.com