കാള്‍ മാര്‍ക്‌സിന്റെ ദര്‍ശനങ്ങള്‍ കാലപ്പഴക്കം വന്നതാണെന്ന് ബൂര്‍ഷ്വാ ദാര്‍ശനികര്‍ പറയാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഈ വാദത്തിന്റെ മുനയൊടിക്കുന്നതാണ് അലന്‍ വുഡ്‌സിന്റെ കാള്‍ മാര്‍ക്‌സിന്റെ ആശയങ്ങള്‍ എന്ന ഈ പുസ്തകം. ശാസ്ത്രത്തിന്റെ മുന്നേറ്റം മാര്‍ക്‌സിസ്റ്റ് ദര്‍ശനത്തെ ദുര്‍ബ്ബലമാക്കുകയല്ല, ശക്തിപ്പെടുത്തുകയാണെന്ന് അലന്‍ വുഡ്‌സ് നിരീക്ഷിക്കുന്നു. മുതലാളിത്തത്തില്‍ വന്നുചേരുന്ന പ്രതിസന്ധികള്‍ എന്തുകൊണ്ടാണെന്ന് കാള്‍ മാര്‍ക്‌സ് ഉള്‍പ്പെടെയുള്ളവര്‍ വിശദീകരിച്ചിട്ടുണ്ട്. ഈ നിരീക്ഷണത്തെ അലന്‍ വുഡ്‌സ് ബലപ്പെടുത്തുന്നു. മാര്‍ക്‌സിസ്റ്റ് ദര്‍ശനത്തിന്റെ അടിത്തറയായ വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദവും ചരിത്രപരമായ ഭൗതികവാദവും ആധുനികകാലത്ത് എപ്രകാരം നിലനില്ക്കുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരംകൂടിയാണീ പുസ്തകം.
മനുഷ്യനു മാത്രമല്ല സൂക്ഷ്മജീവികള്‍ ഉള്‍പ്പെടെ സകല ചരാചരങ്ങള്‍ക്കും അവകാശപ്പെട്ട ഈ ഭൂമിയിലെ ജീവിതം സുസാദ്ധ്യമാക്കാന്‍ ഉതകുന്ന തരത്തില്‍ ജീവിതത്തെ പുതുക്കിപ്പണിയേണ്ടതുണ്ട്. അതിലേക്കു തുറക്കുന്ന വാതായനങ്ങളാണ് കാള്‍ മാര്‍ക്‌സിന്റെ ആശയങ്ങള്‍. ഇന്ന് ജീവിച്ചിരിക്കുന്ന മാര്‍ക്‌സിസ്റ്റ് ദാര്‍ശനികരില്‍ പ്രമുഖനായ അലന്‍ വുഡ്‌സിന്റെ ഈ രചന ദാര്‍ശനിക ഗരിമകൊണ്ടും ലാളിത്യംകൊണ്ടും ശ്രദ്ധേയമാവുന്നു.